രചന : സഫി അലി താഹ✍
1992 ഡിസംബർ 7.
അന്നും, ഒരു പെൺകുട്ടി അക്ഷമയോടെ ദിനപത്രവും കാത്തിരുന്നു,
സൈക്കിളിന്റെ മണിയടി ശബ്ദം കേട്ടപ്പോൾ , മറ്റാരും എത്തുന്നതിന് മുൻപ് പത്രം സ്വന്തമാക്കി,അതിന്റെ മണം ആസ്വദിച്ചുകൊണ്ട് നിവർത്തി.ഒരു പള്ളിയുടെ തകർന്ന താഴികക്കുടങ്ങളിൽ കയറിനിൽക്കുന്ന ഒരു പറ്റം മനുഷ്യരെയവൾ കണ്ടു. കൗതുകത്തോടെ ഓരോ അക്ഷരവും കൂട്ടി വായിച്ചെടുത്തു, അത് ബാബരി മസ്ജിദ് ആണെന്ന് മനസ്സിലാക്കി .
പിന്നെ ഓരോരോ ചർച്ചകളിൽനിന്നും കുറച്ചേറെ കാര്യങ്ങൾ കേട്ടറിഞ്ഞു.ഇന്നും ഏതൊരു മിനാരം കാണുമ്പോഴും അവളുടെയുള്ളിൽ വലിയൊരു താഴികക്കുടവും അതിലേക്ക് കയറിയിരിക്കുന്ന മുഖമറിയാത്ത ഒരുപറ്റം മനുഷ്യരും കൊടികളും തെളിയും.
1992 Dec 6
അന്നത്തെ ദിവസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്.ബാബരിമിനാരങ്ങളുടെ നിലവിളികൾ മുഴങ്ങിയത് മാത്രമല്ല
മതേതരത്വത്തിന്റെ കൊലപാതകം
കൂടിയായിരുന്നു അന്ന് നടന്നത്.ഔദ്യോഗിക കണക്കുകളിൽ രണ്ടായിരത്തോളം മനുഷ്യരുടെ മരണം രേഖപ്പെടുത്തിയ ഭീകര താണ്ഡവത്തിന്റെ യഥാർത്ഥ കണക്കുകൾ അതിലും എത്രയോ വലുതായിരിക്കും.!!
പാശ്ചാത്യ മതേതരത്വവുമായി ഇന്ത്യയിലെ മതനിരപേക്ഷത ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത്,
ന്യൂനപക്ഷങ്ങളെയും ബഹുസ്വരതയെയും” ബഹുമാനിക്കുന്നതാണ് ഇന്ത്യയിലെ മതേതരത്വമെന്നുള്ളതുകൊണ്ടാണ്.അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളിൽ മനസ്സിൽ ആശ്ചര്യചിഹ്നമുയർന്നുവരുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെന്നും രക്തമിറ്റുന്ന മുറിവാണ് ബാബരിമസ്ജിദ്.അഞ്ഞൂറ് വർഷം പഴക്കമുള്ള ബാബരി മസ്ജിദിനെ തകർത്തത് ,മറ്റൊരു ഇന്ത്യയുടെ വരവിലേക്ക് വിരൽചൂണ്ടുന്നതിന്റെ പ്രാരംഭചലനങ്ങളായിരുന്നു.ഫാസിസ്റ്റ് വിത്തുകൾ കാടാകുന്നതിന് നിലം ഉഴുതുമറിച്ചതും, അവിടെ സ്വാർത്ഥതയുടെ വളമെറിഞ്ഞു കൂടുതൽ ഫലഫൂയിഷ്ടമാക്കിയതും അന്നുമുതലായിരുന്നു.
ഓരോ താഴികക്കുടങ്ങളും പൊളിച്ചെറിയുമ്പോൾ മതനിരപേക്ഷതയുടെ കടക്കൽ കത്തിവെയ്ക്കുകകൂടിയായിരുന്നു. കർസേവകർ മുഴക്കിയ ഓരോ ആർപ്പുവിളിയിലും നിറഞ്ഞുനിന്നത് ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള ആർത്തട്ടഹാസങ്ങളായിരുന്നു.അവരുടെ വിജയഭേരികളിലൂടെ ഇന്ത്യയുടെ വിരിമാറിലേക്ക് ഒരു ഇത്തിൾ പടർന്നു കയറുകയായിരുന്നു.അന്നുവരെ നടന്നിട്ടില്ലാത്ത വർഗ്ഗീയ രാഷ്ട്രീയ പേക്കുത്തുകൾക്ക് നമ്മൾ പിന്നീട് സാക്ഷിയായി.
അയോദ്ധ്യയിൽ രാമന്റെ ജന്മഭൂമിയും ബാബരിമസ്ജിദ് തകർക്കലും വഴി ഉരുതിരിയുന്ന രാഷ്ട്രീയസാധ്യതകളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളവരായിരുന്നു അതിന് പിന്നിൽ പ്രവർത്തിച്ചത്.2009 നവംബർ 24 ന് സമർപ്പിച്ച ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടിൽ (REPORT OF THE LIBERHAN AYODHYA COMMISSION OF INQUIRY)
പറയുന്നുണ്ട്,നമ്മുടെ രാജ്യം അനേകം മതങ്ങളുടെ തൊട്ടിലാണ്, ചുറ്റും ഓരോ മതങ്ങളുമായി ബന്ധപ്പെട്ട അനേകം ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും ഉണ്ടാകും.ഇന്ത്യ പോലെ ഇത്ര പുരാതനമായ സാംസ്കാരിക പൈതൃകംപേറുന്ന ഒരു രാജ്യത്ത് ഓരോ കല്ലിനും മന്ദിരത്തിനും ഒരുപാട് കഥപറയാനുണ്ടാകും അത്തരം ഒരു കഥ പറയുന്ന മന്ദിരമാണ് തകർക്കപ്പെട്ടത്.
