രാവിലെ മുറ്റത്ത്‌ വെറുതെ ഉലാത്തുകയായിരുന്നു. ചുറ്റുമതിലിലെ മാളത്തിൽ നിന്ന് മിന്നായം പോലെ ഒരു തല പുറത്തേക്ക് നീണ്ടു വന്നു. നോക്കി നൽക്കുന്നതിനിടയിൽ തന്നെ അത് അപ്രത്യക്ഷമായി. എനിക്കുള്ളിൽ ഭയം കൂടു കൂട്ടി. പാമ്പെന്ന് കേട്ടാൽ എനിക്ക് ഒരു തരം ബോധക്ഷയം വരും. പാമ്പ് പോയവഴികളിൽ കൂടി നടക്കാൻ പോലും
എനിക്ക് പേടിയാണ്. ഞാൻ ബേജാറിൽ ഭാര്യയെ വിളിച്ചു. എൻ്റെ ശബ്ദത്തിലെ പന്തികേട് മനസിലാക്കിയാവണം അവൾ ധൃതിയിൽ ഓടിവന്നു.


” നീ അടുക്കളയിൽ നിന്ന് ഒരു നല്ല മട്ടലെടുത്തു കൊണ്ടുവാ ദേവകീ “ഏതോ ഒരു ആത്മ വിശ്വാസത്തിലാണ് ഞാനത് പറഞ്ഞൊപ്പിച്ചത്.ഒരു പാമ്പിനെ കൊല്ലാനുള്ള ധൈര്യമൊന്നും എനിക്കില്ല. എൻ്റെ വാക്ക് കേട്ട് സംഗതി മനസിലാവാതെ എന്തിനാണെന്ന മട്ടിൽ അവൾ ഊരക്ക് കൈവെച്ച് എന്നെ നോക്കുകയാണ്. എനിക്ക് ദേഷ്യമാണ് തോന്നിയത്. അത് ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു “ഇതിനകത്തൊരു പാമ്പുണ്ട്. എന്നെ കണ്ടപ്പോൾ അത് തല ഉള്ളിലേക്ക് വലിച്ചു.” ഞാൻ മാളത്തിലേക്ക് വിരൽ ചൂണ്ടി.


അവൾ മുറ്റത്തിറങ്ങി കല്ലടർന്നുണ്ടായ ആ മാളത്തിലേക്ക് ഏതാനും നിമിഷം ചുഴിഞ്ഞു നോക്കി.പിന്നെ പടവല പടരാൻ നാട്ടിയ തറി പറിച്ചെടുത്ത് മാളത്തിൽ കുത്തിക്കുത്തി പലവട്ടം പരിശോധിച്ചു. നിരീക്ഷണമൊക്കെ കഴിഞ്ഞ് പതിവ് പോലെ അവളെന്നെ പരിഹസിച്ചു.


“നിങ്ങൾക്ക് വേറെ പണിയില്ലേ? ഒരു പേടിത്തൊണ്ടൻ, അത് വല്ല നീർക്കോലിയോ മറ്റോ ആവും മനുഷ്യാ. ഇനി അണലിയോ മൂർഖനോ ആയാലെന്ത്?പാമ്പുകൾ ദൈവത്തിൻ്റെ
പ്രതിപുരുഷന്മാരല്ലേ? ” ആ ചോദ്യം എന്നെ കൂടുതൽ ഭയപ്പെടുത്തി. അവൾ തമാശയാണോ കാര്യമാണോ പറയുന്നത് എന്നെനിക്ക് മനസിലായില്ല. അവജ്ഞ തോന്നി. അതു കൊണ്ട് തന്നെ ഞാൻ വീണ്ടും പറഞ്ഞു. “നീ വടി കൊണ്ടുവാ ദേവകീ.” പക്ഷെ, അവളത് കേട്ടതായി പോലും നടിച്ചില്ല.


