രചന : ജിനി വിനോദ് ✍
ചലനമറ്റ്
ജീർണ്ണിച്ച ദേഹമേ
ഇനി നീയെരിഞ്ഞുകൊൾക !
നാളിതുവരെ
നിന്നിൽ താങ്ങിയതെക്കെയും
കൂടെയെരിഞ്ഞിടട്ടെ
തീനാളങ്ങൾ നിന്റെ
മേലാകെ പടർന്നിട്ടും
നെഞ്ചു മാത്രം വെന്തില്ലെന്ന്
ആരോ വെറും വാക്ക്
പറഞ്ഞതെന്തേ….?
നീറുന്ന കദനക്കനലേറ്റ്
അതെന്നേ പൊള്ളിയടർന്ന്
പോയതാണെന്നറിഞ്ഞില്ലന്നോ….?
നീ നട്ടു നനച്ചതിനെയോർത്ത്
സങ്കടപെടേണ്ടതില്ല
അതിനിയും പൂത്ത് തളിർക്കും
രാവും പകലും
പതിവ്പോലുണരും
ആർത്തലച്ചു കരഞ്ഞ മിഴികൾ
തോരുക തന്നെ ചെയ്യും
കരുതളുകളെല്ലാം
പാഴാകു മെന്നോരാധിയും വേണ്ടാ
കനമുള്ളതെക്കെ പങ്കിട്ടും
മറ്റേതവർ ചുട്ടും കളഞ്ഞു കൊള്ളും
നിന്റെ ഓർമ്മകളെന്നും
അവർക്കെപ്പമെന്ന്
നീ വെറുതെ മോഹിക്കരുത്
കുറച്ചു നാളവിടെ തങ്ങി നിന്നിട്ട്
ഒടുവിലത് കൂടെ പോന്നുകൊള്ളും
കാലം ഒരുനാൾ
പഴകിയ ഓർമ്മകൾക്ക്
മറയാകുമെന്നിരിക്കേ
ഇത്ര നാളും ഭൂമിയിൽ
ബന്ധങ്ങൾക്ക് ബന്ധുവായ ദേഹമേ
ഇനി നീ സ്വസ്ഥമായെരിഞ്ഞുകൊൾക !