വർഷങ്ങൾക്ക് മുന്നെ ജോലി ചെയ്ത പട്ടണത്തിൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ തീരുമാനിച്ച ദിവസം അവിടെ ഉള്ള പഴയ സഹപ്രവർത്തകരെ പ്രകാശൻ ഓർത്തെടുത്തു..
ഫോൺ നമ്പർ തിരഞ്ഞു.. വല്ലപ്പോയും വിളിക്കാറുള്ളവരെ ഫോണിൽ വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ അങ്ങോട്ട് വരുന്ന കാര്യവും പറഞ്ഞു. ഒരു ദിവസം രാത്രി തങ്ങാനുള്ള രീതിയിൽ വരണമെന്ന് സ്വീകരണവും കിട്ടി.
ജോലിത്തിരക്കിൽ രാത്രി സമയം മാത്രമേ കുറച്ച് നേരം കൂടിയിരിക്കാൻ പറ്റുള്ളു എന്ന ദൈന്യതയും പങ്കിട്ടു.
സമാഗമത്തിന് എല്ലാവരിലും ഇഷ്ടവും സന്തോഷവും കണ്ടു..
ശരി അവിടെയെത്തിയാൽ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
മറ്റ് ചിലർക്ക് അങ്ങോട്ട് വരുന്ന കാര്യം വെറുതെ മെസേജ് അയച്ചു.. ദിവസവും,
പരിപാടിയെപ്പറ്റിയൊന്നും പറഞ്ഞില്ല..
സ്വാഗതം എന്ന മറുകുറിപ്പ് ഒരാളിൽ നിന്ന് മാത്രം വന്നു..
അന്ന് രാത്രി ചിലരെ ഫോണിൽ വിളിച്ച് കുശലാന്വേഷണങ്ങളും മറ്റു കാര്യങ്ങളും സംസാരിച്ചു. കൂടെയുണ്ടായിരുന്നവരെക്കുറിച്ചും ചോദിച്ചു.. തമ്മിൽ കണക്ഷൻ ഉള്ളവരയൊക്കെ നിങ്ങൾ വിളിച്ചോളൂ..
ഒന്നു കൂടിയിരിക്കാലൊ. അവിടെ എത്തിയാൽ ഞാൻ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു..
അടുത്താഴ്ചയാണ് പരിപാടി.
പോകാനും വരാനുമുള്ള Train ടിക്കറ്റ് ബുക്ക് ചെയ്തു. മറ്റ് ജോലി കാര്യങ്ങളിൽ തിരക്കിലായി.
ഒരോ ദിവസവും മാറി മറിയുന്ന ജീവിതമല്ലേ…
പോകുന്ന ദിവസം രാവിലെ വാട്സാപ്പിൽ റിമൈൻഡർ കൊടുത്തതിന് ശേഷം ഉച്ചക്കുള്ള വണ്ടിയിൽ പുറപ്പെട്ടു… വൈകീട്ടോടെ ഓർമകൾ വണ്ടി കയറ്റിയ സ്റ്റേഷനിൽ ഞാൻ ഇറങ്ങി..
അതേ തിരക്കും തീവണ്ടി മണവും..
സമാന്തരമായ വേഗതയിലുള്ള ജീവിതമാണ്
റെയിൽവേ സ്റ്റേഷനിലെ മനുഷ്യർക്ക്.
യാത്രയാവുന്നവരുടെ വിരഹവും ആശങ്കയും തലയിലാക്കി, കെട്ടുകളായ് വലിച്ചു നടക്കുന്നവർ..
ഓർമകൾ ഫ്ലാറ്റ്ഫോമിൽ ആരെയോ തിരയുന്നുണ്ടായിരുന്നു.
പിറകോട്ട് തിരിഞ്ഞ് നോക്കുന്ന കറുത്ത കണ്ണുകൾ ആരെയോ വിളിക്കുന്നു.
എന്നെയല്ലന്നറിഞ്ഞപ്പോൾ ചമ്മിപ്പോയി.
വർഷം പലതു കഴിഞ്ഞിട്ടും എങ്ങിനെ ഇരുന്നാലും ഊരിവരുന്ന റെയിൽവ്വേ സ്റ്റേഷനിലെ സ്റ്റീൽ കസേര പോലെ മനസ്സ്.
