പ്രണയം വിരിയുന്ന മുന്തിരിത്തോപ്പുകളുടെ നടക്കല്ലുകൾ കയറി വരുമ്പോൾ അവളുടെ കവിളിണകളിൽ സന്ധ്യ ചാന്തു തൊട്ടിരുന്നു.
കണ്ണുകളിൽ നക്ഷത്രത്തിളക്കം. മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി അവൾ ചിരിച്ചു. നീലനിലാവിൽ പൂത്തു നിന്ന നിശാഗന്ധി പോലെ സൗരഭ്യം പരത്തി മദാലസ സുന്ദരിയെ പോലെ അവൾ. ഞാൻ കന്യാകുമാരയിൽ പാദങ്ങളുറപ്പിക്കുമ്പോൾ അവളങ്ങിനെ ആയിരുന്നു.
ഞാനിപ്പോൾ ആരെക്കുറിച്ചാവും പറയുന്നതെന്നാവും നിങ്ങൾ ചിന്തിക്കുക. വയനാടൻ ചുരത്തിൽ നിന്നും ഈ ത്രിവേണി സംഗമത്തിൽ വന്നു നിൽക്കുമ്പോൾ കന്യാകുമാരിയെ ഇങ്ങിനെ പ്രണയ വിവശയായിട്ടെ എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയു. എന്‍റെ മനസ്സിലും കന്യാകുമാരി ഇങ്ങിനെ തന്നെയാണാദ്യം വരച്ചിട്ട ചിത്രം. ഒരുപക്ഷെ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു പ്രണയത്തിന്‍റെ, മാംഗല്യത്തിന്‍റെ ഒരു മിഴിനീര്‍ത്തുള്ളിയും അതിന്‍റെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാവാം.
കടലിനെ ആത്മീയ തേജസ്സാല്‍ ചവിട്ടി താഴ്ത്തി നില്ക്കുന്ന രണ്ടു മഹാരഥന്മാര്‍… അവര്‍ക്കും ഈ മണ്ണിനും ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന മുക്കുത്തിയുടെ ചുവന്ന വെട്ടം. കടലിന്‍റെ ഇരമ്പലുകള്‍ക്കും പ്രകോപനങ്ങള്‍ക്കും അപ്പുറം വിളിച്ചാല്‍ വിളിപ്പുറത്തെമെന്ന വിശ്വാസത്തിന്‍റെ അചഞ്ചലമായ ഉള്ളുറപ്പ്. ആ ബലത്തില്‍ പൂര്‍ണതയുള്ള മനസ്സുകള്‍. കന്യാകുമാരിയെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഇതൊക്കെയാവും അവളുടെ രേഖാ ചിത്രം.
ഞാനെത്തുമ്പോള്‍ അലകളൊതുക്കി ശാന്തയായിരുന്നു അവള്‍… തിരക്കുകളുടെ നടുവിലും കുലീനമായിരുന്നു അവളുടെ മുഖം.
ശ്രീരംഗത്തെ പോലെ ഒരു താമസസ്ഥലം കണ്ടെത്താന്‍ കൊടും തമിഴിന്‍റെ ആവിശ്യകത ഇല്ലായിരുന്നു ഇവിടെ. മലയാളത്തിന്‍റെ ലയ ഭംഗിയുള്ള തമിഴ് പെട്ടെന്നു പിടികിട്ടി. പരസഹായം ഇല്ലാതെ തന്നെ കാര്യങ്ങള്‍ ശരിയാക്കി.തുറന്നിട്ടാല്‍ പടിഞ്ഞാറോട്ടു നടന്നു പോവുന്ന സൂര്യനും പിന്നെ അവന്‍റെ ആത്മഹത്യയും അതിന്‍റെ സങ്കടം പേറി അണയുന്ന സന്ധ്യയും.
വരാന്തയില്‍ നിന്നും നോക്കിയാല്‍ അതികാലെ ചിരിച്ചുണരുന്ന സൂര്യന്‍… ഇങ്ങിനെയുള്ള ഒരു മുറിയാണെനിക്കുവേണ്ടി അവിടെ മധു ഏര്‍പ്പാടാക്കിയത്. മനസ്സുകൊണ്ടവള്‍ക്കു ഒരുപാടു നന്ദി പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഒരുമരതക കാടാണവള്‍ സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥതയുടെ സഹനത്തിന്‍റെയെല്ലാം.
ഇതിനെല്ലാമെന്താവും അവള്‍ പകരം ചോദിക്കുക എന്നറിയില്ല. മധു മുനമ്പിലെ ഒരു നിത്യ സന്ദര്‍ശകയാണ്. അതവളുടെ അതിജീവനത്തിന്‍റെ ഭാഗവുമാണീ മൂന്നു കടലുകളുടെ സംഗമ സ്ഥാനം. അതുകൊണ്ടുതന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മൂന്നുനാള്‍ കഴിയാനുള്ള സൗകര്യം അവളുടെ അസാനിധ്യത്തില്‍ പോലും അവള്‍ ചെയ്തു തന്നു. സ്ത്രീ അബലയെന്നു പറഞ്ഞ നാവിനോട് എന്തോ ഒരു പുച്ഛം തോന്നി.
