രചന : ഷാജി പേടികുളം✍
വെറുപ്പാണവൾ
ക്കെന്നോട്
അന്നും ഇന്നും .
ഒരിക്കൽ പോലും
സ്നേഹിച്ചിട്ടില്ലത്രെ!
അവൾക്കു ഞാൻ
അപമാനമാണത്രെ
അവളുടെ അന്തസ്സിന്
യോജിച്ചവനല്ലത്രെ!
ഞാൻ കുടുംബത്തിൽ
പിറന്നവനല്ലത്രെ :
തെറ്റുകൾ ഒന്നൊന്നായി
എന്റെ തലയിൽ വച്ചു
തെറ്റുകളുടെ ഭാരത്താൽ
എന്റെ ശിരസ് കുനിഞ്ഞു
നടുവൊടിഞ്ഞു ……
എന്നിലെ വ്യക്തിത്വം
പൗരുഷമൊക്കെ കെട്ടു
ഞാൻ തന്നെയില്ലാതായി.
അവളിൽ തെറ്റില്ല
ശരി മാത്രമേയുള്ളു
ശരി മാത്രം ….
ശരി മാത്രം ചെയ്യുന്ന
മനുഷ്യരുണ്ടോ ?
തെറ്റുപറ്റാത്തവർ
അപ്പോൾ കുഴപ്പം
എവിടെയാണ് ?
തിരിച്ചറിവിന്റെബോധം
പോലും നഷ്ടമായോ ?
പകയുടെ
നെരിപ്പോടാണവൾ
പുകഞ്ഞുകൊണ്ടേയി
രിക്കുന്ന നെരിപ്പോട് .
ആ നെരിപ്പോടിലെ
പുകയായ് ഞാനും
കുട്ടികൾ പകച്ചു നിന്നു
അച്ഛനോ ശരി
അമ്മയോ ശരി
ശരിതെറ്റുകൾ അവരെ
നോക്കി ചിരിച്ചു കരഞ്ഞു
അവർ പരാജിതരായി
ആലംബഹീനരായി .
വിധിയുടെ കൈകളിലെ
കളിപ്പാവകൾ .