വന്ന കാര്യങ്ങൾ പെട്ടന്ന് ചെയ്ത് തീർക്കണം
നഗരത്തിലെ തിരക്കിലേക്ക് പ്രകാശനും നടന്നു കയറി. പരസ്പരം തിരിച്ചറിയാത്ത നൂറ് കണക്കിനാളുകൾ.. മുഖത്ത് പോലും നോക്കാതെ നടന്ന് പോകുന്നവർ .
എല്ലാ ഭാരതീയരും എൻ്റെ സഹോദരങ്ങൾ എന്ന് ഇവരും പണ്ട് സ്കൂളിൽ നിന്ന് പഠിച്ചിട്ടുണ്ടാവില്ലേ.. ജീവിത തിരക്കിനിടെ എല്ലാവരും മറന്നു പോയതാകും…
കുറെ വർഷം ജോലി ചെയ്ത നഗരം ആകെ മാറിയിരിക്കുന്നു.. തിരക്ക് അന്നത്തേതിലും കൂടിയിട്ടുണ്ട്. കുണ്ടും കുഴിയും കുറഞ്ഞിട്ടുണ്ട്. ചെറിയ റോഡുകളൊക്കെ സിമൻറ് കട്ടകൾ പാകിയിട്ടിട്ടുണ്ട്. ഓട്ടോക്കാർക് മാത്രം ഒരു മാറ്റവുമില്ല.
തലങ്ങും വിലങ്ങും നിർത്തിയിട്ട് പുറത്തേക്ക് ആരെയോ നോക്കിയിരിക്കുന്നുണ്ട്.
ഓട്ടം വരുമെന്ന പ്രതീഷ.
മൂന്ന് വർഷം ..
ഞായറാഴ്ച ഒഴികെ
ഇതിലെയാണ് നിത്യവും ഓഫീസിൽ നിന്ന് വൈകീട്ട് സ്റ്റേഷനിലേക്ക് നടന്ന് വരാറുള്ളത്.. ട്രെയിൻ വരുന്നത് വരെ നീണ്ട കാത്തിരിപ്പാണ് . പ്രകാശൻ സ്റ്റേഷനിലെത്തുമ്പോഴേക്കും അവൾ വീട്ടിലെത്തിയിരിക്കും. പിന്നെ
അവളുടെ ഫോൺ കോൾ വരും…
ഒരു പാട് ഫോണിൽ സംസാരിക്കും എന്താണ് നിർത്താതെ അന്ന് പറഞ്ഞിരുന്നത്. ഓർത്തിട്ടും ഒന്നും ഓർമ്മയില്ല…
ഫ്ലാറ്റ് ഫോമിൽ തിരക്ക് കുറവുള്ള ഒരു ഭാഗത്ത് മാറി നിന്ന്, വാതോരാതെ സംസാരിക്കും.. ഇഷ്ടത്തിൽ പൊതിഞ്ഞ വാക്കുകൾക് ക്യാരറ്റ് ജ്യൂസ് കുടിക്കുന്ന ഇഷ്ടമാണന്ന് ഒരിക്കൽ വെറുതെ പറഞ്ഞതോർമ്മയുണ്ട്. ഇഷ്ടം പറയാതെ തന്നെ, വല്ലാതെ ഇഷ്ടപ്പെടുന്ന രണ്ട് സൗഹൃദം. ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ അമ്മയോടും പ്രകാശാട്ടനാണമ്മേയെന്ന് ഉച്ചത്തിൽ പറയുന്നതും കേട്ടിട്ടുണ്ട്.
തന്നെപ്പറ്റി അവരോടും അവൾ പറഞ്ഞതിൻ്റെ സുതാര്യത . എല്ലാം തുറന്ന് പറയുന്ന സൗഹൃദത്തിനെയും
പ്രണയമാണന്ന് പറയാൻ പറ്റാത്ത ഒരോ
ഇഷ്ടത്തിനെയും എന്തു വിളിക്കും.
