രചന : അനീഷ് സോമൻ✍
അച്ഛനുമ്മയ്ക്കുമോപ്പമീ ഗ്രാമവീഥിയിലൂടെ ഗമിക്കും
കുസൃതിയാം കുഞ്ഞുണ്ണി..
കുഞ്ഞിളം വിരലുകളാലാരാമത്തിലെ
റോസാപ്പൂവിന്നിതളുകൾ പിച്ചി..
പൂവിലെ തേനുണ്ണും ചെറുശലഭത്തെ
കൈകളിലാക്കിയാഹ്ലാദമോടെ
നൃത്തം ചെയ്തു.
മരക്കൊമ്പിലിരിക്കുന്ന കാക്കയെ
ക്രാ..ക്രാ..എന്നനുകരിച്ചു.
ഉണ്ണിയെ കൗതുകത്തോടെ നോക്കിയതെങ്ങോ
അത് പറന്നുപോയ്.
പുഴക്കരയിലിരിക്കും തവളയെ
പിടിക്കുവാനഞ്ഞപ്പോളത് ഭയന്നു
വെള്ളത്തിൽച്ചാടിയൊളിച്ചു.
അപ്പുപ്പൻതാടിയെ വാനിതിൽക്കണ്ടപ്പോൾ
അമ്മേയതെനിക്ക് വേണമെന്ന് ചിണുങ്ങി.
മുറ്റത്തിരിക്കുന്ന പൂച്ചക്കുട്ടിയെ
മാടിവിളിച്ചു.
മ്യാവൂ എന്നു കരഞ്ഞുകൊണ്ട് പൂച്ചക്കുട്ടി
അതിന്നമ്മതന്നരികത്തുരുമ്മിയിരുന്നു
വീടിൻ കോലായിലുറങ്ങും
നായക്കുട്ടിയെ ബൗ..ബൗ എന്നു വിളിച്ചു
നായക്കുട്ടിയൊന്നു മുറുമ്മിയപ്പോളമ്മതൻ
പിന്നിലൊളിച്ചുധീരനാമുണ്ണിക്കുട്ടൻ.
..