” നമ്മളീ പുരവാങ്ങുന്നതിനും എത്രയോ
മുമ്പ് ഇവിടെയുള്ള ജീവികളാകും അതൊക്കെ, വെറുതെ പാപം ചെയ്യാൻ നിൽക്കാതെ ഓഫീസിലേക്ക് പോകാൻ നോക്കിക്കൂടേ ?” അവൾ പറഞ്ഞത് കേട്ടപ്പോൾ എൻ്റെ വാക്കുകളൊന്നും ആ ചെവിക്കകത്തേക്ക് കേറിയിട്ടില്ല എന്ന് തീർച്ചയായി. അവൾ വീണ്ടും മുരണ്ടു.
” പാമ്പുണ്ടെങ്കിൽ അവിടെ പാർക്കട്ടെ…
മനുഷന് കാലത്തെണീറ്റാൽ നൂറ് കൂട്ടം പണിയുണ്ട്” പ്രാകി കൊണ്ട് തൻ്റെ സമയം മിനക്കെടുത്തിയെന്ന മട്ടിൽ
അമർഷവുമായി അവൾ അകത്തേക്ക് കേറിപ്പോയി. സമയത്തെ പറ്റി ബോധം വന്നപ്പോൾ ഞാനും തോർത്തെടുത്ത് കിണറ്റ് വക്കത്തേക്ക് നടന്നു. ദിവസങ്ങളോളം ആ ചിത്രം കണ്ണിൽ നിന്ന് മാഞ്ഞില്ല.പിന്നെ ഞാനത് മറന്നു.


ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊന്ന ദിവസത്തിന് കിട്ടിയ ഒഴിവിൽ ഞാൻ സ്‌കൂട്ടർ കഴുകുകയാണ്. അതിനിടക്കാണ് ആ മാളത്തിൽ നിന്ന് വീണ്ടും ഒരു തല പുറത്തേക്ക് നീണ്ട് കണ്ടത്. സത്യമായും അത് നീർക്കോലിയല്ല. അതിൻ്റെ ഉടലിലുള്ള കറുപ്പും വെളുപ്പും വരകളിൽ
ഒരു തരം ഭീകരത ശരിക്കും ഞാൻ ശ്രദ്ധിച്ചു. എനിക്ക് പൂർവ്വാധികം വിറയൽവന്നു. സത്യത്തിൽ മണ്ണിരയെ പോലും ഞാൻ ഭയപ്പെട്ടിരുന്നു.


അന്ന് കണ്ടപ്പോൾ അത് നീർക്കോലിയായിരിക്കും എന്ന് പറഞ്ഞ് അവഗണിച്ചു. അന്നേ അതിനെ കൊന്നിരുന്നെങ്കിൽ…. അന്നത്തെ പോലെ ഇത് തല പിൻവലിച്ചിട്ടില്ല. ഇന്നതിനെ കൊല്ലുക തന്നെ വേണം. പേടിയോടെ ഞാൻ ചിന്തിച്ചു .പക്ഷെ ഭാര്യ ഗാന്ധി സ്മൃതി പരിപാടിയിൽ പങ്കെടുക്കാൻ പുറത്ത് പോയതായിരുന്നു. അകത്ത് പഠിച്ചുകൊണ്ടിരിക്കുന്ന വിവേകിനെ ഞാൻ സഹായത്തിന് വിളിച്ചു. അവനൊന്ന് പുറത്തിറങ്ങിക്കിട്ടാൻ തന്നെ അര മണിക്കൂറെടുത്തു. എങ്കിലും അവൻ മാളവും ചുറ്റുവട്ടവുമൊക്കെ ആർക്കിയോളജി വിഭാഗക്കാരെ പോലെ സൂഷ്മമായി പരിശോധിച്ചു. ഒടുവിൽ അവൻ വളരെ ലാഘവത്തിൽ വിധിയും പ്രസ്താവിച്ചു.