ഉത്തരമില്ലാത്ത ഒരു തരം പുഞ്ചിരി മുഖത്ത് വിരിഞ്ഞു…
ഡെപ്യൂട്ടേഷൻ ടൈം കഴിഞ്ഞ് തിരിച്ച് വന്നിട്ടും ദൂരം ദൂരം വിളിക്കാറുണ്ട്. വിശേഷ ദിവസങ്ങളിൽ മെസേജ് അയക്കാറുണ്ട്.. എന്നിട്ടും തമാശക്ക് പോലും ആരാ… എന്ന ചോദ്യത്തിന് ഇതുവരെ രണ്ടാളും ഉത്തരം പറഞ്ഞിട്ടില്ല
അങ്ങിനെയും ചില ബന്ധങ്ങൾ ഈ നഗരത്തിൽ ചിരിക്കുന്നുണ്ട്.
ഇവിടേക്ക് വരാൻ തീരുമാനിച്ച ദിവസം ആദ്യം മെസേജ് അയച്ചത് അവൾക്കാണ്.
മറുപടിയൊന്നും അന്ന് കണ്ടില്ല.
പിറ്റേന്ന് വൈകീട്ട് തിരിച്ചു വിളിച്ചു..
കാര്യങ്ങൾ തിരക്കി.. കുടുബവിശേഷങ്ങൾ പറഞ്ഞു… സുഖമാണന്ന് കേൾക്കാനും സുഖമാണന്ന് അവൾ ചിരിച്ചു കൊണ്ട് മറുപടിയും പറഞ്ഞു.
സുഖമുള്ള വാക്കുകൾ ഇഷ്ടമുള്ളവർക്കേ പറയാനാവൂ.. അത് കേൾക്കാനും ഭാഗ്യം വേണം..ആത്മഗതം .വീണ്ടും ചിരിക്കുന്നതിനിടെ സ്വരം മാറി.
രണ്ട് മൂന്ന് ദിവസമായി ചെറിയ കുട്ടിക്ക് പനിയാണ്. ഇന്ന് കുറവുണ്ട്.
പറ്റുമെങ്കിൽ വരും..നേരിൽ കാണാമെന്നും പറഞ്ഞിരുന്നു.
ഈ മഹാനഗരത്തിൽ എത്തിയ ദിവസത്തെ കാര്യങ്ങൾ കഴിഞ്ഞതിന് ശേഷം മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറിയിലെത്തി. കുളിച്ച് മാറ്റി റൂമിൽ വെറുതെയിരിക്കുന്നു. സമയം 7 മണിയായിക്കാണും. കാണാമെന്ന് പറഞ്ഞ ചങ്ങാതിമാരിൽ ഒരാൾ വിളിച്ചു. ഹോട്ടലിൻ്റെ പേരും റൂം നമ്പറും പറഞ്ഞു കൊടുത്തു.
വേറെയാരും വന്നില്ലേ..? എന്ന ചോദ്യവും.
ഷാജി വിളിച്ചു .. അവൻ ഒരോ പ്രശ്നങ്ങൾ പറഞ്ഞു. കാത്ത് നിൽക്കണ്ടന്ന് പറഞ്ഞു.
ലേറ്റായാലും ,വരും എന്ന് പറഞ്ഞു.
.
താൻ അവനെ ഒന്ന് വിളിച്ച് നോക്കൂ…!
എന്നു പറഞ്ഞു ഫോൺ കട്ടായി .
അര മണിക്കുറിനുള്ളിൽ അവൻ വന്നു.
കുറെ വിശേഷങ്ങൾ..കുടുബം.. ജോലി..
വീട്പണി.. കുട്ടികളുടെ പഠിത്തം.. അങ്ങിനെ പോയി. കുശലാന്വേഷണത്തിനിടെ
വെറെയാരും ഇല്ലങ്കിൽ അര വാങ്ങിയാൽ പോരെ..
ഉം… ഒരു ബീയർ ആയാലും .എനിക്ക് മതി.
ഏയ് അത് വേണ്ടാ…
എന്നാൽ വാ സാധനം വാങ്ങിയിട്ട് വരാം
അടുത്ത ജഗ്ഷനിൽ കിട്ടും.. എന്ന് പറഞ്ഞ് അവൻ എണീറ്റു..
സെൽഫ് സർവ്വീസ് സെക്ഷനിലും നല്ല തിരക്ക്.. അരയൊന്നും കിട്ടാനില്ല..
ശരി ഒന്നാണങ്കിൽ ഒന്ന് അതെടുക്ക്..
ബില്ലും കൊടുത്ത് താഴത്തെ കടയിൽ നിന്ന് മൂന്ന് ഓംലറ്റ് വാങ്ങി റൂമിലേക്ക് വന്നു..
