രചന : സണ്ണി കല്ലൂർ ✍
അസോക്
കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…
വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി ജനകൂട്ടത്തിലേക്ക് ചാടിവീണു.
ഏതോ കുരുത്തം കെട്ടവൻ ഓടിൻറ കഷണം കൊണ്ട് ഒരേറ് കൊണ്ടത് ചെവിക്ക്…. ഇടതുവശത്ത് തടിപ്പ് ചെറുനാരങ്ങ വലുപ്പത്തിൽ ഒരു മുഴയും..
അദ്ദേഹം പതുക്കെ നടന്ന് മുറ്റത്തെ അടക്കാമരത്തിൻറ അടുക്കലെത്തി. കൃത്യമായ വളവും ജലസേചനവും കിട്ടുന്നതു കൊണ്ട് നല്ല ആരോഗ്യമുള്ള മരം.. അമ്പിളിഅമ്മാമൻ മാങ്ങാണ്ടി പോലെ ആകാശത്ത് തൂങ്ങി നിൽക്കുന്നു. ഒരുമണിയായി കാണണം.
ബ്രദർ….. പിന്നിൽ നിന്നും പൂച്ച കരയുന്നതു പോലെ ഒരു സ്വരം.
പാലുണ്ണി സ്വപ്നത്തിലെന്ന പോലെ പതിയെ തിരിഞ്ഞു നോക്കി…
അയ്യോ യക്ഷികുഞ്ഞ്.. പിന്നെയൊന്നും ഓർമ്മയില്ല.. താൻ അടക്കാമരത്തിൻറ മുകളിലാണ്.
ബ്രദർ കം ഡൗൺ.. പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല.
മലയാളമൊഴി കേട്ടപ്പോൾ ഉണ്ണിക്ക് ജീവൻ വീണു. താഴെ വിസ്താരമേറിയ മാറുള്ള ഒരു സ്ത്രീ… നഖവും പല്ലും ഇല്ല. മുടി അഴിച്ചിട്ടില്ല. വെള്ളസാരിക്ക് പകരം പച്ചവസ്ത്രം. നോ.. യക്ഷി..
ഇറങ്ങി വരൂ പ്രിയനേ…
ഇതു കേട്ടതോടെ പാലുണ്ണിയുടെ പിടി വിട്ടുപോയി ഓലമടൽ വീഴുന്നപോലെ അടക്കാമരത്തിൻറ ചുവട്ടിലെ ചുടുമൂത്രത്തിലേക്ക് ലാൻറ് ചെയ്തു.
ആർ യൂ.. ഓ.. കെ.. സ്ത്രീരൂപം പാലുണ്ണിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
ആ വിരലുകൾ ദേഹത്തുമുട്ടിയപ്പോൾ തണുപ്പും ചൂടും രോമാഞ്ചവുമുണ്ടായി, ചെവിവേദന പമ്പകടന്നു.
ബ്രദർ.. എനിക്ക് സമയമില്ല. രണ്ട് കോഴിയെ ഉടനെ വേണം.. ഒരു ബോയ്, വൺ ഗേൾ.. ഓ കെ…..
പാലുണ്ണി മനസ്സ് കൂർപ്പിച്ചു. ഒരു പിടയും പൂവനും വേണം.. അത്രേയുള്ളു. വഴിയുണ്ടാക്കാം.. നമ്മുടെ ഒരു വടക്കൻ സായ്പ് പുതിയതായി തൊഴുത്തും കോഴിവളർത്തലും തുടങ്ങിയിട്ടുണ്ട്. അവിടെ പൊയ്ക്കളയാം എന്താ…
സ്ത്രീ പാലുണ്ണിയുടെ പിൻഭാഗത്ത് സ്പർശിച്ചു. ഒരു സെക്കൻറ് കൊണ്ട് സായ്പിൻറ വീട്ടിലെത്തി. വലിയ കോട്ട, 1500 കാവൽക്കാർ രണ്ട് ഹെലികോപ്ടറും…
പിൻഭാഗത്തെ മതിലിന് മുകളിലൂടെ അവർ രണ്ടുപേരും കോഴിക്കൂടിനടുത്തെത്തിയതും കഴുത്തിൽ ചുവന്ന പട്ട കെട്ടിയ രണ്ടു കറുത്ത പട്ടികൾ ചാടിവീണു.
