രചന : രാജു കാഞ്ഞിരങ്ങാട്✍
ഓർമ്മകൾ നാട്ടിൻ പുറത്തെ
ഇടവഴിയിലൂടെ
മഴ നനഞ്ഞു നടക്കുന്നു
ഒരു കാറ്റ് ഓടി വന്ന്
കൈ പിടിച്ചു വലിക്കുന്നു
തവളക്കണ്ണൻ കുഴികളിൽ
കലങ്ങിയ വെള്ളം നിറയുന്നു
അടഞ്ഞ ശബ്ദത്തിൽ
പാടുന്നു ഉറവകൾ
ചോർന്നൊലിക്കുന്ന
അകത്തളത്തിലെ പിഞ്ഞാണ
ത്തിൽ വീണ മഴത്തുള്ളികൾ
മണിക്കിലുക്കമുണ്ടാക്കുന്നു
കീറിയ തഴപ്പായ ചുരുട്ടിക്കൂട്ടി
ചുമരിനരികിലേക്ക് നീങ്ങിയി
രിക്കുന്നു
എലികളുടെ കരകര ശബ്ദം
ഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു
പുലരിയുടെ ആദ്യവെട്ടം ഉള്ളിൽ
തെളിയുന്നു
മരപ്പൊത്തിലൊരു തത്തയിരിക്കുന്നു
മഞ്ഞിൻ്റെ നനുത്ത പാളി തലോടുന്നു
ഒരു വെള്ളപ്പൂവ് എന്നെ നോക്കി
മന്ദഹസിക്കുന്നു
………