ഏതൊരു മനുഷ്യന്റെയും മനസ്സിലാണ് ദൈവമുള്ളത്, ദൈവമെന്നാൽ സ്നേഹമെന്നാണ്. ആരായാലും സ്നേഹമില്ലാത്ത മനസ്സുകൾ കൊണ്ടുള്ള ആരാധന ദൈവത്തിനിഷ്ടമല്ല, പ്രാർത്ഥനയ്ക്ക് ഉത്തരവുമുണ്ടാകില്ല. മുറിവുകൾ മാത്രമുള്ള,രക്തത്തിന്റെ മണമുള്ള ഏത് ആരാധനാലയമായാലും അവിടെ ദൈവമുണ്ടാകുമോ? എനിക്കറിയില്ല.
ഒരു മതത്തിന്റെ ആരാധനാലയം പൊളിച്ചുമാറ്റി അതേയിടത്തിൽ മറ്റൊരു മതത്തിന്റെ ആരാധനയ്ക്ക് ഇടമൊരുക്കുന്നത് എന്തുകൊണ്ടോ വ്യക്തിപരമായി
അംഗീകരിക്കരിക്കാനാകുന്നില്ല.
അവിടെനിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ആർക്കിയോളജി വകുപ്പ് കണ്ടെത്തി എന്ന് പറയുന്നുണ്ടെങ്കിലും അവിടെയാണോ നിലനിന്നിരുന്നത്, കിട്ടിയത് ക്ഷേത്രാവശിഷ്ടങ്ങളോ എന്നതിന് വ്യക്തമായ രീതിയിൽ തെളിവുകൾ ഇന്നും കിട്ടിയിട്ടില്ല. കിട്ടിയെന്ന് പറയപ്പെടുന്നതിന് തന്നെ വിമർശനങ്ങളും ചോദ്യങ്ങളും ഉയാർന്നിട്ടുണ്ട്.
അഞ്ചു നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ്, ക്ഷേത്രം പൊളിച്ച് പണിതാണെന്ന് മൂന്ന് നൂറ്റാണ്ട് കാലം ആരും പറഞ്ഞില്ല.പള്ളിക്ക് പരിസരത്ത് രാമജന്മസ്ഥാൻ ഉണ്ടെന്ന് അവകാശപ്പെട്ട് കോടതിയിൽ പോയ പ്രദേശിക ഹിന്ദുമത പുരോഹിതർ പോലും പള്ളിയുടെ നിലനിൽപ്പിനേയോ അതിന്റെ ചരിത്രമൂല്യത്തേയോ ചോദ്യം ചെയ്തില്ല. അവിടെ മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടില്ല.
ഒരു നൂറ്റമ്പത് വർഷങ്ങൾക്കിപ്പുറം ഒറ്റയ്ക്കും കൂട്ടായുമുണ്ടായ ചില പ്രാദേശിക തർക്കങ്ങളെ ഇന്ത്യൻ ജനാധിപത്യത്തിന്റെ തായ് വേര് പിഴുതെടുക്കുന്നപോലുള്ള, സ്വാർത്ഥത ലക്ഷ്യം വെച്ചുള്ള, മതേതരത്വത്തിന് പുല്ലുവില നൽകിയ,
വൈകാരിക-രാഷ്ട്രീയായുധമാക്കി മാറ്റി ബാബ്‌രിമസ്ജിദിനെ ഇല്ലായ്മ ചെയ്ത ബുദ്ധിയാണ് ഇന്നും പടർന്നുപന്തലിക്കുന്നത്.
ബാബരിമസ്ജിദ് പൊളിച്ചത് ക്രിമിനൽ ഓഫൻസായിരുന്നു.എത്രയേറെ തെളിവുകളും സാക്ഷികളും ഉണ്ടായിരുന്നു.! ഒരു ആർക്കിയോളജിയുടെയും സർട്ടിഫിക്കേറ്റില്ലാതെ അങ്ങനെയൊരു പള്ളിയുണ്ടായിരുന്നു എന്നതിന് മുഴുവൻ ജനങ്ങളും സാക്ഷിയുമാണ്.!!കേസിലെ വിധിവന്നപ്പോൾ ബാബരിയുടെ തകർച്ച ആകസ്മികമായി!!!അതിൽ പ്രതിച്ചേർക്കപ്പെട്ടവരൊക്കെ കുറ്റക്കാരല്ലാതായി!!!! അതിൽ ചിലരൊക്കെ രാജ്യസഭാ അംഗവും ഗവർണ്ണവുമൊക്കെയായി.!!!!!
ആധുനിക മതേതര റിപ്പബ്ലിക്കൻ കോൺസ്റ്റിറ്റ്യുഷൻ?????!!!!!!! ചിന്തിക്കുമ്പോഴൊക്കെയും കുറച്ചേറെ ചോദ്യചിഹ്നങ്ങളും ആശ്ചര്യചിഹ്നങ്ങളും മാത്രമെന്റെ മനസ്സിൽ എപ്പോഴും അവശേഷിക്കുന്നു.💔
👌🏻👌🏻ഒന്നും മതത്തിന് വേണ്ടിയുള്ളതല്ല, രാഷ്ട്രത്തിന്റെ അഭിവൃദ്ധിയ്ക്ക് വേണ്ടിയുള്ളതല്ല,ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതല്ല, സ്വാർത്ഥരാഷ്ട്രീയത്തിന് വേണ്ടിയുള്ളതാണ് എന്നതാണ് ഇതിലെയൊക്കെ വിരോധാഭാസം!!