സ്ത്രീ കുപ്പായത്തിൻറ കീശയിൽ നിന്നും വെളുത്ത് വെള്ളി നിറത്തിലുള്ള രണ്ട് കുറിച്ചി പട്ടിക്ക് കൊടുത്തു.
ഉണക്കമീനിൻറ മണം കേട്ട് പട്ടികൾ ചാടിതുള്ളി അതും കൊണ്ട് സായ്പിൻറ അടുത്തേക്ക് പോയി.
കാണാൻ കൊള്ളാവുന്ന ഒരു ബോയിയേയും ഗേളിനേയും പാലുണ്ണി പിടിച്ച് രണ്ടുപേരും തിരിച്ച് ശുന്യാകാശ വിമാനത്തിനടുത്തെത്തി.
എവിടെ നിന്നാ വരുന്നേ പാലുണ്ണി അൽപം നാണത്തോടെ ചോദിച്ചു.
പൂരോ ഉരുട്ടാതി ഗ്രഹത്തിൽ നിന്നാ…
ഞാനും വരട്ടയോ നിൻറ കൂടെ.. താൻ ഗുമാരനാശാൻറ രമണനാണെന്ന് അയാൾക്ക് തോന്നി…
വരാല്ലോ.. ഞാൻ നിന്നെ കല്യാണം കഴിക്കാം.. പിന്നെ ഒരു കാര്യം അവിടെ വന്ന് മുദ്രാവാക്യവും സമരമൊന്നും പാടില്ല.
അവകാശങ്ങൾക്ക് വേണ്ടിയല്ലേ ഞങ്ങൾ പോരാടുന്നത്… പാലുണ്ണി വീറോടെ പറഞ്ഞു.
ഞങ്ങളുടെ നാട്ടിൽ വന്ന് ബഹളമുണ്ടാക്കിയാൽ വായിൽ പശതേക്കും… മനസ്സിലായോ..
ഇതാ നിനക്കൊരു സമ്മാനം… അടുത്ത പ്രാവശ്യം വരുമ്പോൾ നിന്നെ കൊണ്ടു പോകാം. അതുവരെ നിനക്ക് ഇഷ്ടമുള്ളത് എന്തും മനസ്സിൽ വിചാരിച്ച് ഇതിൽ മണത്താൽ മതി.
പുന്നക്കുരു പോലുള്ള ഒരു സാധനം ആ സ്ത്രീ പാലുണ്ണിക്ക് കൊടുത്തു.
ബൈ… ബൈ… പിന്നെ താമസിച്ചില്ല. വാഹനം എങ്ങോട്ടൊ പറന്നു പോയി…
മുറ്റത്ത് പട്ടികൾ കടികൂടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്, സൂര്യൻ ഒൻപതുമണി പൊക്കം.. പല്ലുതേപ്പും പരിപാടികളും കഴിഞ്ഞു. മേശപ്പുറത്തിരിക്കുന്ന പുന്നക്കാമണി കണ്ടപ്പോഴാണ് തലേദിവസത്തെ സംഭവങ്ങൾ ഓർമ്മ വന്നത്.
അയാൾ മണി ഉള്ളം കൈയ്യിൽ വച്ചു, പച്ചസുന്ദരിയുടെ ഓർമ്മക്കായി… ഇനിയും വരുമായിരിക്കും, അവൾക്ക് തന്നെ വേഗം ഇഷ്ടപ്പെട്ടതു പോലെ.. താൻ സുന്ദരനാണോ… അയാൾക്ക് സംശയം…
അവളുടെ മുഖം ഓർക്കാൻ ശ്രമിച്ചു… നല്ല വിശപ്പ്.. അയാൾ മണിയിലേക്ക് നോക്കി.. സാദാദോശ.. തേങ്ങാചമ്മന്തി. അൽപം തലേദിവസത്തെ സാമ്പാറും… എന്ന് വിചാരിച്ചതും ഉടുപ്പായി ഹോട്ടലിൽ കയറിയപോലെ.. മൂക്കിൽ മണവും വായിൽ സ്വാദും അനുഭവപ്പെട്ടു. വിശപ്പു മാറിയതു പോലെ.. സബാഷ്…
വേഗം മുണ്ടും ഷർട്ടും മാറി. തട്ടാൻറ അടുക്കൽ പോയി ഇത് തൂക്കിയിടാൻ ഒരു മാല പണിയണം… വെള്ളി മതിയാകും.. പക്ഷേ കഴുത്തിൽ അണിഞ്ഞാൽ ആരെങ്കിലും കണ്ടാലോ.. അരഞ്ഞാചരടിൽ കോർത്തിട്ടാൽ കുനിഞ്ഞ് മണക്കാൻ ആദ്യം യോഗ അഭ്യസിക്കണം.. വേണ്ട. അൽപം നീളമുള്ള ഒരുമാലയിൽ തൂക്കി മണി കക്ഷത്തിൽ ഇറുക്കി പിടിച്ചാൽ മതി. നല്ലൊരു ഐഡിയാ..
