“കുറച്ചു നേരമായി ഞാൻ വിളിക്കുന്നു..ഫോൺ നല്ല ബിസി ആയിരുന്നുവല്ലോ…?”

“അതേ.. ഫോൺ ബിസി ആയിരുന്നു.. ഒരു സുഹൃത്ത് വിളിച്ചതായിരുന്നു..”

“ഓ….ആൺസുഹൃത്തോ പെൺസുഹൃത്തോ…?”

“ഇപ്പോ വിളിച്ചത് ആൺസുഹൃത്ത്….”

“ആൺസുഹൃത്തോ….? ആണുങ്ങളും ആണുങ്ങളും ഇങ്ങനെ കുറേ നേരം ഫോണിൽ സംസാരിക്കുമോ? എനിക്ക് വിശ്വാസമില്ല…!”

“അതെന്താ വിശ്വാസമില്ലാത്തത്…?”

” പ്രണയത്തിലുള്ള ആണുങ്ങളും പെണ്ണുങ്ങളും മാത്രമേ കുറേ നേരം സംസാരിക്കൂ. പിന്നെ പെണ്ണുങ്ങളും പെണ്ണുങ്ങളും തമ്മിലും സംസാരിക്കും. പക്ഷേ ആണുങ്ങളും ആണുങ്ങളും തമ്മിൽ ഇത്രനേരമൊന്നും സംസാരിക്കില്ല…”

“ആര് പറഞ്ഞു ?”

“ആരും പറയണ്ട.. ആണുങ്ങൾ പൊതുവെ അങ്ങനെയാണെന്ന് എല്ലാർക്കും അറിയാം…”

“അതൊരു വികലമായ കാഴ്ചപാടാണ് ടോ. ഞാൻ എന്റെ പെൺസുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്, അതേ പോലെ ആൺസുഹൃത്തുക്കളോടും. എന്നാൽ എല്ലാരോടും എല്ലാ ദിവസമൊന്നും സംസാരിക്കാറുമില്ല. തിരക്കുകൾ ഒഴിയുന്ന സമയത്ത് ഞാൻ അവരെ വിളിക്കാറുണ്ട്. ചിലപ്പോ അവർ എന്നേയും. ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായി ഒരു തോന്നൽ വരും ഒരാളെ വിളിക്കാൻ. അത് പക്ഷേ ഏറ്റവും ആപ്റ്റ് ആയ നേരത്തുമാവും “

“ഓഹ് പിന്നേ… വല്ലപ്പോഴും വിളിച്ചാൽ ഒരു ബന്ധവും നിലനിൽക്കില്ല. ബന്ധങ്ങൾ നിലനിൽക്കണെമെങ്കിൽ ഇടക്കിടക്ക് വിളിച്ചുകൊണ്ടിരിക്കണം. എന്നിട്ട് പോലും നിലനിർത്താൻ വല്യ പാടാ…”

“അത് തന്റെ മറ്റൊരു തെറ്റായ വിശ്വാസമാണ്…”

“എനിക്കങ്ങനെ ഇത് വരെ തോന്നിയിട്ടില്ല. മിണ്ടാതിരുന്നാൽ അതോടെ തീരുന്നു ബന്ധങ്ങൾ.”

“അങ്ങനെയല്ലാത്ത ബന്ധങ്ങളും ഉണ്ടെന്നേ…”

“എനിക്ക് വിശ്വാസമില്ല”

“എടോ ആദ്യം താൻ തന്നെ തന്നെ വിശ്വസിക്ക്. അപ്പോഴേ മറ്റൊരാളെ വിശ്വസിക്കാൻ പറ്റൂ.”

