തൃസന്ധ്യാ നേരം
ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
മമ ബുദ്ധി പ്രകാശായ
സന്ധ്യാ ദീപം നമോസ്തുതേ…
ചാരുലത ദീപം കൊളുത്തി
അവൾ പൂമുഖത്തേക്ക് വരികയായിരുന്നു.
കയ്യിൽ പൊൻപ്രഭ ചൊരിയുന്ന നിലവിളക്ക്..
അതിന്റെ ശോഭയാൽ അവളുടെ മുഖം പൊന്മണി പോലെ വെട്ടിത്തിളങ്ങുന്നു.
ദീപം…. ദീപം…. ദീപം.
മൂന്നു തവണ ഉച്ചരിച്ചു പൂമുഖത്തു വിളക്ക് വച്ച ശേഷം തുളസിത്തറയിൽ ദീപം വയ്ക്കാനായി അവൾ മുറ്റത്തേക്കിറങ്ങി.
സ്സ്… സ്സ്… സ്സ്…
ദൈവമേ…. മുറ്റത്തെ അരിമുല്ല പടർന്നു കിടക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു കുഞ്ഞു പാമ്പ്!
” അയ്യോ അമ്മേ… വേണുവേട്ടാ ഓടി വരണേ! പാമ്പ്! പാമ്പ്!”
അവൾ വിളിച്ചു കൂവി..
ആദ്യം ഓടിവന്നത് വേണുവും അമ്മയുമൊന്നുമല്ല…
വീടിന്റെ മുന്നിലൂടെ പോകുകയായിരുന്ന അഭിമന്യു ആണ്… അവൻ കൂട്ടുകാരനായ സച്ചുവിനെ കണ്ടതിനു ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു.
അപ്പോഴാണ് ചാരുവിന്റെ നിലവിളി.
അവൻ ഓടി വന്നു..
” എവിടെ… പാമ്പ്?
” ദാ അവിടെ “
അവൾ പാമ്പ് കിടന്നിടത്തേക്ക് വിരൽ ചൂണ്ടി.
” ആഹാ ഉഗ്രൻ സാധനം ആണല്ലോ.. ഇയാളെ കാണാൻ വന്നതായിരിക്കും.. കഷ്ടം ഈ ഈർക്കിൽ പാമ്പിനെ കണ്ടിട്ടാണോ ഈ കിടന്നു കാറിക്കൂവുന്നെ “
ചാരുവിനു ദേഷ്യം വന്നു.
“ഇയാൾക്കു പാമ്പിനെ ഓടിക്കാൻ പറ്റോ? എങ്കിൽ അത് ചെയ്താൽ മതി…ഇല്ലെങ്കിൽ ഞാൻ ഏട്ടനെ വിളിച്ചോളാം.”
പറയുക മാത്രമല്ല അവൾ വീണ്ടും വിളിച്ചു.
“വേണുവേട്ടാ.. വേണുവേട്ടാ “
” എന്താടി കിടന്നു കൂവുന്നേ സന്ധ്യക്ക്‌.?
ചോദ്യവുമായി അമ്മ മാലതി ഇറങ്ങി വന്നു. നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ “
” അവൻ ഇവിടെയില്ല… മഞ്ജുവിന്റെ അടുത്തേക്ക് പോയി “.
വേണുവിന്റെ ഭാര്യ മഞ്ജു ഗർഭിണിയാണ്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയി അവൾ… അവളെ കാണാൻ പോയതാണ് വേണു.
” നീയെന്താ ഇവിടെ ഈ നേരത്ത് “
അവർ അഭിമന്യുവിനോട് ചോദിച്ചു.
” ദേ ഒരു പാമ്പ്.. ഇതുവഴി പോയപ്പോ ചാരുവിന്റെ നിലവിളി കേട്ടു “
“അമ്മയ്ക്ക് പാമ്പിനെ പേടിയില്ലേ?
നമ്മുടെ അമ്മുവിന്റെ നാഗപഞ്ചമി വായിച്ചേ പിന്നെ പാമ്പിനോടുള്ള പേടി കുറച്ചു കുറഞ്ഞു.