ഒരുപാടുനാള്‍ പഴക്കമുള്ള ഒരു ആഗ്രഹമാണ് ഈ ത്രിവേണി സംഗമം സന്ദര്‍ശനം. ഇപ്പോളീ വെള്ളക്കെട്ടിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍, അമ്പതു രൂപയ്ക്കു കന്യാകുമാരിയില്‍ പോകാവുന്ന സ്കൂള്‍ വിനോദയാത്രയില്‍ പോവാന്‍ കഴിയാതെയിരുന്ന നോവലുറങ്ങിയ കുഞ്ഞു മനസ്സിന്‍റെ ആഗ്രഹ സാഫല്യമാണിത് .
‘അമ്മ വീടിന്റെ ജനാല തുറന്നിട്ടാല്‍ കാണാവുന്ന സ്കൂള്‍ മൈതാനത്തുനിന്നും കുട്ടികള്‍ക്കൊപ്പം തലയെടുപ്പോടെ അടുത്ത വീട്ടിലെ രമേശന്‍ ബസ്സില്‍ കയറിയപ്പോള്‍ ജനല്‍ വലിച്ചടച്ചു. അന്നൊരുപാടു കരഞ്ഞപ്പോള്‍ കാശുതരാതിരുന്ന അച്ഛനോടു ദേഷ്യം തോന്നി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു കുളിര്. പക്ഷെ വലുതായപ്പോള്‍ ഒരു കുടുംബത്തിന്‍റെ പരാധീനതകളെ കണ്ടു വളർന്നു വന്നപ്പോള്‍ അമ്മയോടച്ഛന്‍ പറഞ്ഞ വാക്കുകള്‍…….
” എനിക്കും ആഗ്രഹമുണ്ടായിരുന്നു അവനെ കന്യാകുമാരി കാണാൻ വിടണമെന്ന് . കോടതിയിൽ നിന്നും കിട്ടുന്നതു നിനക്കറിയാമല്ലോ. അഞ്ചെട്ടു വയറുകൾ നിറയേണ്ടേ. അതെങ്ങിനെ പിഴപ്പിച്ചു പോവുമെന്നാണു ഞാൻ ഓർത്തത്‌.. പഠിച്ചു മിടുക്കനായി അവനു ഇഷ്ടമുള്ളടുത്തോക്കെ പൊക്കോട്ടെ. അതു കാണാനുള്ള ഭാഗ്യം ഇശ്വരൻ താന്നാൽ മതി. അത്രയേ ആഗ്രഹം ഉള്ളു”.
അച്ഛന്‍റെ ദീർഘ നിശ്വാസവും പിന്നെയുള്ള ആത്മഗതങ്ങളും വളർന്നപ്പോൾ നിദ്രയെ അകറ്റി നിർത്തി. മനസ്സിന്റെ ആഴങ്ങളിൽ നിന്നും അച്ഛൻ കണ്മുന്നിൽ വന്നു നിന്നപ്പോൾ ആ സ്നേഹവും കരുതലും ഒരു കുളിർ കാറ്റു പോലെ പൊതിഞ്ഞു. അച്ഛൻ ആ സ്നേഹമൊരു ആൽമരം പോലെ വളർന്നു. അച്ഛൻ മനസ്സിൽ നിറഞ്ഞു നിന്നു.
നടുമുറ്റത്തു നിവര്‍ന്നു നില്‍ക്കുന്ന വലിയ പന്തല്‍. നിറയെ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്ക് കസേരകള്‍ നിരത്തി ഇട്ടിരിക്കുന്നു.
ബന്ധുക്കളും, സ്വന്തക്കാരും പിന്നെ നാട്ടുകാരും എല്ലാവരും. ചിലര്‍ കൂട്ടം കൂടിനിന്നു സംസാരിക്കുന്നു, ചിലര്‍ അക്ഷമയോടെ കാത്തിരിക്കുന്നു.
കുട്ടികള്‍ ഒന്നുമറിയാതെ ബഹളം കൂട്ടുന്നു. അപ്പോള്‍ അവരെ ശാസിക്കുന്നു ചിലര്‍. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടു കഥയില്ല, അവര്‍ക്കറിയില്ലല്ലോ ജീവിതത്തിന്‍റെ നേര്‍വഴികള്‍ അല്ലെങ്കില്‍ അതിന്‍റെ നിര്‍വ്വചനങ്ങള്‍.
