രചന : ഹരികുമാർ കെ പി✍
മീനത്തിൻ ചുടു ചുരുളുകളാലെ
ഹൃദയം പൊട്ടി വിളിക്കുമ്പോൾ
കൊത്തിവലിയ്ക്കാൻ കഴുകന്മാരോ
തക്കം പാർത്തു പറക്കുന്നു
അരുതരുതേ എന്നിടറും നിലവിളി
അകലത്തേയ്ക്കു മറയുമ്പോൾ
ആർഷത ചൊല്ലും കുലപതിമാതേ
ചുടുചോരയ്ക്കായ് കാക്കുന്നു
കണ്ണീർ രുധിരം അടവിയിലണിയാൻ
ആകാതിഴയും പേക്കോലം
മനുഷ്യത്വത്തിൻ മഹിമയറിയാ
മനുഷ്യനായി മരിക്കുന്നു
ഇരുമ്പുകല്ലിന്നടയാണികളാൽ
ഉരുക്കുമുഷ്ടികൾ തീർക്കുമ്പോൾ
ഉലതന്നാളിയ തീയിൽ ഉരുകും
പച്ചമനുഷ്യൻ പണിയാളോർ
ഇറുകിയ കണ്ണിന്നിമകൾ നനയ്ക്കാൻ
പുഴകൾ വഴിമാറീടുമ്പോൾ
അംബരസന്ധ്യ തുടുത്തു കറുത്തു
ഇരുളായ് മായും മരണത്തിൽ
വിശപ്പിടത്തിൻ വിക്രിയ കൊണ്ട്
എച്ചിൽ നിരങ്ങി നടക്കുമ്പോൾ
കണ്ണുതിരിച്ചവർ കാർക്കിത്തുപ്പി
കഷ്ടമതെന്നേ ചൊല്ലുന്നു
നാടും നഗരവും വർണ്ണ വെളിച്ചം
വൈദ്യുതിയാലേ തെളിയുമ്പോൾ
നീറ്റിലിറങ്ങാൻ നീർപ്പോളകളോ
കണ്ണീർ തേടി നടക്കുന്നു
കുടിവെള്ളത്തിൻ കുപ്പികൾ തേടോർ
അരുവികൾ കൊന്നു രസിക്കുന്നു
ഭൂമി പിളർന്ന് തിരിക്കും പാടം
നീരിടഹത്യ നടത്തുന്നു
തൂശനിലയ്ക്കായ് തുമ്പപ്പെണ്ണും
മറുനാടിടനാടലയുമ്പോൾ
ഭൂമി ഗ്രസിച്ചവ മണ്ണിൽ അടിയാൻ
പുതിയൊരു ഭാവം തേടുന്നു
ധര തന്നടിയിൽ ഊർന്നു ചിരിക്കാൻ
വേരുകളില്ല വേതാളം
ഉരുളുകൾ പൊട്ടി നശിക്കും നാടോ
കിങ്കര രാജ്യം പണിയുന്നു
ഇല്ലാ അല്ല കാലമതല്ല
കരിഞ്ഞുണങ്ങിയ കുഴിമാടം
കണ്ഠകഠോരം കൊണ്ടറിയേണം
നമ്മളിലുണരും നരിവംശം
ചികഞ്ഞു ചീറ്റിയ ചിന്തകളൊക്കെ
പുകഞ്ഞു തീരും കണ്ടോളു
നാളെയുണർത്താൻ നല്ല പ്രതീക്ഷകൾ
നമ്മിലുണർത്തുക നല്ലതിനായ്