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു “
അവൻ വടിയുമായി ഓടി വന്നു
” അയ്യോ അതിനെ കൊല്ലാൻ പോവാണോ “
ചാരു ചോദിച്ചു.
” പിന്നല്ലാതെ പിടിച്ചുമ്മ വയ്ക്കണോ “
” അയ്യോ വേണ്ട… കൊല്ലണ്ട ഓടിച്ചു വിട്ടാൽ മതി. കാവിലെ പാമ്പ് ആവും “
അവൻ അതിനെ നിസ്സാരമായി കൈകാര്യം ചെയ്യുന്നത് കണ്ടു അവൾക്ക് കുറച്ചു ആരാധന തോന്നി…
കയ്യിലിരുന്ന വടികൊണ്ട് അതിനെ തോണ്ടി എടുത്ത് എറിഞ്ഞു.. അത് പേടിച്ചു ജീവനുംകൊണ്ട് കാവിന്റെ ഭാഗത്തേക്ക്‌ ഇഴഞ്ഞു പോയി…
” അമ്മു എവിടെ മനു തിരികെ പോയോ “
” ഇല്ല.. അളിയൻ വന്നിട്ടേ പോകുള്ളൂ “
” അവളുടെ പുതിയ പുസ്തകം വല്ലതും ഇറങ്ങുന്നുണ്ടോ “
” എനിക്കറിയില്ല… എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കാണാം “
” എന്തായാലും എനിക്കവളെ ഒന്ന് കാണണം…എനിക്ക് രുദ്രയെ ഒരുപാട് ഇഷ്ടമായീ എന്ന് പറയണം…പിന്നെ അവളുടെ ചെവിക്കും പിടിക്കണം. പാവം രുദ്രയെ സങ്കടപ്പെടുത്തിയതിനു “
അഭിമന്യുവിന് ചിരി വന്നു…
അവൾ പോകുന്നതിനു മുൻപ് ഞാൻ ഒന്ന് കാണട്ടെ പെണ്ണെ ഞാനിപ്പോ വരാം. അവർ സന്ധ്യാ ദീപത്തിന് നേരെ നിന്നൊന്നു കൈ കൂപ്പി. മൗനമായി പ്രാർത്ഥിച്ചു…
ഞാനും വരുന്നമ്മേ..,.എനിക്കും അമ്മുചേച്ചിയെ കാണണം…
അഭിമന്യു അവളെ ഒന്ന് നോക്കി…
സുന്ദരിപ്പെണ്ണ്… ജോലി കിട്ടിയിട്ട് വേണം വന്നു പെണ്ണ് ചോദിക്കാൻ. അതുവരെ ആരും കൊത്തിക്കൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു….
അവർ മൂന്നുപേരും കൂടി അഭിമന്യുവിന്റെ വീട്ടിലേക്ക് പോയി…
ഉമ്മറത്ത് തന്നെയുണ്ടായിരുന്നു അഭിമന്യുവിന്റെ അമ്മയും അമ്മുവും പൊന്നുവും ചിന്നുവുമെല്ലാം
” നൃത്തമാടു കൃഷ്ണ നടനമാടൂ കണ്ണാ വെണ്ണ തരാം ഗോപാല “
കത്തിച്ചു വച്ച നിലവിളക്കിന് മുൻപിൽ ഇരുന്നു പാടുന്നു ചിന്നൂട്ടി … ഒപ്പം പൊന്നുവും…
” ഇത് ആൽബം സോങ്ങ് അല്ലെ ഇപ്പോൾ ഇതൊക്കെയാണോ പ്രാർത്ഥന ഗാനം “
അഭിമന്യു ആരോടെന്നില്ലാതെ ചോദിച്ചു…
” അയ്യടാ ഇയാൾക്ക് തെറ്റാതെ രണ്ടു വരിയെങ്കിലും കണ്ണനെക്കുറിച്ചു പാടാനറിയോ “
” ഇത് അവൾക്ക് മ്യൂസിക് ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചു കൊടുത്തതാ മാമാ “
പൊന്നു പറഞ്ഞു…
” വരൂ ആന്റി “
അമ്മു എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..