തെക്കോട്ടു നിവര്‍ത്തി വിരിച്ച തൂശനിലയില്‍, തലയ്ക്കല്‍ ഭാഗത്ത്‌ കൊളുത്തി വെച്ച അഞ്ചു തിരിയിട്ട നിലവിളക്ക്. വലതു വശത്തു കീറ്റിലയില്‍ ചന്ദനവും എള്ളും പൂവും പിന്നെ ഒരു കിണ്ടിയില്‍ വെള്ളവും കൂടെ ദര്‍ഭയില്‍ തീര്‍ത്ത ആള്‍ രൂപവും മോതിര വളയങ്ങളും. കണ്ടു നില്‍ക്കും തോറും മനസ്സിന്‍റെ ഭാരം കൂടുന്നു. കണ്ണുകളില്‍ ഒരു മൂടല്‍ അനുഭവപ്പെടുന്നു. ആകെ ഒരുതരം വിറയല്‍ ശരീരത്തിനെ വല്ലാതെ ബാധിക്കുന്നു.
ശരീരത്തിന്‍റെ ഒരുപാതി അടര്‍ന്നു പോയപോലെ. മനസ്സ് അകലങ്ങളിലേയ്ക്ക് പറന്നു പോയ പോലെ. ആകെ ഒരു ശൂന്യത.
നഷ്ടപ്പെട്ടതിന്‍റെ വേദനകളെ കൂട്ടായീ തന്നിട്ട്, ഒറ്റയ്ക്കു നടന്നകന്നതിന്‍റെ ശൂന്യത. ഓര്‍മ്മകള്‍ മാത്രം നോവുകൾ മാത്രം ബാക്കിയാക്കിയൊരു ഒറ്റക്കൊരു യാത്ര.
“ഹരി വേഗം കുളിച്ചു ഈറനോടുകൂടി വരൂ.” കര്‍മ്മിയായ വേലു ചേട്ടന്‍റെ ശബ്ദം ഉയര്‍ന്നു കേട്ടു. ആ സ്വരത്തിന്‍റെ ഘനത്തില്‍ കുളക്കടവിലേയ്ക്കു നടന്നു. കറുക വരമ്പിലൂടെ നടക്കുമ്പോള്‍,ഓര്‍ത്തു. ആ കൈയില്‍ തൂങ്ങി എത്രതവണ ഈ വഴി നടന്നിരിക്കുന്നു. ഇന്നുതന്നെ ഒറ്റയ്ക്കാക്കി പോയി മറഞ്ഞു ആകാശത്തിന്റെ അതിരുകൾക്കപ്പുറം.
വരമ്പിന്‍റെ ഇരുവശവും തലകുമ്പിട്ടു നില്‍ക്കുന്ന മുണ്ടകന്‍ നെല്‍ ചെടികള്‍. പ്രകൃതിയാകെ മൂടി കെട്ടി നില്‍ക്കുന്നു. ഒരു വിഷാദ ഭാവത്തോടെ. പിന്നിടെത്ര വര്‍ഷങ്ങള്‍ ആ കാല്‍പാടുകളെ നോക്കി നടന്നു. ആ സുരക്ഷയില്‍ ആ സ്നേഹത്തിന്‍റെ കീഴില്‍. ആ ചുമലില്‍ കയറി എത്ര വട്ടം ഈ കുളം നീന്തി കടന്നിരിക്കുന്നു.
ഇന്നെല്ലാം ഓര്‍മ്മയാക്കി മാറ്റിതന്നിട്ടൊരു തനിച്ചുപോക്ക്. ആരോടുമൊന്നും പറയാതെ ഒരു നോട്ടത്തിലൂടെ. എന്തിനു എന്നെ വിട്ടു പോയീ.
മനസ്സില്‍ ഓര്‍മ്മകള്‍ കൂടുകൂട്ടി തുടങ്ങവേ, ചേച്ചിയുടെ മകന്‍ ഓടി വന്നു പറഞ്ഞു.
“മാമാ ” കുളിച്ചിട്ടു വേഗം വരാന്‍. കുളിച്ചു ഈറനായീ തൂശനിലയുടെ ഇങ്ങേ തലയ്ക്കല്‍ തെക്കോട്ടു നോക്കി ഒരുകാല്‍ മടക്കി കുന്തിച്ചിരുന്നു. പിന്നെ ചന്ദനം എടുത്തു നെറ്റിയില്‍ തൊട്ടു. ദര്‍ഭ വളയം ഒരെണ്ണം എടുത്തു മോതിര വിരലില്‍ അണിയുക, കിണ്ടിയിലെ ജലത്തില്‍ മുക്കി, കര്‍മ്മിയുടെ സ്വരം കാതുകളില്‍.
