ആയിരം കുടമുല്ല പൂത്തപോൽ മാനത്ത്
താരകളൊക്കെ വിടർന്നുനിന്നു
നീഹാര ബിന്ദുക്കൾ പൊഴിയാൻ വിമുഖരായ്
നാണിച്ചു മിഴിപൂട്ടി നിന്നു പോയി.

നാണിക്കവേണ്ടിനിയാവോളമുർവ്വിയിൽ
നിപതിച്ചു കൊൾകയെന്നപ്പോൾ കനിവോടെ
താരാഗണങ്ങൾ തൻ മൊഴിമുത്തുകൾ കേട്ട –
വരാവോളമാമോദമായ് പൊഴിഞ്ഞു.

പൂത്തൊരു ചെമ്പക ചോട്ടിന്നരികിലായ്
കൃഷ്ണപക്ഷ കുളിർ നിലാവിൽ മയങ്ങവേ
മന്ദാനില കരസ്പർശങ്ങളേറ്റു ഞാൻ
പരിണമിച്ചൊരു തരുശാഖിയായി.

ഗഗന ഗംഗാസമതലം കാക്കുന്ന
താരകൾ പൂക്കളെപ്പോൽ സ്മിതം തൂകുന്നു
ഈ ലോക ഗോളത്തിനർദ്ധം മുഴുവനും
ഇരുളാട മാറ്റി പൊൻപ്രഭ ചാർത്തുവാൻ.

മുക്കുറ്റി മിഴികളുമായൊരു താരകം
കൺകളിൽ മുല്ലമൊട്ടാ ഭയായ് മറ്റൊന്നും
കവിളിൽ കനകാംബര ശോഭയും പൂണ്ടൊരുവൾ
പിന്നെയൊന്നതാ നാസികത്തുമ്പിൽ മന്ദാരവുമായ്.

ജ്വാലാമുഖികളാം തിങ്കൾ സഖികൾ തൻ
കരങ്ങളോരോന്നിലും കാവ്യങ്ങൾ പൂക്കുന്നു
കിന്നരി മീട്ടുന്നു ഗന്ധർവാംഗുലികളും
നീലാംബരിയിലലിയുന്നു തന്ത്രികൾ.
✍️

By ivayana