ചാലിൽ മീത്തൽ
ഉമ്പായിക്കയും
മഠത്തിൽ താഴെ കുനി
കണ്ണേട്ടനും
ഉറ്റ ചങ്ങാതിമാരായിരുന്നു
പച്ച നിറമുള്ള ബെൽറ്റിൽ ഉറപ്പിച്ച
കൈലി മുണ്ടും
നേർത്തൊരു ജുബ്ബയുമായിരുന്നു
ഉമ്പായിക്കയുടെ വേഷം
കണ്ണേട്ടൻ കുപ്പായം
ഇടാറില്ലായിരുന്നു
രണ്ടുപേരും നന്നായി
മുറുക്കും
ഉമ്പായിക്ക ഇടക്ക്
ചുരുട്ടും വലിക്കും
കളത്തിൽ നാരായണേട്ടന്റെ
ചായപ്പീടികയിൽ
വല്ലത്തിൽ
മൊയ്തു ഹാജിയുടെ
അനാദിക്കടയുടെ
വരാന്തയിൽ
എവിടെയും അവർ
ഒരുമിച്ചായിരുന്നു.
പറമ്പിൽ തേങ്ങ
അധികം ഉണ്ടാവാൻ
കണ്ണേട്ടൻ
ഷേക്കും താഴെ പള്ളീൽ
വെളിച്ചെണ്ണ നേർച്ച
കൊടുക്കും
പെരാന്തൻ* നായ്
കടിക്കാതിരിക്കാൻ
കളരിപ്പടി ഉത്സവത്തിന്
ഉമ്പായിക്ക
മൊട്ടയുറുപ്പിക ഭണ്ഡാരത്തിൽ
ഇടുമായിരുന്നു
ഉറ്റ ചങ്ങാതിമാരെ
എപ്പോഴും കളിയാക്കുന്ന
ഓലമടയാൻ പോകുന്ന
നാരായണിയുടെ
വീട്ടുമുറ്റത്ത് മുറുക്കി
നീട്ടിത്തുപ്പി രണ്ടാളും പറയും
ഞങ്ങള് മുറുക്കി തുപ്പിയാലും
ചോപ്പ് നിറം
മുറിച്ചാൽ ചോരയ്ക്കും
ഒരേ ചോപ്പ് നിറം
കാലം ഒരുപാട് തവണ
മൂരാട് പാലം കടന്ന്
തെക്കോട്ടും വടക്കോട്ടും
തളരാതെ ഓടിക്കിതച്ചു
കോട്ടക്കൽ ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ നിന്ന്
പുറപ്പെട്ടൊരു കാറ്റിന്
മഠത്തിൽ താഴെകുനി
തെക്കേ പറമ്പിൽ നിന്നൊരു
കൂട്ടിനെ കിട്ടും
രണ്ട് പേർ ചിരിച്ചു
കഥകൾ പറഞ്ഞു
സേലം വെറ്റിലയിൽ
ചുണ്ണാമ്പ് തേച്ചു
മുറുക്കാൻ തുടങ്ങും
ഇടുങ്ങിയ ഇടവഴിയിൽ നിന്ന്
വവ്വാലുകൾ നിറഞ്ഞ
പുളിമരത്തിന് ചുവട്ടിൽ നിന്ന്
ആരോ മന്ത്രിക്കും
ഞങ്ങള് മുറുക്കി തുപ്പിയാലും
ചോപ്പ് നിറം
മുറിച്ചാൽ ചോരയ്ക്കും
ഒരേ ചോപ്പ് നിറം.

യൂസഫ് ഇരിങ്ങൽ

By ivayana