രചന : ശ്രീനിവാസൻ വിതുര✍
അകലുവാനായിട്ടടുത്തതെന്തെ
ആകുല ചിന്തയെനിക്ക് നൽകാൻ.
തെറ്റെന്ത് ചെയ്തന്നെതോർക്കുകയാ
ഓർമ്മകൾകെട്ടിടും, മുന്നേഞാനും.
കരളു പകുത്തുഞാൻ നൽകിയല്ലോ!
കാതരേയെന്നെയറിഞ്ഞില്ല നീ.
കാർമുഖിൽ മൂടിയ ജീവിതത്തിൽ
ഏകാകിയായിട്ടിരുത്തിയെന്നെ.
ഓർമ്മയ്ക്ക് വേണ്ടിയായ് നൽകിയല്ലോ!
മുദ്രയാം മോതിര വിരലിലായി.
മോഹങ്ങളെല്ലാം ഒടുങ്ങി ഞാനും
രാവതിൽ നിദ്രാവിഹീനനായി.
കണ്ണുനീർ വറ്റിയെൻ മാനസവും
മാത്രയിലൊന്നു നീ കണ്ടിടാതെ
പാഴ്ശ്രുതി മീട്ടിയകന്ന് പോകാൻ
തെറ്റിൽ ശരിയൊന്നു നോക്കിടാമോ?
കണ്ണൊന്നടഞ്ഞാൽ നിറഞ്ഞുനിൽക്കും
ആ മുഖമെന്റെ മനസ്സിലായി.
നിദ്രയിൽ വന്നെന്നെ പുൽകിടുന്ന
ഓർമ്മയിൽ ഞാനും മറഞ്ഞുപോകാം!
മുന്നിലായിരുളുപടർന്ന നേരം
ജന്മത്തെയോർത്ത് പരിതപിക്കേ.
പാഴ്ജന്മമായിട്ട് പാരിതിൽ ഞാൻ
പാമരനായി പിറന്നനാളും.
ജന്മങ്ങളൊന്നുമെനിക്ക് വേണ്ട
ആയുസിനാഴം കുറച്ചിടാമോ?
ആത്മാവിലിന്നുഞാൻ കണ്ടചിത്രം
മാത്രമായ് നാളെ മറഞ്ഞുപോണം.