എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. നിലവില്‍ കേരള പോലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഇനി മുതല്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന വന്‍ സന്നാഹമാണ് ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കുക. ബുളളറ്റ് പ്രൂഫ് വാഹനവും ഗവര്‍ണറുടെ യാത്രകള്‍ക്കായി ഒരുക്കും. രാജ്യത്ത് ആകെ 45 പേര്‍ക്ക് മാത്രമാണ് നിലവില്‍ സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയുളളത്. എസ്പിജി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനം ആണിത്.

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തത് അടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശക്തമായ പോര് ആണ് സംസ്ഥാനത്ത് നിലവിലുളളത്. അതിനിടെയാണ് സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കുന്നു എന്നാരോപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് കൊല്ലം നിലമേലില്‍ ഗവര്‍ണറുടെ വാഹനം കടന്ന് പോകവേ എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ ആണ് അരങ്ങേറിയത്.

കാറില്‍ നിന്നിറങ്ങി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സമീപത്തേക്ക് കുതിച്ച ഗവര്‍ണര്‍ റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. അതിനിടെ അമിത് ഷായോട് സംസാരിക്കാനും പ്രധാനമന്ത്രിയെ വിളിക്കാനും അടക്കം തന്റെ ജീവനക്കാരോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയുണ്ടായി. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എഫ്‌ഐആര്‍ കാണിച്ചതിന് ശേഷം മാത്രമാണ് ഗവര്‍ണര്‍ കാറില്‍ കയറാന്‍ തയ്യാറായത്. പ്രതിഷേധിച്ച 17 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

By ivayana