ക്ഷണിച്ചവരും വിളിച്ചവരിൽ ചിലരും പെട്ടന്നുണ്ടായ അസൗകര്യങ്ങൾ നിരത്തി. പലരും ഉണ്ടാവില്ലന്നായപ്പോൾ ,
കുറച്ച് കാലമായി ഒരു കമ്പനിയിൽ ഇവിടെ
മറ്റൊരു സൂഹൃത്ത് ജോലി ചെയ്യുന്നുണ്ട്. അവനെ വെറുതെ വിളിച്ചു നോക്കി.
ഹലോ ഗിരീഷ് ..എവിടെയുണ്ടടോ.!
ഹലോ എവിടുന്നാണ് താൻ വിളിക്കുന്നത്..?
എന്ന ചോദ്യമായിരുന്നു ഉത്തരം.
എന്തോ അറിഞ്ഞതു പോലുള്ള ചോദ്യം..
പിന്നെ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു.
ഹോട്ടലിൻ്റെ പേരും റൂം നമ്പറും പറഞ്ഞു
അവൻ സ്ഥലത്തില്ല.. രാത്രി 10.30 ൻ്റെ ശതാബ്ദിക്ക് എത്തും .. ഈ ഹോട്ടലിന് അടുത്താണ് അവൻ്റെയും flat എന്ന്.
എത്തിയാൽ റൂമിലേക്ക് വരും എന്ന് പറഞ്ഞ്
ഇന്ന് അവിടെ തങ്ങാം .. വലിയ ഉത്സാഹം.. ഒറ്റക്ക് കിടക്കണ്ടല്ലോ എന്ന് ഞാനും
ഫോൺ കട്ടായി .
കുറെ കാലത്തിന് ശേഷം കാണുന്നവരേയും കൂട്ടുകാരെയും ഇത്തിരി നേരം പിടിച്ചിരുത്താൻ ഇതിനോളം ശക്തിയുള്ള മറ്റൊരു ആയുധവും വേറേയില്ല
ഓഫീസു കാര്യങ്ങളും ജോലിയിലെ മറ്റ് പ്രശ്നങ്ങളും പറയുന്നതിനിടെ സുരേഷും ഷാജിയും വന്നു. അവരും കൂടെയിരുന്നു..
സന്തോഷമുള്ള നല്ല മൂഡിലായിരുന്നു എല്ലാവരുടെയും സംസാരങ്ങൾ. തമാശകൾ
നേരം പോയതറിഞ്ഞില്ല.
സമയം പത്ത് മണിയാകാറായി.
തൻ്റെ മറ്റൊരു സുഹൃത്ത് ഇവിടെ ഒരു കമ്പനിയിൽ കുറച്ച് കാലമായി വർക്ക് ചെയ്യുന്നുണ്ട് .രാത്രി വണ്ടിയിൽ അവൻ ഇവിടെയെത്തുന്ന കാര്യവും അതിനിടെ കൂടെയുള്ളവരോട് പറഞ്ഞിരുന്നു.
അവന് കൊടുക്കാൻ കുറച്ച് ബാക്കിവെച്ച് എല്ലാവരും എണീറ്റു..
കൂടുതൽ നേരം കൂടാൻ പറ്റാത്തതിന് ക്ഷമയും പറഞ്ഞ് ഭക്ഷണത്തിന് നിൽക്കാതെ സുരേഷും ഷാജിയും യാത്ര പറഞ്ഞു.
നമ്മൾ രണ്ടു പേരും രാത്രി ഭക്ഷണവും കഴിച്ച് ഹോട്ടലിൻ്റെ മുന്നിൽ റോഡരികിൽ നിൽക്കുമ്പോൾ ഗിരീഷിൻ്റെ ഫോൺ വന്നു.
സ്ഥലം പറഞ്ഞിട്ടും മനസിലാവാത്തത് കൊണ്ട്.. ഫോണിൽ ലൊക്കേഷൻ ഇട്ടു കൊടുത്തു… കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൻ ആക്ടിവ സ്കൂട്ടറിൽ വന്നു. രണ്ട് പേ സുഹൃത്തിനെയും പരസ്പരം പരിചയപ്പെടുത്തി..
