രചന : ബിനു സനൽ ✍
ബിജുവേട്ടന് ആക്സിഡൻ്റ് എന്ന് കേട്ടപാടെ സ്ക്കൂളിൽ നിന്നും ഇറങ്ങിയോടുമ്പോൾ മനസ്സു നിറയെ ഇനിയും പരീക്ഷിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു. എങ്കിലും അരുതാത്തതൊന്നും സംഭവിക്കില്ല എന്നുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നു…. ആശുപത്രിയുടെ മനം മടുക്കുന്ന ഗന്ധത്തിനും ആംബുലൻസിൻ്റെ മുഴക്കത്തിനുമിടയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാത്ത നിമിഷങ്ങളിലും ചേർത്തു പിടിച്ച കൈകളുടെ കരുത്തിൽ പൊരുതി തന്നെ തിരികെയെത്തി. രണ്ട് വർഷങ്ങൾ കൊണ്ട് പിന്നിക്കീറിയ ചിറകുകൾ ചേർത്തു പിടിച്ച് തുന്നിക്കൂട്ടി പറക്കാനൊരുക്കി , പിന്നീട് പറന്നുയരുന്നതു കണ്ട് എല്ലാവരെയും അഭിമാനത്തോടെ ചൂണ്ടിക്കാണിച്ചിട്ടെനിക്ക് മതിയായിട്ടില്ലല്ലോ….
ഒരു വിളിക്കായ് കാതോർത്ത്, ഓടിയെത്തി ചേർത്ത് പിടിച്ച് കൂടെ നിൽക്കാറുള്ള ആരെയുമോർക്കാതെ പോയല്ലോ.
എന്നും വാശിയോടെ നിനക്ക് മത്സരിക്കാൻ മുന്നിൽ നടക്കുന്ന ഡാഡിയെയും അവസാനം തോൽപ്പിച്ചു., പൊതുവെ കേൾവിക്കുറവുള്ള മമ്മിയോട് ‘ഏത് നട്ടപ്പാതിരയിലും ഞാനൊന്നു ഞരങ്ങുമ്പോൾ അടുത്ത മുറിയിലുള്ള നിങ്ങളെങ്ങനെയാണറിയുന്നതെന്ന ചോദ്യത്തിന് ,നിനക്ക് വയ്യാതായ മുതൽ എൻ്റെ ഒരു കണ്ണും ചെവിയും ഈ കിടക്കയിലാണെന്നു പറയുന്ന മമ്മിയ്ക്കും , നട്ടുച്ചയ്ക്കും ബിജുവേട്ടൻ രാത്രിയാണെന്നു പറഞ്ഞാൽ രാത്രിയാണെന്നു വിശ്വസിക്കുന്ന ശ്രീജേച്ചിക്കുമിനി നിൻ്റെ നക്ഷത്ര കണ്ണുകൾ തുണയാവട്ടെ ….
പതിനെട്ടു വയസ്സിനു മുൻപ് സെൻട്രൽ സർവ്വീസിൽ … വിവിധ ദേശങ്ങളിലായി ഒത്തിരി സൗഹൃദവലയങ്ങൾ…. ഈ പതിനാറ് ദിവസങ്ങളും നിൻ്റെ കരുതലും സ്നേഹവും അനുഭവിച്ചവരുടെ ഒഴുക്കു തന്നെ ആയിരുന്നു എല്ലാവർക്കും കരുത്തായിരുന്നല്ലോ നിൻ്റെ ബിജൂവേട്ടന് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ലെന്നൊക്കെ ആരൊക്കെയോ പറയുന്നതും കേട്ടു .
ഇന്ന് ഉരുപുണ്യ കാവിൽ കർമ്മം ചെയ്ത് ഒരുവേള പോലും തിരിഞ്ഞു നോക്കിയില്ല…. യാത്ര പറയുമ്പോഴെപ്പോഴും പിണക്കവും സങ്കടവും മറയ്ക്കാൻ ദേഷ്യത്തിൻ്റെ മുഖം മൂടിയണിഞ്ഞ് മുഖം തിരിയ്ക്കാറല്ലേ പതിവ്. ഇനിയൊരു വഴക്കിനും പിണക്കത്തിനും ഞാനില്ലെന്ന് എന്നോട് പറഞ്ഞാലോ …. ഇനി ഒരുരുള ബലിച്ചോറിലലിയിച്ചു ചേർക്കാനാണോ നമ്മുടെ പിണക്കവുമിണക്കവും…
അവസാനമെല്ലാവരെയും തോൽപ്പിച്ചു നീ ജയിച്ചു ….. സഞ്ചരിക്കാനിനി ആകാശവും കടലും നിനക്ക് സ്വന്തം..