വായിക്കാതെ അനാഥമാക്കുന്ന
കവിതകൾ തളർന്നുവീണ്
മരിക്കുമത്രേ…..!!
വായനകൊണ്ട് മാത്രം
ആത്മശാന്തി ലഭിക്കാത്ത
ചില കവിതകളുമുണ്ട്.
ഒന്ന് ശ്രദ്ധിക്കൂ,
നിങ്ങളിപ്പോൾ കേൾക്കുന്നില്ലേ?
കൊഴിഞ്ഞുവീഴുന്ന
ഓരോ തുള്ളി കണ്ണുനീരിന്നിടയിലൂടെ
ചില കവിതകൾ പതംപറയുന്നത്,
ഹൃദയം കോർത്തെഴുതുമ്പോൾ
പൊടിഞ്ഞുവീണ
ഹൃദയത്തുണ്ടും,
രക്തത്തുള്ളികളും കാണാതെ,
അർഥം മനസ്സിലാക്കാതെ
നിങ്ങളെന്നിലേക്കിടുന്ന
ഓരോ ഇഷ്ടവും,
വാക്കിൻത്തുമ്പുകളും
എനിക്കെന്ത് നൊമ്പരമാണെന്നോ!!
ഹേ മനുഷ്യരെ,
ചേർത്തുപിടിക്കുമ്പോൾ,
ഉള്ളാഴങ്ങളിൽ പ്രവേശിക്കുമ്പോൾ
ഉൾത്തുടിപ്പറിയാൻ ശ്രമിക്കണേ!

സഫി അലി താഹ

By ivayana