കൈവിറയ്ക്കാതെ,
പതറിപ്പോവാതെ
ഇന്നലെ
അവള്‍ക്കു മുന്നില്‍ ചെന്നുനിന്നു.
ഒരു വത്യാസമുണ്ട്
മനസ്സ് തകര്‍ന്ന്
അവളെ ഒരുനോക്ക് കാണാന്‍
കെല്‍പ്പില്ലാതെയായി
പോയിരുന്നു താന്‍.
പഴയ പോലെ അവള്‍ ശകാരിച്ചില്ല.
ദേഷ്യം കാണിച്ചില്ല.
തറപ്പിച്ചൊന്ന് നോക്കുക കൂടി ചെയ്തില്ല.
കനത്ത ശാന്തത.
തണുത്ത ശരീരത്തിനും
ചൂട് പറ്റി മാറിയ ആത്മാവിനും ഇടയിലവളുണ്ട്.
സ്ലാബുകള്‍ക്കിടയിലെ ശൂന്യതയില്‍
അവളെ അടക്കം ചെയ്തിട്ടുണ്ട്.
അവളുടെ മരണം
ഹൃദയം കുത്തിക്കീറി കങ്കൂസ്സ്
നൂലിട്ട് തുന്നിക്കെട്ടിയ പോലെ
ഓരോ മുറിവിലും അവളുടെ ഓര്‍മ്മകളിരുന്ന്
കുത്തി വലിക്കുന്നു.
നോവാറ്റി തണുപ്പിക്കാനൊരു പ്രതീക്ഷയുടെ
നൂലറ്റമില്ലാതെ അലയുന്ന
മനസ്സായി ജീവിച്ച് തീര്‍ക്കാനാവും വിധി.
പ്രണയമൊന്ന് തിരിച്ചറിയുക പോലും
ചെയ്യാതവള്‍ പോയിക്കളഞ്ഞില്ലേ ?
കല്ലറയിലെ പൂക്കള്‍ക്ക് ഒരേമണം.
മരണത്തിന്റെ ചൂടാറാത്ത മണം.
ഒരു യാത്ര പോലും പറയാതിറങ്ങിപ്പോകാന്‍
മാത്രം എന്തായിരുന്നു അവള്‍ക്ക് ?
അല്ല…
യാത്രപറയാനും മാത്രം
പരിചയമില്ലാത്ത ഒരുവനോട്…
അവളെങ്ങനെ യാത്ര പറയാന്‍ ?
മണ്ണിലലിഞ്ഞ് ചേരുന്ന ദേഹത്തിനൊപ്പം
ദ്രവിച്ച് വ്രണം കുത്തി പഴുക്കുന്ന
തന്റെ ഹൃദയവുമുണ്ടെന്നവളെങ്ങനെയറിയാന്‍ ?
ബാക്കിയാവുന്ന എല്ലിന്‍ കഷ്ണം കണക്കെ
താനും അവളുടെ ഓര്‍മ്മകളെ അടക്കം
ചെയ്തിവിടെ ജീവിക്കുമെന്നും
മരണത്തിലേക്കൊരു നൂല്‍പ്പാലമകലെ
താനുമുണ്ടെന്ന് അവളെ ബോധിപ്പിക്കാനുമാവുന്നില്ല.
നിസ്സഹായത…
കനത്ത മൗനം…
ഇനി ഒരിക്കലും പൂവിടാനിടയില്ലാത്ത
തന്റെ പ്രണയം ആ കല്ലറയില്‍
അടക്കം ചെയ്യുന്നു.
ശവമഞ്ചത്തിലെ പൂക്കള്‍ക്ക് പറയാനൊരു
കഥയുണ്ടെങ്കില്‍ …
അതവള്‍ക്ക് അവനോടുള്ള
പ്രേമമായിരുന്നിരിക്കട്ടെ!
മരണത്തിനിടയിലെ തണുപ്പ്
വെള്ളപുതപ്പിക്കുന്നത്
ജീവിച്ചിരിക്കുന്ന മനസ്സുകളെയാണ്.
❣️

സബിത ആവണി

By ivayana