ഒരു മുത്തുമാല ഞാൻ കോർത്തൂ തരാം ,
ഒരു പത്തു രൂപ, നീയേകുമെങ്കിൽ!
ഒരു തുളസിപ്പൂവ് വെറുതേ തരാം ,
ഒരു നിമിഷമെന്നെ, കേൾക്കുമെങ്കിൽ !

ഒരു കോടിയർച്ചനപ്പൂക്കൾ ഞാനും ,
ഒരു രൂപ പോലും നൽകിടാതെ, നിൻ
തിരുനടയിലെന്നും, കാഴ്ച വെച്ചേ…,
ഉരുകിടുമെന്നാത്‌മ, മരത്തിൽ നിന്ന് !

ഒരു നേരമെന്നെങ്കിലും നീ, നിന്റെ
തിരുരൂപമൊന്നു കണ്ടിടാത്തയീ ,
കുരുടയാം പെണ്ണിന്റെ മനസ്സിലായ്,
ഒരു പുഞ്ചിരിപ്പൂ , വിടർത്തീടുമോ !

ഒരു പുണ്യതീർത്ഥമെനിക്കു തന്നാൽ
ഒരു തുള്ളി പോലും പാഴാക്കിടാതെ
തിരുവുള്ളമെന്നിലാക്കിയെപ്പൊഴും
തിരുനാമ കീർത്തനം പാടിടാം ഞാൻ !

മോനികുട്ടൻ കോന്നി

By ivayana