രചന : മധു നമ്പ്യാർ, മാതമംഗലം*✍
ആനന്ദതീർത്ഥന്റെ മണ്ണിൽ വളരും
ഗാന്ധി മാവിന്റെ ചോട്ടിലിരുന്നല്ലോ
വർജ്ജിതമായുള്ള വിശ്വമാനവന്റെ
കണ്ണടയുടെ വട്ടം എളുപ്പം വരച്ചത്!
ഒറ്റ വരയിൽ കണ്ണട വരയ്ക്കണം
നീട്ടിയുള്ള വരയിൽ ആകാരവും
അധികം ചിന്തിക്കുവാനില്ല വരച്ചു
വരച്ചു ഭൂതലം മുഴുക്കെ പാടുണ്ട്!
മുടിയും താടിയുമില്ല തലയിലോ തല-
പ്പാവുമില്ല, പിന്നെ ചാന്തു ചേർത്തു വര-
യ്ക്കുവാൻ ആടയാഭരണങ്ങളുമില്ല
പൗരുഷഭാവം ചരിത്രത്തിലുമില്ലാതായ്!
ഉള്ളതോ കറുപ്പിൽ നേർത്ത വെളുത്ത
മീശയും കൈയിൽ ഒരു ഊന്നു വടിയും!
കരയായി നീളെ കറുപ്പിൽ വരഞ്ഞുള്ള
മുട്ടറ്റം മാത്രം നഗ്നതവെടിയുന്ന മുണ്ടും!
ഗാന്ധി പതിഞ്ഞുള്ള പച്ച നോട്ടിൽ
ഖദർ കുപ്പായം തുന്നി വാങ്ങണം
പുത്തനുടുപ്പിൽ മൊബൈലിൽ
പകർത്തിയ ചിത്രവിശേഷങ്ങളിൽ
ഇന്നത്തേയ്ക്ക് ഗാന്ധിയനാവണം!