അക്കൽദാമയിൽ പൂത്ത
കള്ളിമുള്ളുകൾ സർവ്വ-
ദിക്കിലുമുന്മാദത്തിൻ
ഗന്ധത്തെയുണർത്തവേ,
അധികാരത്തിൻ മോഹം
കലർന്ന, ലഹരിതൻ
മധു പാത്രങ്ങൾ രാവും
പകലും നുരയവേ,
രണഭൂമിയിൽ വെടി-
യൊച്ചകൾ തുടരുന്നു
നിണദാഹികളുന്മാ-
ദികളായലറുന്നു.
മരണം മനുഷ്യർതൻ
വെന്ത മാംസവും തിന്നു
മരുഭൂമികൾതോറു-
മലഞ്ഞു നടക്കുന്നു.
ചെങ്കോലും കിരീടവും
കാക്കുവാൻ കാലം, രക്ത-
പങ്കിലമാകും കുരു-
ക്ഷേത്രങ്ങൾ നിർമ്മിക്കുന്നു.
മതവാദത്തിൻ മദം
നാടിന്റെ യുവതയ്ക്കു
മതിവിഭ്രമത്തിന്റെ
ലഹരി വിളമ്പുന്നു.
ലഹരി,വേഷംമാറി
ദൈവമായണഞ്ഞേക്കാം,
മഹിയിലവവതാര-
മെടുത്തു മടങ്ങുവാൻ.
കപടദേശീയതാ-
വാദങ്ങൾ സിരകളിൽ
അപരഹത്യയ്ക്കുള്ള-
യാവേശമുണർത്തുമ്പോൾ,
പൊരുതാൻ മാമാങ്കത്തി-
ലെത്തുന്ന ചാവേറിന്റെ
സിരകൾക്കുള്ളിൽ രാജ-
ഭക്തിയും നിറയുന്നു.
വെറുപ്പിൻ, വിദ്വേഷത്തിൻ,
തത്വശാസ്ത്രങ്ങൾ നാട്ടിൽ
വെറുതെ യുവതയെ
കുരുതികൊടുക്കുന്നു.
ഭക്തിയിൽ ലയിപ്പിച്ചു
മനുഷ്യർ ഭുജിക്കുന്ന
യുക്തിരാഹിത്യം, വിഷം
കലർന്ന ലഹരി താൻ!

മംഗളാനന്ദൻ

By ivayana