അതുപോലെ ചെയ്തു. അപ്പോള്‍ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു. ഒരുപാടു നാളുകള്‍ കഥ പറഞ്ഞൊരു കൂട്ടുകാരനെ പോലെ സ്നേഹിച്ച സ്നേഹത്തിന്‍റെ മുഖം. ഒരുപാടു ലാളിച്ച, ശാസിച്ച, തെറ്റുകള്‍ തിരുത്തിയ കരുതലിന്‍റെ മുഖം. ഓട്ടുരുളിയിലെ വെന്ത ബലിച്ചോറില്‍ നിന്നും ഒരു ഉരുള ഉരുട്ടി ഇലയുടെ നടുവില്‍ വെച്ചു, പിന്നെ പുരോഹിത മുഖത്തു ദൃഷ്ടികള്‍ ഉറപ്പിച്ചു. ആ കണ്ണുകളിലെ വേദന കണ്ടറിഞ്ഞു. എഴുത്തു ശാലയില്‍ നിന്നും തുടങ്ങിയ ആ ബന്ധം. ഇന്നിപ്പോള്‍ ഒറ്റയ്ക്കാക്കി കടന്നു പോയീരിക്കുന്നു. അവന്‍റെ സ്വര്‍ഗ്ഗ ലബ്ധിക്കു വഴികാട്ടി ആവാന്‍ തന്നെ കാലം നിയോഗിച്ചു എന്ന ഭാവം ആ മുഖത്തു നിന്നും വായിച്ചെടുത്തു ഞാന്‍.
ആദ്യം നീരു കൊടുത്തു ആ ദര്‍ഭ രൂപത്തില്‍ നിന്നും ഒരണ്ണമെടുത്തു ആളുടെ പേരും നാലും രൂപവും മനസ്സില്‍ നിനച്ചു ബലിച്ചോറിന്‍റെ മുകളില്‍ തെക്കോട്ടു തല വരത്തക്ക രീതിയില്‍ വെയ്ക്കുക. പിന്നെ മൂന്നു വട്ടം നീരും എള്ളും പൂവും ചന്ദനവും കൊടുത്ത് പ്രാര്‍ത്ഥിയ്ക്കുക.
കര്‍മ്മിയുടെ വാക്കുകള്‍ അതുപോലെ തന്നെ അനുസരിച്ചു. മനസ്സില്‍ ആ സ്നേഹം കൂടുതല്‍ ഉഷ്മളമായീ വളര്‍ന്നു വരുന്നു. ആ ആത്മാവ് എന്നിലേയ്ക്ക്‌ കുടിയെറിയേതു പോലെ. പിന്നെ നെഞ്ചില്‍ ഇരുന്നു മന്ത്രിച്ചു.
“നീ വരുമെന്നു ഞാന്‍ നിരീച്ചില്ല ഹരി. നിന്നെ കാണാന്‍ ആവുമെന്നു എനിക്കൊട്ടും തന്നെ വിശ്വാസം ഇല്ലായിരുന്നു. നിന്‍റെ വരവിനു അതിനു മാത്രമാവണം ഈശ്വരന്‍ എന്നെ ഇങ്ങനെ കിടത്തിയത്‌. നിന്‍റെ കൈയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു പോവാന്‍ വേണ്ടി മാത്രം.എന്‍റെ കണ്ണടയും മുന്നേ നീ എത്തിയല്ലോ. മതി ഇതു മാത്രം മതി എനിക്കു സന്തോഷത്തോടെ, സമാധനാത്തോടെ പോവാന്‍”.
”ഹരിക്കു എഴുന്നേല്‍ക്കാം. അടുത്ത ആളിരിക്ക്”. എന്‍റെ സ്ഥാനത്തു പെങ്ങള്‍, അവള്‍ക്കു കര്‍മ്മി വിധികള്‍ പറഞ്ഞു കൊടുക്കുന്നതു കേട്ടു ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ കര്‍മ്മി പറഞ്ഞു.
”ഇവിടെ കാണണം എങ്ങും പോകരുതു ഹരി കേട്ടോ”. ഉത്തരം പറയാതെ തെക്കേ പറമ്പിലേക്കു നടന്നു. പച്ച ഓലമെടഞ്ഞ
മതില്‍ കെട്ടിനപ്പുറത്തു ആറടി മണ്ണില്‍ നവ ധാന്യങ്ങള്‍ കിളിര്‍ത്തു വരുന്നു. അത് ഒരു ആള്‍ രൂപം പോലെ വളര്‍ന്നു വരുന്നു. എന്‍റെ അടുത്തേയ്ക്ക്. പിന്നെ തോളില്‍ പിടിച്ചു പറഞ്ഞു.
”ഞാന്‍ വരുമിനിയും നിന്നെ കാണാന്‍. എന്‍റെ പേരക്കിടാങ്ങളെ കാണാന്‍. നിനക്കു ഞാന്‍ കാട്ടി തന്നതും,കേള്‍പ്പിച്ചു തന്നതും പിന്നെ പറഞ്ഞു തന്നതും നിന്നിലൂടെ എനിക്കവര്‍ക്കും പകര്‍ന്നു കൊടുക്കണം. നിന്‍റെ കണ്ണിലൂടെ അവരെ എനിക്കു നോക്കി കാണണം”.
