രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ഇനിയുമീപ്പാട്ടിലേറെ വരികളുണ്ട്
ഇനിയുമീരാവിതേറെ ബാക്കിയുണ്ട്
ഇനിയേറ്റുപാടുവാൻ കാത്തിരിപ്പുണ്ട്
ഇനിജീവശ്വാസമായി പാടുവാനുണ്ട്
ഇനിയൊന്നായ്പ്പാടുക ഏറ്റുപാടുക
ഇവിടെനിന്നാവട്ടെ പരിവർത്തനം
ഈപ്പാട്ടിൽപ്പടരട്ടെ അഗ്നിജ്വാലകൾ
ഇതിലത്രേ കാലമോതും വിപ്ലവങ്ങൾ
ഇവിടെനമ്മൾ തലയുയർത്തി മുന്നേറുക
ഇവിടെയുണ്ട് താണ്ടുവാനഗ്നിപാതകൾ
ഇനിയുമേറെ ദൂരമുണ്ട് നടന്നുനീങ്ങുവാൻ
ഇനിയുമിറ്റുകണ്ണുനീര് വീഴാതെനോക്കുവാൻ
ഇവിടെയുണ്ട് വഴിയിലേറെച്ചതിക്കുഴികൾ
ഇവിടെനമ്മൾ ചൂട്ടുകെട്ടിക്കരുതലാവുക
ഇവിടെയുണ്ട് പട്ടിണിയുടെപ്പരിച്ഛേദങ്ങൾ
ഇവിടെനമ്മൾ സമത്വവുമായ് കാവലാവുക
ഇന്നിതെന്നുമൊന്നുപോലെ മികച്ചതാക്കുക
ഇന്നിൽനിന്നുമിന്നലെയേ മാറ്റിവരക്കുക
ഇന്നലെകൾ പകർന്നുതന്ന ഊർജ്ജമാവുക
ഇനിയതിലെ വിപ്ലവത്തിൻ ജ്വാലപടർത്തുക
അന്നുമിന്നും കേട്ടതല്ലനാളെ സമരകാഹളം
ഇനിയുമത് കേൾക്കണമീ ചക്രവാളങ്ങൾ
ഇന്നുതന്നെയാപ്പാട്ടിലുള്ള വരികൾതിരുത്തുക
ഇനിയതിനായ് തൂലികയിൽ രക്തമഷിനിറക്കുക.