അയാൾ നേരെ തെക്കോട്ട് നടന്നു.
അവളുടെ ലോകം എങ്ങിനെയായിരിക്കും, കോഴിയെ കൊണ്ടു പോയത് രസായനം ഉണ്ടാക്കാനോ. അതോ ചിക്കൻ സിക്സ്റ്റി ഫൈവ് ശരിയാക്കാനോ.. അങ്ങനെ നൂറു ചിന്തകൾ..
ശ്ശൊ പേരു ചോദിക്കാൻ മറന്നു പോയി, ജാതി എന്തായാലെന്താ.. വെളുത്തതാണ്. തനിക്കും നല്ല കാലം വരാൻ പോകുന്നു..
കോയിക്കോടൻ ഹലുവ… ദേ മൂക്കില് എണ്ണ പുരണ്ടതു പോലെ.. ഹലുവായുടെ രുചി… അറിയാതെ പല്ലുകൂട്ടി കടിച്ചു.
നടപ്പിന് വേഗത കൂടി….
കിഴങ്ങു പുഴുങ്ങിയത്.. ചാളക്കറി, ഞണ്ട് വറ്റിച്ചത്, ജിലേബി….. എല്ലാ മണവും കൂടി മൂക്കിൽ കയറിയപ്പോൾ മനം മറിയുന്നതു പോലെ.. വേണ്ട വേണ്ട. ഏതെങ്കിലും ഒരു പലഹാരം മതി…
തൻറ ഭാഗ്യം… ഒരു കുഞ്ഞ് അറിയരുത്.. കട്ടു കൊണ്ട് പോകും…
ഇന്നലെ എന്നെ കാണാൻ വന്ന സുന്ദരിയുടെ മുടിയുടെ മണം.. അൽഭുതം അവൾ അടുത്തു നിൽക്കുന്നതു പോലെ.. ഹൃദയത്തിലേക്ക് ആണ്ടു പോകുന്ന അവളുടെ മാദക ഗന്ധം… അയാൾ മൈൽകുറ്റിയിൽ ഇരുന്നു.
സമയം കളയേണ്ട.. ചണ്ണീർമുക്കം ബണ്ട് ആയി കൊണ്ടിരിക്കുന്നു ഒരു കിലോമീറ്റർ കൂടി നടന്നാൽ തട്ടാൻറ വീട്.. തന്നെ ആരൊക്കെയോ നോക്കുന്നതു പോലെ.. അയാൾ മണി മുറുക്കെ പിടിച്ചു.
പിന്നെ ഒരു തമാശക്ക് ഇങ്ങനെ പറഞ്ഞു.
കുറച്ചുദിവസം മുൻപ് കത്തിപ്പോയ മാലിന്യകൂമ്പാരത്തിൻറ മണം… വരട്ടെ….
പറഞ്ഞു തീർന്നതും വായിലും മൂക്കിലും കൂടി അതി രൂക്ഷഗന്ധം തുളച്ചു കയറി. അമ്മേ എന്ന് വിളിക്കുന്നതിന് മുൻപ് ഛർദ്ദിയും വയറിളക്കവും ഒന്നിച്ചായിരുന്നു. സകല ശക്തിയുമെടുത്ത് അയാൾ പുന്നക്കാമണി കായലിലേക്ക് എറിഞ്ഞു. വെള്ളം തൊട്ടതും അത് പൂത്തിരി പോലെ കത്തി… അൽപം മഞ്ഞപുക മുകളിലേക്ക് ഉയർന്നു.
ബോധം വീണ് അയാൾ കണ്ണു തുറന്നപ്പോൾ മൂക്ക് പൊത്തി തനിക്ക് ചുറ്റും നിൽക്കുന്ന പോതുജനം……
അശോക്