“ഹരി” പിന്നില്‍ നിന്നും കര്‍മ്മിയുടെ വിളി. വരൂ ഈ ഇലയെടുത്തു നെഞ്ചില്‍ ചേര്‍ത്ത് നന്നായി പ്രാര്‍ത്ഥിച്ചു തലയില്‍ വെച്ചാ കുളത്തിലേക്ക്‌ നടന്നോള്ളൂ. പിന്നെ അരക്കൊപ്പം വെള്ളത്തില്‍ നിന്ന് അത് പിന്നിലേയ്ക്ക്‌ ഇട്ടു മൂന്നു വട്ടം മുങ്ങിപൊങ്ങുക. തിരിഞ്ഞു നോക്കാതെ കയറി പോന്നോളൂ കുട്ടിയെ”.
അതുപോലെ തന്നെ ചെയ്തു. ഒരിക്കല്‍ കൂടി പേരും നാളും മനസിലോര്‍ത്തു പ്രാര്‍ത്ഥിച്ചു. കരയ്ക്കു കയറി. ആ ചോറുരുളകള്‍ വെള്ളത്തില്‍ അലിഞ്ഞലിഞ്ഞു താഴുന്നു. ആ മനസ്സിന്‍റെ ആശയും സ്വപ്നങ്ങളും അതുപോലെ അലിയുകയാണല്ലോ. ഈ ചിന്ത മനസ്സില്‍ പടരവേ മാവിന്‍ കൊമ്പിലിരുന്ന ബലി കാക്ക ഉറക്കെ കരഞ്ഞു. ഹോട്ടൽ ബോയി വന്നു കതകിനു മുട്ടി വിളിച്ചപ്പോളാണു ചിന്തകളിൽ നിന്നും മനസ്സു പിൻവലിഞ്ഞത്‌ .
“എന്താണ് സർ വേണ്ടതെന്ന നല്ല സ്ഫുടതയോടെ അവൻ മലയാളത്തിൽ ചോദിച്ചപ്പോൾ അത്ഭുതം തോന്നി. കണ്ടാൽ തനി തമിഴ് പയ്യൻ. സൂക്ഷിച്ചു നോക്കിപ്പോൾ അവൻ പറഞ്ഞു.
“ഞാൻ പാതി മലയാളിയാണു സർ. സ്വദേശം ആലപ്പുഴ. അച്ഛന്‍റെ വീടവിടെയാണ്. അമ്മ തനി തമിഴ് ചന്തം. പക്ഷെ അച്ഛനു നിർബന്ധമായിരുന്നു മലയാളം പറയണമെന്നു.മലയാളത്തെ ഒരുപാടു അച്ഛൻ സ്നേഹിച്ചിരുന്നു. കണ്ടിട്ടില്ലാത്ത ആ മനുഷ്യനോടു ആദരവും സന്തോഷവും തോന്നിയ നിമിഷം. അപ്പോൾ മനസ്സിൽ ഓടിയെത്തിയത് പപ്പ മമ്മി സംസ്ക്കാരം പഠിപ്പിക്കുന്ന വടക്കേ ഇന്ത്യൻ മലയാളി കൊച്ചമ്മമാരെയാണ്.
തുറന്നിട്ട ജനാലയിലൂടെ വന്ന കാറ്റടിച്ചപ്പോൾ മുരുകൻപറഞ്ഞു. ”ജനൽ അടച്ചിട്ടോളൂ കടൽ കാറ്റ് ചിലപ്പോൾ പനിയും കൊണ്ട് വരും”.
മുരുകൻ, അതെ അതാണവന്‍റെ പേര്. എന്തുകൊണ്ടോ പനിക്കഥയിൽ അവനെ വിശ്വസിക്കാൻ തോന്നിയില്ല. രാവിലെ ഉണരുമ്പോൾ നല്ല ചൂടും കിടുകിടുപ്പും. പണ്ടു മുത്തശ്ശി മഴ നനഞ്ഞു വരുമ്പോൾ ”ഇന്ന് ചെക്കൻ പനി പിടിപ്പിക്കും തലയിലെ വെള്ളം പോയില്ലെങ്കിൽ എന്ന് പറഞ്ഞു രാസ്നാദി പൊടി നിറുകയിൽ തിരുമ്മി തരുന്ന ഓർമ്മയാണ് മുരുകന്‍റെ വാക്കുകളിൽ കേട്ടത്.
തള്ള ചൊല്ലാ വാവൽ തല കിഴുക്കാം പാടെന്നൊരു പഴമൊഴി ഓർത്തു ചിരിപൊട്ടി. പക്ഷെ ആ ചിരി അടുത്ത ചുമയിൽ ശ്വാസം മുട്ടി മരിച്ചു. ചുമയുടെ ആഘാതത്തിൽ കണ്ണുകൾ നിറഞ്ഞു തൂവാല കൊണ്ടു മുഖം തുടയ്ക്കുമ്പോൾ അടുത്ത മുറിക്കുള്ളിൽ നിന്നും പാദസരത്തിന്റെ കിലുക്കം കേട്ടത്.