അവൻ യാത്രയും പറഞ്ഞ് അവൻ്റെ വീട്ടിലേക്ക് പോയി.
ഞാനും ഗിരിഷും ഹോട്ടൽ റൂമിലേക്ക് പോന്നു…. പോകുന്ന വഴിയിലും യാത്രാക്ഷീണത്തോടെ ജോലിയിലെ ഇഷ്ടക്കുറവും പുതിയതിന് ശ്രമിക്കുന്നുണ്ട് എന്നും തുടങ്ങി അവൻ നിർത്താതെ സംസാരിച്ചുകൊണ്ട് ഹോട്ടലിലെത്തി ..
നമ്മുടെ റൂമിൽക്കയറി .. ബാഗ് ടാബിളിൽ വെച്ചു.. ഡ്രസ്സ് മാറണ്ട… ഫുഡ് പുറത്ത് പോയി കഴിക്കണ്ടേ..
അവനായ് വെച്ചതിൽ ചെറുത് രണ്ട് ഒഴിച്ചു.
എന്നിട്ടും ബാക്കി..
തനിക്ക് വേണ്ടന്ന് പ്രകാശൻ പറഞ്ഞു. സ്കൂട്ടറിൽ ഇങ്ങോട്ട് വരുമ്പോഴും
അവൻ താമസിക്കുന്ന ഫ്ലാറ്റ് ഇതേ റോഡിൽ ഒരു കിലോമീറ്ററിനടുത്താണ് എന്ന് പറഞ്ഞു കൊണ്ടിരുന്നു. കുറെക്കാലത്തിന് ശേഷം കാണുന്നതല്ലേ..നിർത്താത്ത സംസാരം
ഏറെ വൈകിയപ്പോൾ ഭക്ഷണം കഴിക്കാനായി റൂം പൂട്ടി പുറത്തിറങ്ങി. രണ്ടാളും നോർമൽ കണ്ടീഷൻ ഉറപ്പാക്കി.
നമ്മൾ ഭക്ഷണം കഴിച്ച ഹോട്ടലിലേക്ക് വിടൂ എന്ന് പറഞ്ഞു വണ്ടിയിൽ കയറി.
സ്കൂട്ടറിന് എന്തോ നേരെ പോകാൻ പറ്റുന്നില്ലന്ന് നൂറ് മീറ്റർ ഓടുന്നതിന് മുന്നെ എനിക്ക് മനസിലായി.
ഗിരിഷിൻ്റെ സംസാരവും ബൈക്കിനെപ്പോലെ വളവുകളിൽ നിന്ന് പെട്ടന്ന് നിവരാതായി.
വേഗത കുറക്കാൻ ഞാൻ പറയുന്നുണ്ട് അവൻ കേൾക്കുന്നില്ല..
ഗിരീഷ് വണ്ടി ഇവിടെ വെക്കൂ.. നടന്നിട്ട് പോകാം.. പറയുന്നതിനല്ല അവൻ മറുപടി പറയുന്നത്.
പോലീസ് പിടിച്ചാൽ രണ്ടാളും കുടുങ്ങും.
ഒരോ വയ്യാവേലിയായല്ലോ…!
നടന്നിട്ടു പോകാം.. നിർത്തൂ..
അവൻ സമ്മതിക്കുന്നില്ല..
നിർത്തൂ.. നിർത്തൂ. എന്ന് ഞാനും.
ഇതാ ഇവിടെയെത്തി… എത്തി. എന്നവനും
പറയുന്നുണ്ടായിരുന്നു.
മെയിൻ റോഡ് എത്താനായപ്പോൾ അവൻ്റെ ഫ്ലാറ്റ് കാണിക്കാമെന്ന് പറഞ്ഞിട്ട് സ്കൂട്ടർ വേറൊരു റോഡിലേക്ക് പെട്ടന്ന് തിരിച്ചു.
വേഗതയും കൂട്ടി.
ഇപ്പോൾ പോകണ്ടാ എന്ന് പറയുന്നത് അവൻ കേൾക്കുന്നില്ല.
ഒരുതരം ഉന്മാദം.. ഇന്ന് രാത്രി നമുക്ക് അഘോഷിക്കണം.. എന്ന് .
ബേക്കിലിരുന്ന ഞാൻ ഒച്ചവെച്ച് ശകാരിച്ചപ്പോൾ വേഗത കുറച്ച്..
