വിശാലമായ വരാന്തയുടെ
ഒരു കോണിൽ
ആൾക്കൂട്ടത്തിനിടയിലും
ഏകാകിയായിരിക്കുന്നതിനേക്കാൾ
വിരസമായി മറ്റെന്തുണ്ട്?
എന്റെ കൈയിൽ ഇന്നത്തെ
പത്രമുണ്ട്.
നിരന്തരം രണ്ടും, മൂന്നും,
നാലുമായി വിഭജിക്കപ്പെടുന്ന
രാജ്യത്തെക്കുറിച്ചുള്ള
വാർത്തകളുണ്ട്.
ഞാനത് വായിക്കാൻ
ഒട്ടും ഇഷ്ടപ്പെടുന്നില്ല.
നല്ല ചികിത്സയ്ക്ക്
തിക്കും, തിരക്കും കൂട്ടുന്നവർ
വരാന്ത നിറയുന്നു.
രാജ്യവും രോഗിയാണ്.
നല്ല ചികിത്സ അതർഹിക്കുന്നു.
വരാന്തകൾക്ക് പക്ഷേ
നീളം കൂടുതലാണ്.
കാലം പോലെ!
എണ്ണപ്പെട്ട ദിവസങ്ങളെക്കുറിച്ച്
താഴ്ന്ന ശബ്ദത്തിൽ
വാചാലനാകുന്ന ഡോക്ടർ.
രോഗിയുടെ മുഖം നോക്കാതെ
എഴുതുന്ന
പ്രിസ്ക്രിപ്ഷൻ താളിൽ
കറുത്ത പക്ഷികളാകുന്ന
മരുന്നുകൾ.
മാസ്ക്കണിഞ്ഞ മുഖത്ത്
സഹതാപത്തിന്റെ
ചിതൽപ്പുറ്റുകൾ.
മരുന്ന് വാങ്ങണോ?
അത് ഒരാവശ്യമാണോ?
തുറന്നുകിടക്കുന്ന
മോർച്ചറികൾ.
മൃതദേഹങ്ങളിൽ
കാക്കകൾ വിശ്രമിക്കുന്നു.
കൊത്തിക്കൊറിക്കുന്നു.
വഴിയിലൂടെ ഒരു ജാഥ
നിശബ്ദം കടന്നുപോയി.
എനിക്കത് പിൻതുടരാൻ
തോന്നലുണ്ടായി.
എന്നാൽ,
അവിചാരിതമായി പെയ്തൊരു
മഴയിൽ ജാഥ പിളരുകയും,
രണ്ടായി
വിഭജിക്കപ്പെടുകയുമാണുണ്ടായത്.
വിഭജിക്കപ്പെടുന്ന ഏകാന്തതയും.
വിഭജിക്കപ്പെടുന്ന പ്രതിഷേധങ്ങളും.
വരാന്തകൾക്ക് നീളം കൂടുതലാണ്.
കാലം പോലെ!
🔴

സെഹ്റാൻ

By ivayana