രചന : റെജി.എം.ജോസഫ്✍
മിഠായി വാങ്ങിത്തരാമെന്നും, കാഴ്ച്ചകൾ കാട്ടിത്തരാമെന്നും പ്രലോഭിപ്പിച്ച് പെൺകുഞ്ഞുങ്ങളെ നശിച്ചിപ്പിച്ച് കളയുന്ന വാർത്തകൾ ഇന്ന് നിത്യസംഭവങ്ങളായി മാറുന്നു.പിഞ്ചുകുഞ്ഞുങ്ങളോട് ചെയ്യുന്ന ഇത്തരം ക്രൂരതകളാണ് കവിതക്ക് ആധാരം!
കവിത – അനീതിയുടെ തുലാസ്ഒരു ഗുണദോഷക്കഥ.
തെളിവില്ലപോലുമെന്നത്രേ വിധിച്ചത്,
വെളുത്തില്ലിനിയും പകലിവിടെ!
വെളുക്കെച്ചിരിയുടെ തോലണിഞ്ഞാൽ,
വിളയുമേതു കനിയുമിവിടെ!
മധുരം നുണയുന്ന കുഞ്ഞിളം പ്രായം,
മണ്ണിൽക്കളിച്ചും ചിരിച്ചും നടന്നും,
മതി വന്നതേയില്ലവളുടെ ലോകം,
മനം നിറയെയെന്നും കൗതുകം മാത്രം!
അന്യദേശത്തൂന്നിവിടെ വന്ന്,
അന്നത്തിനായിത്തൊഴില് ചെയ്യാൻ,
അരുമമകളെ അയലത്തിരുത്തുമ്പോൾ,
അവരിലൊരാളായി വിശ്വസിച്ചു!
മതിഭ്രമം ബാധിച്ച കണ്ണുകളിൽ,
മകളുടെ പ്രായം പോലുള്ളവളും,
കാമത്തിനുള്ളോരുപാധിയായ് മാത്രമേ,
കാണൂയെന്നുളളതും സത്യമത്രേ!
മധുരം തരാമെന്ന് കേട്ടയുടൻ,
മണ്ണിൽക്കളി നിർത്തി കുഞ്ഞുപെണ്ണ്,
തുള്ളിക്കളിച്ചു കൊണ്ടന്നയാൾക്കൊപ്പം,
തെല്ലു മടിക്കാതിറങ്ങിപ്പോയി!
വെയിൽ ചാഞ്ഞ നേരത്ത് താഴെ കടവിൽ,
നായകൾ ഓലിയിട്ടൊച്ച വയ്ക്കേ,
മെയ്യിലാകെച്ചുടുചോരയൊലിച്ച്,
പെയ്യും മഴയിലവൾക്കിടന്നു!
പതിവ് സമരം മുറവിളിയും,
പതിയെപ്പതിയെ കൊഴിഞ്ഞു വീഴേ,
പുതിയൊരെരിവുള്ള വാർത്ത തേടി,
പത്രങ്ങളും മെല്ലെ പിന്തിരിഞ്ഞു!
നീതി പറയേണ്ട ദേവതയും,
അനീതി തുലാസിൽ തൂക്കി നോക്കേ,
നീതിതൻ ഭാരം കുറവെന്ന് കണ്ടൊരാ,
ന്യായം വിചിത്രം; അതത്രേ സത്യം!