നിർത്തുന്നില്ല വണ്ടിയും സംസാരവും.
പിന്നിൽ വരുന്നവർക്ക് മറികടക്കാനാവാത്ത രീതിയിലാണ് സ്കൂട്ടർ പോകുന്നത്.
വളഞ്ഞ് പുളഞ്ഞ് പാമ്പിനെപ്പോലെ..
ദൈവത്തിനെ വിളിക്കാൻ മാത്രം പറ്റുന്ന നിസ്സഹായത.. എന്ത് പറഞ്ഞിട്ടും നിർത്താതെ ഒരു പാട് ദൂരം കഴിഞ്ഞ്. ഒരു വളവിൽ ഒരു ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ വണ്ടി നിർത്തി.
ഇതാണ് എൻ്റെ വീട് എന്ന് പറഞ്ഞു
ചൂണ്ടിക്കാണിച്ചു തന്നു.
വാ കയറീട്ട് പോകാമെന്ന്..
സമയം രാത്രി പന്ത്രണ്ടര.
തൻ്റെ എല്ലാ നിയന്ത്രണവും വിട്ട് പോകുന്ന അവസ്ഥ. ദേഷ്യം കൊണ്ട്
എൻ്റെ മുഖവും സ്വരവും മാറി.
എന്തിനാ ഇപ്പോൾ ഇവിടെ വന്നത്…?
ദേഷ്യത്തോടെ ചോദിച്ചു..
കണ്ണുകളിൽ അവൻ അത് കണ്ടു.
അവന് കാര്യം മനസിലായി.
തിരിച്ച് പോകാം …
ഒരു കിലോമീറ്ററോളം തിരിച്ച് പോകണം
ദൈവങ്ങൾ മാത്രം തുണ..
അടികൊണ്ട പാമ്പ് പോകുന്ന പോലെ നഗരത്തിലെ റോഡിലൂടെ പാതിരാത്രിക്ക് രണ്ട് അപരിചിതർ.. എന്തെങ്കിലും സംഭവിച്ചാൽ.. എന്തു ചെയ്യും.
വേലിയിലെ പാമ്പിനെ തോളത്തിട്ട കഥ കേട്ടിട്ടുണ്ട് ..
പോലീസ് പിടിച്ചാൽ പല വകുപ്പുകളും ചാർത്തി കിട്ടും. നാളത്തെ എൻ്റെ പരിപാടിയും കുളമാകും. നാണക്കേടും.
വലിയ കമ്പനിയിൽ ഹയർ പോസ്റ്റിലിരിക്കുന്നവനാണന്ന ബോധം പോലും അവനില്ല. കറങ്ങുന്ന ഭൂമിയും നമ്മളും പാതിരാത്രിയിൽ ഒരു പരിചയക്കാരുമില്ലാത്ത പട്ടണത്തിൽ ഹെൽമറ്റില്ലാതെ മദ്യപിച്ച് ,സ്കൂട്ടറിൽ
കറങ്ങുകയാണ്‌..
എൻ്റെ സന്തോഷം നേരത്തേ പോയിരുന്നു.
ഭയം സിരകളിലൂടെ ഓടിക്കയറി..
നാണക്കേടും അപകടവും നേരിൽ കാണാൻ തുടങ്ങി.ഓർക്കാൻ പറ്റുന്നില്ല..
ഒരോ വളവിലും വണ്ടി നിർത്താൻ ഞാൻ ഒച്ചയോടെ പറഞ്ഞു കൊണ്ടിരിന്നു.. പ്രശ്നമില്ലന്ന് അവനും. പിറുപിറുക്കുന്നു.. നമ്മളെയും ഓവർ ടേക്ക് ചെയ്ത് പോയ രണ്ട് വണ്ടിക്കാർ തെറി പറഞ്ഞു. എൻ്റെ തൊലിയുരിഞ്ഞ് പോയി. അവൻ അത് കേട്ടില്ലായിരിക്കും. ബോധമില്ലാത്തവന് എന്ത് തെറി വിളി.
അടുത്ത ജഗ്ഷനിലെത്തിയപ്പോൾ സ്ഫീഡ് കുറച്ച നേരത്ത് ഞാൻ കാലു കുത്തി. ദേഷ്യത്തോടെ നിർത്താൻ പറഞ്ഞു.
