രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
പാട്ടൊന്നുപാടാൻ മുതിരുമ്പൊഴേക്കെന്നെ-
യാട്ടിയോടിച്ചാൽ ഞാനെന്തുചെയ്യും?
നാട്ടിൻ്റെ നൻമകളൊക്കെക്കെടുത്തുന്ന
കൂട്ടമായ്മാറീ,ഭരണവർഗ്ഗം!
പട്ടിണിപ്പാവങ്ങൾതൻ പരിദേവന-
മൊട്ടുമേ,കേൾക്കാൻ മനസ്സില്ലാതെ,
വേട്ടയാടീടുകയല്ലോ,നിരന്തരം
കാട്ടാളൻമാരതിക്രൂരമായ് ഹാ!
സാംസ്കാരികനായകൻമാർതൻ നാവുകൾ
സ്തംഭിച്ചുപോയതിനെന്തു ഞായം?
എല്ലാ,മധികാരസ്ഥാനമെന്നോർക്കുമ്പോ-
ളല്ലോ,മനസ്സുതപിച്ചിടുന്നു!
കണ്ടതുംകേട്ടതും ചൊല്ലുമ്പോൾ ചൊല്ലുന്നോർ-
ക്കിണ്ടലല്ലാതെ മറ്റെന്തുണ്ടാവൂ!
കാലം കലികാലമെന്നല്ലാതെന്തുഞാൻ
കാലേയൊരിറ്റു ചിന്തിച്ചിടേണ്ടൂ?
എത്രകണ്ടാവും സഹിച്ചുനിന്നീടുവാ-
നത്രമേ,ലീനാടനാഥമാകേ!
ഏതിനു,മിങ്ങൊരറുതിയുണ്ടാകുമെ-
ന്നേതേതു നേരവുമോർത്തുകൊൾവിൻ!
ഓരോദിനവും കഴിച്ചുകൂട്ടീടുവാൻ
പാരം പ്രയാസപ്പെടുന്നുമർത്യർ!
ആരുടെ ചേതനയ്ക്കാകുമീ കണ്ണുനീർ
നേരിലാവോ,തുടച്ചൊട്ടു നീക്കാൻ!
രാഷ്ട്രീയ വേതാളനൃത്തങ്ങളാടുന്ന,
വേട്ടപ്പുലികളേ നിങ്ങളോർപ്പൂ
ആവില്ല നിങ്ങൾക്കധികനാൾ ഞങ്ങളിൽ
നോവിൻ്റെ ശൂലമുനകളേറ്റാൻ!
ഇന്നലെ ചെയ്തോരബദ്ധങ്ങളോർക്കുവാ-
നിന്നു നമുക്കുകഴിഞ്ഞിടേണം
അല്ലെങ്കിൽ നാടിൻഗതി നാളെയെന്താകും?
തെല്ലൊന്നു,മുന്നേനിനച്ചിടൂനാം.