എങ്ങനെ ലോകത്തിൻ്റെ-
യുള്ളകങ്ങളെ നീറ്റും
തിന്മയെ തകർത്തിടും?
ഭൂമി നൊന്തു കേഴുന്നു…
വാനവും പാതാളവും
ചുട്ടെരിക്കുവാൻ നീണ്ട
തീ നഖങ്ങളിൽക്കോർത്തു
വലിക്കും കഴുകിനെ
കണ്ണിലും കണ്ണീരിലും
ചോരവാർന്നൊലിക്കുന്ന
കുഞ്ഞു ചേതനകളിൽ
കൊക്കു കോർത്തവർ,
ക്രൂരമീ ലോകത്തിൻ്റെ
ഗതിയിൽ ഗതാവേഗ-
മാകവേ സ്വരുക്കൂട്ടി-
ക്കുതിക്കും കരങ്ങളെ
ആരൊടുക്കുമോ? വെന്തു-
തീരുമോ സമൂലവും?
പാരിലെ ദയാ സ്നേഹ-
മൊക്കെയും കെടുന്നുവോ?
കൂരിരുൾ പരക്കുന്നു
അഗ്നി ഭീകരാകൃതി
പൂണ്ടിരമ്പുന്നു വീണ്ടും
മൗനമാകുന്നൂ ധര…..
ധീരതയിതോ? നിരാ-
ലംബരെ തെളിച്ചിട്ടു
ചാരമാക്കുവാൻ നിൻ്റെ
ആയുധം പണിഞ്ഞതാർ?
ശസ്ത്ര ശാസ്ത്രവേഗങ്ങ_
ളൊക്കെയും മനുഷ്യൻ്റെ
നില്പിനാണവലംബം,
തീർത്തൊടുക്കുവാനല്ല;
ജീവനെ, ഒരു കുഞ്ഞു –
പൂവിനെ വീണ്ടും പുനർ-
ജീവനം നൽകാൻ നിൻ്റെ
ശാസ്ത്രമേതു പോരുമോ?
ഭൂമി രൗദ്രമായ്; തൻ്റെ
കുഞ്ഞു മേലുടുപ്പുകൾ
ഈ വിധം നക്തം ദിവം
ചോരയിൽ മുക്കുന്നിവർ;
യാതന, നിരാശ്രയ
രോദനം, പലായന
ഭീതിയിൽ ഞെരുക്കിയോ-
രൊക്കെയും ഉയിർത്തിടും….
വാർന്നു വീണതൊക്കെയും
മുളയ്ക്കും, മണ്ണിൽ നിന്നും
തീവ്രമാം വെറുപ്പിൻ്റെ
തീക്ഷ്ണ നാളങ്ങൾ പൊങ്ങും…
ആയുരുക്കത്തിൽ നിൻ്റെ
ചാപ തൂണീരങ്ങളും
തേരുമാ തേർവാഴ്ചയും
മുടിക്കും; മടക്കത്തിൻ
ചരിത്രം വീണ്ടും കാലം
രചിക്കും, അവസാന
വിധി വന്നിടും, വാഴ്വിൻ
നീതിപീഠമാണു ഞാൻ……


(ഇന്ന് മുംബൈയിൽ മലയാളം ഫിലിം ചേംബർ നടത്തിയ കേരളീയം പരിപാടിയിൽ അവതരിപ്പിച്ച കവിത)

ഷാജി നായരമ്പലം

By ivayana