വാതിൽ തുറന്നു പുറത്തേയ്ക്കിറങ്ങി. പൊന്നുരുക്കിയൊഴിച്ച വെയിൽമഴയിൽ കുളിച്ചു കന്യാകുമാരി. അവളുടെ രക്തയോട്ടം തുടങ്ങിയിട്ടേ ഉള്ളു. തെരുവുണർന്നു വരുന്നു. കൊച്ചു കൊച്ചു ശബ്ദങ്ങളും ചെറിയ ആളനക്കങ്ങളും.
അവൾ ഉണരുകയാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ തെരുവിന്‍റെ അങ്ങേ മൂലയിൽ കൃഷ്ണേട്ടൻ. തെരുവിലെ ഒരു പുലരിയെ അഭ്ര പാളികളിലേയ്ക്ക് പകർത്തുകയാണ്.പൊൻവെളിച്ചത്തിൽ വെള്ളിക്കമ്പികൾ പോലെ ആ ആ നരച്ച താടി തിളങ്ങി.
അപ്പോൾ മനസ്സിൽ പുതിയൊരു ചിന്തയുടെ പ്രജനനം. മുറിയിലെ പാദസ്വരം ഒരുപക്ഷെ മായ ആയിരിക്കുമോ. കുടമുല്ല പൂവിന്റെ സുഗന്ധം അവിടെല്ലാം പരക്കുന്നപൊലെ. അറിയാതെ നുരഞ്ഞു പൊന്തിയ ഒരു ആഹ്ലാദം സിരകളിൽ പടന്നപ്പോൾ പനിയെ കുറിച്ചോ ർക്കാതെ ഷവർ തുറന്നു. തല തോർത്തുമ്പോൾ നിന്നു തുള്ളുകയായിരുന്നു.
വാതിൽ തുറന്നു മുരുകൻ കാപ്പിയുമായി വരുമ്പോൾ കാണുന്നത് ഈ തുള്ളലാണ്. ആവി പറക്കുന്ന ചൂടു കാപ്പി മേശപ്പുറത്തു വെച്ചവൻ ശരവേഗത്തിൽ ഓടി. തിരികെ വരുമ്പോൾ അവന്റെ കൈയിൽ ഒരു ചെറിയ കുപ്പി ഉണ്ടായിരുന്നു അതിലെ പൊടി ഒരു നുള്ളെടുത്തു അവൻ തന്നെ നിറുകയിൽ തിരുമ്മി. വീണ്ടും മുത്തശ്ശിയുടെ മുഖം മനസ്സിൽ.
” ജനാല അടച്ചില്ല അല്ലേ, നല്ല കാറ്റായിരുന്നു ഇന്നലെ വെളിയിൽ” രണ്ടു കമ്പിളി ഇട്ടു മൂടിപുതച്ചു കിടന്നിട്ടും ഞാൻ വിറച്ചു പോയി. സർ ഇന്നലെ ഉറങ്ങിയില്ല അല്ലെ മുഖം കണ്ടാലറിയാം”. കൈയിലെ ചെറിയ കുപ്പി തന്നിട്ട് പറഞ്ഞു ” ഇടയ്ക്കിടക്കു പുരട്ടിക്കൊള്ളൂ. പിന്നെ അവൻ തിരിച്ചു നടന്നു. പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു.
”ചേട്ടായിക്കൊരു കൂട്ടു വന്നിട്ടുണ്ട് അപ്പുറത്തെ മുറിയിൽ കണ്ടിട്ടു സിനിമാക്കാരാണെന്ന് തോന്നുന്നു. ഇവറ്റകൾ ഇങ്ങിനെ ഒരുപാടു വരും ഈ സമയത്ത്. മുരുകൻ എന്തോ അനിഷ്ടം സംഭവിച്ചതുപോലെ. സർ എന്ന വിളി മാറി ചേട്ടായി എന്നു കേട്ടപ്പോൾ ഒരു ഇഷ്ടം. അതിൽ എന്തോ പന്തികേട്‌ പോലെ മുരുകന്. അവനോടു വിളിച്ചു പറഞ്ഞു.
”ഇനി മുതൽ നീ അങ്ങിനെ വിളിച്ചാൽ മതി” അതുകേട്ടു അവൻ തിരിഞ്ഞു നിന്നു. പിന്നെ സാവധാനം നടന്നു പടിക്കെട്ടുകൾ ഇറങ്ങി. അവൻ കൊണ്ടുവന്ന ചൂടു കാപ്പി ഊതികുടിച്ചു വാതിലിലോട്ടു തിരിയുമ്പോൾ അടുത്ത മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം. രാസ്നാദി, ആകാംക്ഷയോടെ അങ്ങോട്ടു നോക്കുമ്പോൾ പടികൾ കയറി വരുന്ന കൃഷ്ണേട്ടൻ. കണ്ടയുടനെ കൃഷ്ണേട്ടൻ ചോദിച്ചു.