” നാളെ പോയാൽ പോരെ രാത്രി തന്നെ പോകണോ “
അവർ ഒരുങ്ങിയിരിക്കുന്നത് കണ്ടു മാലതി ചോദിച്ചു
” നാളെ ഇവർക്ക് സ്കൂളിൽ പോകണ്ടേ. കുട്ടേട്ടനിപ്പോ വരും “
” ടീ…. പെണ്ണെ നിന്നെ ഞാൻ ഒന്ന് കാണാനിരിക്കുവായിരുന്നു.. രുദ്രയെ ഇത്രയും സങ്കടപ്പെടുത്തണമായിരുന്നോ. പാവം കുട്ടി “
അമ്മു ചിരിച്ചു… മനസ്സ് നിറഞ്ഞു അവൾക്ക്….
തന്റെ കഥാപാത്രങ്ങൾ മറ്റുള്ളവരുടെ മനസ്സിൽ പതിയുന്നു എന്ന് കേട്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി…
” മോളെ അമ്മുസേ… എനിക്ക് നാഗ പഞ്ചമി ഒരുപാട് ഇഷ്ടായീ… ഇനിയും എഴുതണം എന്റെ മോൾ.. ഉയരങ്ങളിൽ എത്തണം.. മോൾക്ക് അതിനു കഴിയും.മഹാദേവൻ കൂടെയുണ്ട് “
മാലതി സ്നേഹത്തോടെ പറഞ്ഞു..
” എല്ലാവരും ഇരിക്കു ഞാൻ ചായ ഉണ്ടാക്കാം..”
അമ്മുവിന്റെ അമ്മ അടുക്കളയിലേക്ക് പോയി.
” അമ്മുചേച്ചി എന്റെ കഥ കൂടി ഒന്നെഴുതാവോ? “
ചാരു ചോദിച്ചു…
“പേര് ഞാൻ പറഞ്ഞു തരാം..”
“മന്ദബുദ്ധിയുടെ മണ്ടത്തരങ്ങൾ “
അഭിമന്യു കളിയാക്കി
“നീ പോടാ കൊരങ്ങാ “
” നീ പോയി കണ്ണാടിയിൽ നോക്കെടി “
” മൊട്ടേന്നു വിരിയുന്നതിനു മുൻപ് നിനക്കെന്തു കഥ… എഴുതുന്നെങ്കിൽ എന്നെ കുറിച്ചെഴുതണം… അവാർഡ് കിട്ടും ഇവൾക്ക് “
മാലതി പറഞ്ഞു
അവർ ഏതോ ഓർമ്മകളിൽ കൂടി കടന്നു പോയി
ശങ്കരേട്ടന്റെ കയ്യും പിടിച്ചു ഇടുക്കിയിൽ നിന്നും ഈ നാട്ടിൽ എത്തിയപ്പോൾ മുതലുള്ള കഥ നീയൊന്ന് എഴുതു പെണ്ണെ… എല്ലാവരും വായിക്കും…
അവരുടെ കണ്ണ് നിറഞ്ഞു…
” അയ്യോ ആന്റി കരയുവാണോ… ഇങ്ങനെ വിഷമിച്ചാലോ… “
അമ്മുവിനും വിഷമമായി… എത്രയെത്ര കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞിട്ടുണ്ട് താൻ.. അവരൊക്കെ മനസ്സിന്റെ ആഴങ്ങളിൽ ഇപ്പോഴും ഉണ്ട് വിട്ടുപോകാതെ…
അടുത്ത കഥയുടെ ത്രെഡ് രൂപപ്പെട്ടു കഴിഞ്ഞു…
കാരണം മുന്നിലൊരു പ്രണയം രൂപപ്പെടുന്നത് അവൾ കണ്ടു കഴിഞ്ഞു..
എപ്പോഴും വഴക്കിടുന്ന അഭിമന്യുവിന്റെയും ചാരുലതയുടെയും…
കണ്ണുകളാൽ കഥപറയുന്ന നായകനും നായികയും..
അമ്മുവിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു….
അടുത്ത കഥ പ്രണയത്തിന്റെ പൂക്കാലം….✍️✍️

പ്രിയബിജു ശിവകൃപ

By ivayana