” അച്ഛൻ വെറുതെ പേടിക്കുകയാണ്. കേരളത്തിലെ പാമ്പുകളിൽ അഞ്ച് ശതമാനത്തിന് പോലും വിഷമില്ല.
ഈ പാമ്പിന് മറ്റൊരു പ്രത്യേകതയുണ്ട്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ഉരഗവർഗ്ഗത്തിൽ പെട്ടതാണിത്.
ഈ പാമ്പിന് നാടൻ ഭാഷയിൽ വില്ലൂരി എന്നാണ് പറയുക. Daudin’s Bronzeback
എന്നാണിതിൻ്റെ ശാസ്ത്രീയ നാമം.
നന്നേ കുറഞ്ഞ വിഷമേ ഇതിനുള്ളു. ഒരു കരിക്കുന്നൻ കടിച്ച അത്ര വരില്ല. അത്ര ബുദ്ധിമുട്ടി അതിനെ കൊല്ലേണ്ട ആവശ്യമില്ല. അതും ജീവിച്ച് പൊയ്ക്കോട്ടെ അച്ഛാ” നീരസത്തോടെ പറഞ്ഞ് അവൻ അവൻ്റെ പാട്ടിന് പോയി. എനിക്ക് അതിനെ പിടിച്ച് കൊല്ലണം എന്നുണ്ടായിരുന്നു. അതിന് ആരുടെഎങ്കിലും സഹായമില്ലാതെ പറ്റില്ല. അതിനിടക്ക് സ്കൂട്ടർ കഴുകി വന്നപ്പോഴേക്കും അത് അപ്രത്യക്ഷമായിരിക്കുന്നു.


ഏതായാലും എനിക്കന്ന് ഉറക്കം കിട്ടിയില്ല. പുലരാൻ നേരം ഒന്ന് മയങ്ങി.
എങ്കിലും പല തരം പാമ്പുകൾ എന്നെവിഴുങ്ങാൻ വരുന്നത് കണ്ട് ഞാൻ ഞെട്ടിയുണർന്നു. അങ്ങനെ കുറേ ദിവസം കഴിഞ്ഞപ്പോൾ ഞാനത് മറന്നു. എൻ്റെ ദൈനംദിന ജീവിതവുമായി ഞാൻ മുന്നോട്ട് നീങ്ങി.


പിന്നീടൊരു ഞായറാഴ്ച ലീവ് ആസ്വദിച്ച് കൊണ്ട് ഞാൻ മുറ്റത്ത് പച്ചക്കറികളും ചെടികളും ഒക്കെ വെച്ച് പിടിപ്പിക്കുകആയിരുന്നു. മതിലിൻ്റ ഓരം കിളച്ചു കൊണ്ടിരിക്കുമ്പോഴാണ് പഴയ മാളത്തിൽ കൈക്കോട്ട് കൊണ്ടത്. പെട്ടെന്നാണ് മാളത്തിൻ്റെ വിടവിലൂടെ നല്ലവണ്ണമുള്ള ഒരു മൂർഖൻ പുറത്ത് ചാടിയത്. അഞ്ചടി നീളമുള്ള ആ പാമ്പ് പത്തി വിടർത്തി എൻ്റെ നേരെ വിടില്ലെന്ന മട്ടിൽ ആഞ്ഞടുത്തു.എനിക്ക് കണ്ണിൽ ഇരുട്ടു കയറി.തല കറങ്ങാൻ തുടങ്ങി. വീണു പോകുമോ എന്ന് ഭയന്നെങ്കിലും
ധൈര്യം സംഭരിച്ച് ഉച്ചത്തിൽ നിലവിളിച്ചു. ഓടി വന്ന ഭാര്യക്ക് ആംഗ്യ ഭാഷയിൽ ഞാൻ പാമ്പിനെ കാണിച്ചു കൊടുത്തു. അവൾക്കതിനെ കണ്ടിട്ടും ഒരു കുലുക്കവുമില്ല. അവൾ വിനയാന്വിതയെ പോലെ പാമ്പിന് നേരെ കൈകൾ കൂപ്പി.
സീതയെ കണ്ട രാമനെ പോലെ പാമ്പ് സാവധാനം ഇഴഞ്ഞിഴഞ്ഞ് വീട്ടിനകത്തേക്ക് കേറി.


പിറകെ ദേവകിയും. അവൾ ഫ്രിഡ്ജിൽ നിന്നും ഒരു പാക്കറ്റ് പാലെടുത്ത് തളികയിലൊഴിച്ച് അതിന് മുന്നിൽ വെച്ചു കൊടുത്തു. പാമ്പ് സാവധാനം
പാല് കുടിക്കാൻ തുടങ്ങി. എൻ്റെ ഞരമ്പുകൾ വലിഞ്ഞുമുറുകി. ക്രമേണ
ശരീരത്തിലാകെ നീല നിറം പടരുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഗഫൂർ കൊടിഞ്ഞി.

By ivayana