“താൻ എപ്പോളെത്തി. രാവിലെ രണ്ടു ഷോട്ടുണ്ടായിരുന്നു. തെരുവിനെ ഉണർത്തുന്ന കോലാഹലങ്ങൾ. തെരുവിന്റെ കഥയല്ലേ അപ്പോൾ അതിവിടുത്തെ പച്ച മനുഷ്യരുടെ കഥ ആവണം. അങ്ങിനെയാവണം കഥ പറയയേണ്ടത്. അല്ലാതെ ഇപ്പോഴത്തെ ചില പിള്ളേരുടെ ന്യൂ ജെനെറേഷൻ സിനിമ. അതെല്ലാം വെറും കോപ്രായങ്ങൾ അല്ലെ. കഥ അറിയാതെ ആട്ടം കാണുന്നു എന്ന് നമ്മൾ പറയില്ലേ അത് തന്നെ”.
വരൂ ഒരു ചായ കുടിക്കാം. രാവിലിത്തെ ചായ എന്റെ വക” കൈയിൽ കടന്നു പിടിക്കവേ കൃഷ്ണേട്ടൻ പെട്ടെന്നു കൈ പിൻ വലിച്ചു. പിന്നെ ചോദിച്ചു തനിക്കു നല്ല പനി ഉണ്ടല്ലോ. വരൂ വന്നു കിടക്കു നമ്മുക്കൊരു ഡോക്ടറെ കാണാം.
” സാരമില്ല കൃഷ്ണേട്ട. ഇത്തിരി കഴിയുമ്പോൾ അതുമാറും. ഒന്നുമില്ല. പക്ഷെ കൃഷ്ണേട്ടൻ സമ്മതിച്ചില്ല. മുറിയിൽ നിന്നും ഇറങ്ങി പോയി. തിരിച്ചു വരുമ്പോൾ കൈയിൽ ഒരു കപ്പു ചുക്കു കാപ്പിയുമായി മായ. നെറ്റിയിൽ കൈവെച്ചു നോക്കി മായ പറഞ്ഞു. ”നല്ല ചൂട് ഉണ്ടല്ലോ കൃഷ്ണേട്ട ആശുപത്രിയിൽ കൊണ്ടുപോവാം. വല്ലാത്ത കാലമാ “.
അതു പറയുമ്പോൾ അവളുടെ കണ്ണുകളിലെ വേവലാതി ഞാൻ തിരിച്ചറിഞ്ഞു. അവൾ ആകെ പരിഭ്രമിച്ചുപോയിരുന്നു. പിന്നെ പിടിവാശിക്കു വഴങ്ങി ഉച്ചവരെ കാക്കാൻ അവർ തയ്യാറായി.
ഉച്ചയൂണിനു വരുമ്പോഴും കൃഷ്ണേട്ടൻ കാര്യങ്ങൾ തിരക്കി. പിന്നെ ആ മുഖത്തെ പ്രകാശം മങ്ങുന്നതും മായയോട്‌ എന്തോ കയർത്തു സംസാരിക്കുന്നതും അവളുടെ സ്വരം താഴുന്നതും ഞാൻ കേട്ടു. ഇനി കൃഷ്ണേട്ടൻ വല്ലതും, കാരണം ഉച്ചവരെ മായ എന്റെ മുറിയിൽ തന്നെ ആയിരുന്നു. വേഗത്തിൽ മുറി വാതിലിൻ മുന്നിലൂടെ കൃഷ്ണേട്ടൻ പാഞ്ഞു പോകുന്നതും കണ്ടു. അല്പം കഴിഞ്ഞു മായ മുറിയിൽ വന്നു അവളുടെ കണ്ണുകള നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ വിഷമം തോന്നി. പിന്നെ പതിയെ ചോദിച്ചു.
‘എന്താ എന്തുണ്ടായി”.
മായ കുറെ നേരം മിഴികളിൽ തന്നെ നോക്കി ഇരുന്നു. പിന്നെ പറഞ്ഞു ഹരിയെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോവാഞ്ഞതിനു. വിളിച്ചു പറയാതിരുന്നതിനു”. ഇനിയും സംസാരിച്ചാൽ അവൾ പൊട്ടിക്കരയുമെന്നു തോന്നി.
ഞാൻ പറയാം കൃഷ്ണേട്ടനോട്. ”ഞാൻ പറഞ്ഞിട്ടാ മായ വിളിക്കാതിരുന്നതെന്നു”. അപ്പോൾ കൃഷ്ണേട്ടൻ മുറിയിലേയ്ക്കു കടന്നുവന്നു. വേഗം വരൂ വണ്ടി വെളിയിലുണ്ട്. പിടിച്ച പിടിയാലെ വണ്ടിയിൽ കയറ്റി ഡോക്റെരുടെ അടുത്തേയ്ക്ക്. മടങ്ങും വഴിയിൽ പനി പാടെ വിട്ടു മാറിയിരുന്നു. കളിയാക്കി കൊണ്ടു മായ പറഞ്ഞു.