“കോപ്പാണ്…ഈ ലോകത്ത് ചതി മാത്രമേ ഉള്ളൂ…സ്നേഹിച്ചിട്ട് ഒരു കാര്യവുമില്ല “

“എടോ സുഹൃത്തേ… ബാലിശമായ, സ്വാർത്ഥമായ പ്രേമത്തെ കുറിച്ചല്ല ഞാൻ പറയുന്നത്, നിർമലമായ ഹൃദയബന്ധങ്ങളെ കുറിച്ചാണ്. കാണുന്ന ബന്ധങ്ങൾ മുഴുവൻ അവിഹിതമെന്ന ധരിക്കുന്നത് ആ വ്യക്തികളുടെ മാത്രം കുഴപ്പമാണ്. അതേയ് താനാദ്യം തന്നെതന്നെ നന്നായി നിഷ്കളങ്കമായി സ്നേഹിക്ക്. എന്നിട്ട് ആ ഹൃദയം കൊണ്ട് മറ്റുള്ളവരേയും സ്നേഹിച്ചു നോക്ക്. എന്നിട്ട് പറ”

“ഇതൊക്കെ പറയാൻ മാത്രം കൊള്ളാം…”

“തന്നോടൊക്കെ സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. എടോ ഹൃദയം കൊണ്ട് പരസ്പരം കൊരുത്തിടപ്പെട്ടിരിക്കുന്ന ഒത്തിരി ബന്ധങ്ങളുണ്ട് ഈ ഭൂമിയിൽ.

അവിടെ ആണും പെണ്ണുമെന്നൊന്നുള്ള വേർതിരിവില്ല. എന്നും കാണണമെന്നോ വിളിക്കണമെന്നോ ഇല്ലാ. എന്നാലോ ഒരു ഹൃദയമിടിപ്പിനപ്പുറം അവരുണ്ട്താനും. മനസ്സൊന്ന് സങ്കടപെട്ടാൽ, ഹൃദയമൊന്ന് നീറിയാൽ എന്ത് പറ്റിയെടാ എന്ന അപ്രതീക്ഷിത ചോദ്യം കൊണ്ട് എല്ലാ വിഷമങ്ങളേയും അലിയിപ്പിച്ച് കളയുന്നവരുണ്ട്. ജീവിതം വേണ്ടന്ന് വിചാരിച്ച് മരണത്തെ വരിക്കാനൊരുങ്ങി നിൽക്കുമ്പോൾ അത്ഭുതം പോലെ വന്ന് ഹൃദയത്തോട് ചേർത്ത് നിർത്തുന്നവരുണ്ട്. എടോ, “വിഷമിക്കേണ്ട കൂടെയുണ്ട്” എന്നു പറയുന്നതിലും വലിയ ഏത് മരുന്നുണ്ടീ ഭൂമിയിൽ…! ഹലോ…. താൻ കേൾക്കുന്നില്ലേ, എന്താണ് ഒന്നും മിണ്ടാത്തത്…?”

“ഒന്നുമില്ല”

“ശരി..ഇപ്പോ നമ്മൾ സംസാരിച്ചു തുടങ്ങിയിട്ട് പത്ത് മിനിറ്റോളമായി. ഒരു കാര്യം ചോദിക്കട്ടെ..?”

“ആ…ചോദിക്കൂ…”

“നമ്മൾ ആണുംപെണ്ണുമല്ലേ, എന്നിട്ടും നമ്മളിപ്പോ പ്രണയത്തെ കുറിച്ച് സംസാരിച്ചോ..?”

“ഇല്ല…”

“രതി സംബന്ധമായി എന്തേലും സംസാരിച്ചോ…?”

“ഇല്ല.”

“എന്നിട്ടും പത്ത് മിനിറ്റിലധികം സംസാരിച്ചില്ലേ..”.

“ഉവ്വ്…..”

“അപ്പോ ഞാൻ ഉദ്ദേശിച്ചതും മനസ്സിലായില്ലേ “

“മ്….”

“അപ്പോ ആത്മബന്ധങ്ങളെന്ന വാക്ക് ഹൃദയത്തിൽ കുറിച്ച് വച്ചോളൂ…ശരി എപ്പോഴേലും വീണ്ടും കാണാം ബൈ…..”

By ivayana