ചാടിയിറങ്ങി..
വണ്ടി സൈഡാക്കി നിർത്തിയിട്ടു.
തുപ്പാനും ഇറക്കാനും പറ്റാത്ത അവസ്ഥ .
സമാധാനമായി.
ഇനി നടക്കാമെന്ന് അവനും തോന്നിയിരിക്കാം..
മുന്നോട്ട് കുറച്ച് നടന്നപ്പോൾ രാത്രി മാത്രം തുറക്കുന്ന തട്ട് കടകൾ കണ്ടു. തെരുവിൻ്റെ കഥയിലെ ഒരു പാട് കഥാപാങ്ങൾ പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ..
രാത്രിസഞ്ചാരികളും.. അവസാനത്തെ കസ്റ്റമറായ് നമ്മളും അവിടെയെത്തി.
നിൽക്കാൻ പറ്റുന്നില്ല. കാലുറക്കുന്നില്ല.
അവൻ ആടികൊണ്ടിരിക്കുന്നു.
ഇരിക്കണോന്ന് ചോദിച്ചു..
ഇരിക്കാനുള്ള കലുങ്കിൽ പാതയോരത്ത് അന്തിയുറങ്ങുന്നവർ സ്ഥലം പിടിച്ചിരിക്കുന്നു. അവിടെ എങ്ങിനെ പോയി ഇരിക്കും..
നിർത്തിയിട്ട ഒരു ബൈക്കിന് ചാരിയിരുന്ന് അവൻ ഭക്ഷണം കഴിച്ചു.
വൈകീട്ട് ഒന്നും കഴിച്ചിട്ടില്ലായിരിക്കും. അതാണ് ഇത്ര പെട്ടന്ന് ബാലൻസ് പോയിട്ടുണ്ടാവുക.
തീറ്റി കണ്ടാലറിയാം അവന് നല്ല വിശപ്പുണ്ടായിരുന്നു.
പണ്ട് രണ്ടിലും മൂന്നിലും ഇങ്ങിനെയല്ലായിരുന്നു…
കുറെക്കാലത്തിന് ശേഷം കാണുന്നതല്ലേ..
പുതിയ കാലത്തെ സ്റ്റാമിനയെപ്പറ്റി അറിയില്ലല്ലോ..
ആരുടെയോ ഭാഗ്യത്തിന് അപകടം ഒന്നും സംഭവിച്ചില്ല.
മാത്രമല്ല പരിചയക്കാർ ആരും കണ്ടില്ല.
ഒരു വിധം പണവും കൊടുത്ത് അവിടെ നിന്ന് സ്കൂട്ടർ വെച്ച ഭാഗത്തേക്ക് അവനെയും കൂട്ടി നടന്നു. അപ്പോഴും ആടിക്കൊണ്ടിരിക്കുന്നു..
ഒരു പരിചയവുമില്ലാത്ത ആ നഗരത്തിൽ അവൻ്റെ ഹെൽമറ്റ് പോലും ലോക്കാക്കാതെ കട്ട്റോഡിന്റെ ഒരു വശത്ത് സ്കൂട്ടർ സൈഡാക്കി വെച്ചു. താക്കോലെടുത്തു.
ഞാൻ ഒരു ഓട്ടോക്കാരനെ കൈമാടി വിളിച്ചു..ഹോട്ടലിൻ്റെ പേര് പറഞ്ഞ് ചാർജ് ചോദിച്ചു. ഒകെ
ഓട്ടോയിൽ കയറിയ ഉടനെ അവൻ എൻ്റെ ചുമലിലേക്ക് ചാഞ്ഞു. പാവം..
ഹോട്ടലിൽ എത്തിയപ്പോൾ സെക്യൂരിറ്റി ക്കാരൻ്റെ മുഖത്ത് നോക്കിയില്ല.
ആടിയാടിയവൻ നടന്ന് ലിഫ്റ്റിൽക്കയറി.. 630 നമ്പർ റൂമിൽ എത്തിയതും അവൻ കിടക്കയിലേക്ക് ചെരിഞ്ഞു. കിടന്ന ഉടനെ നല്ല ഉറക്കം. ഉറക്കം കിട്ടാതെ ഞാനും അടുത്ത കിടക്കയിൽ കിടന്നു. ഉറക്കത്തിലും അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

മധു മാവില

By ivayana