രചന : സതീഷ് വെളുന്തറ. ✍️
സൗഗന്ധിക സൗരഭത്തിന്നുറവിടവും തേടി
ദ്രുപദാത്മജയുടെ കുതൂഹല വാഞ്ഛയാൽ
സാഹസ ദൗത്യമായ് കാനനം ചുറ്റിയോൻ
ദ്വിതീയ കൗന്തേയനാം വീര മരുൽസുതൻ.
സ്ത്രീജിതനല്ലവൻ ക്ഷാത്ര വീര്യത്തിന്റെ
പ്രോജ്ജ്വലമാം തേജസേറ്റമിയന്നവൻ
രജോ ഗുണത്തിന്നനുരൂപകമായുള്ള
അലങ്കാര ചിഹ്നങ്ങളൊക്കെ ത്യജിച്ചവൻ.
നിഷാദാന്വയത്തിൽ നിന്നല്ലയോ പിന്നെ
പാണിഗ്രഹിച്ചാചാരം വെടിഞ്ഞവൻ
അന്ധ നൃപതി സുതന്മാരെ സംഗരേ
അശേഷമൊടുക്കി ധര വീണ്ടെടുത്തവൻ.
ദ്വിതീയനെന്നാകിലും ദ്വൈതഭാവമൊട്ടുമേ
തൻ പ്രകൃതത്തിൻ മേലേയണിയാത്തവൻ
വിജയത്തിനാധാരമല്ല ദിവ്യാസ്ത്രങ്ങൾ
കൈക്കരുത്തും മനോബലവുമെന്നോതിയോൻ.
സങ്കർഷണൻ തന്റെ ശിഷ്യത്വവും നേടി
ഗദായോധനപ്പടുവായി വിളങ്ങിയോൻ
താത സോദര സൂനുതാനല്ലയോ മുന്നി-
ലൊരു ചുവടു മുന്നിലെന്നെന്നും നിനപ്പവൻ.
ഏതോ നിയോഗമതേറ്റവനെന്ന പോൽ
സഹപാഠിയാകും സുയോധനൻ താനുമായ്
ദ്വൈപായന ഹൃഥം തന്നിലവസാന
പോരിനു കോപ്പൊരുക്കീടാൻ മുതിർന്നവർ.
വിധികർത്താവായി ബലഭദ്രനണയവേ
പതക്കമണിയാനുള്ള മത്സരമല്ലിത്
യുദ്ധമത്രേയെന്ന് ചൊല്ലി ഗുരു മുന്നിൽ
യുദ്ധമര്യാദകളൊക്കെ മറന്നവൻ.
തുട തകർന്നൂഴി പ്രാപിക്കും ധാർത്ത രാഷ്ട്രനെ
വീരോചിതം പ്രണമിച്ച വൃകോദരൻ
തൻ പ്രിയ സഹചരനാകും ഗദയെയും
സംഗ്രാമഭൂവിൽ വെടിഞ്ഞു നടകൊണ്ടവൻ.
✍️