”വൈദ്യരെ കണ്ടാൽ മതി ചിലരുടെ പനി മാറാൻ” അതുകേട്ടു കൃഷ്ണേട്ടൻ പൊട്ടിച്ചിരിച്ചു. ഈ കാലയളവിൽ ഇത്ര സന്തോഷത്തോടെ കൃഷ്ണേട്ടൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. ഷൂട്ടിങ്ങ് സ്ഥലം അടുത്തപ്പോൾ മയയോട് കൃഷ്ണേട്ടൻ പറഞ്ഞു. ഇനി മായ കൊണ്ടുപോവു ഞാൻ വരാൻ കുറച്ചു വൈകും ഇന്നത്തെ ഷോട്ട് മുഴുവൻ എടുക്കണം. കൃഷ്ണേട്ടൻ ഒഴിഞ്ഞു കൊടുത്ത ഡ്രൈവിംഗ് സീറ്റിലോട്ടു മായ കയറി ഇരുന്നു. കടലിരമ്പിലൂടെ കാർ പതിയെ നീങ്ങി.
അപ്പോൾ പറഞ്ഞു. ” കുറച്ചു നേരം നമുക്ക് ഇവിടെ ഇരുന്നിട്ടു പോവാം”. മടി കൂടാതെ മായ കാർ നിറുത്തി വെളിയിൽ ഇറങ്ങി. പിന്നെ കടപ്പുറത്തൂകൂടി നടന്നു. നടക്കുമ്പോൾ കടൽ കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തു പാറി വീണു.
” മൂന്നു മഹാസാഗരങ്ങൾ ഒന്നിക്കുന്ന ഇതുപോലെ ഒരിടം ലോകത്തൊരിടത്തും ഉണ്ടാവില്ല. ശരിക്കും പറഞ്ഞാൽ മനുഷ്യ ജീവിതത്തിന്‍റെ മൂന്നു അവസ്ഥകൾ. തന്നെ ജനന മരണങ്ങൾ അവയ്ക്കിടയിൽ ഒരു ജീവിതം വളരെ ചെറുത്‌.. എന്നാൽ ഏറ്റവും വലതും ഗഹനമായതും. ഈ നീല കടലിനെ ഇന്ത്യൻ മഹാ സമുദ്രത്തെ മനുഷ്യ ജീവത്തോടു കൂട്ടിവായിക്കാം , അല്ലേ ഹരി”.
അപ്പോൾ ഞാൻ ചിന്തിച്ചതു മായ കണ്ടെത്തിയ സത്യങ്ങൾ അതെ കുറിച്ചായിരുന്നു. ജനനത്തെക്കാളും മരണത്തെക്കാളും തീവ്രം ജീവിതം തന്നെ. ഞാൻ അവളെ വീക്ഷിക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കുക്കയായിരുന്നു.
ഉയർന്നു വളർന്നു. കുടപിടിച്ചു നില്ക്കുന്ന ഒരു പാറയുടെ കീഴിൽ ഇരുന്നപ്പോൾ അവൾ ചോദിച്ചു കഴിഞ്ഞ മൂന്നു മാസങ്ങളെന്തു ചെയ്തു.
മറുപടിയായി ശിവനെ, കലയെ പറ്റി മറയൂരിലെ സന്ധ്യകളെ കുറിച്ച്. ചുരത്തിലെ ദിനങ്ങളെ പറ്റി. പിന്നെ മധുവിനെ പറ്റി. അപ്പോൾ മായ പറഞ്ഞു.
” മധു ഒരിക്കൽ അവളെയൊന്നു കാണണം”.
പിന്നെ പാദങ്ങൾ ഉയർത്തി കിലുക്കികൊണ്ടവൾ ചോദിച്ചു ഈ ശബ്ദം ഓർമ്മയിലുണ്ടോ എന്ന്. മാസങ്ങൾക്കു മുന്നേ ശ്രീരംഗത്തെ തെരുവിലെ കടയിൽ കിലിങ്ങിയ പാദസരം. അതിന്‍റെ കിലുക്കം പരസ്പ്പരം ഒന്നാവാനാഗ്രഹിക്കുണ മനസ്സിന്‍റെ സ്പന്ദനം ഞാന്‍ കേട്ടു. ആ നീല കണ്ണുകളില്‍ നക്ഷത്രത്തിളക്കം കണ്ടു ഞാൻ .
മുറിയിലെത്തുമ്പോൾ അവളുടെ മുടിയിലെ മുല്ലപ്പൂക്കളിൽ ഒന്നടർന്നു തറയിൽ വീണു. അതു കുനിഞ്ഞെടുക്കാൻ ശ്രമിക്കവേ മിഴികൾ തമ്മിലിടഞ്ഞു . മായ മുറി വിട്ടിറങ്ങുമ്പോൾ അവളുടെ നെറ്റിയിലെ കുങ്കുമം പടർന്നിരുന്നു.

മാധവ് കെ വാസുദേവ്

By ivayana