രചന : ശരണ്യ എം ചാരു ✍
ബലാത്സംഗക്കേസിൽ എഫ്‌ഐആർ ഇട്ട് അറുപത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം ഗവണ്മെന്റ് പ്ലീഡറായിരുന്ന പിജി മനു കീഴടങ്ങിയ വാർത്ത ചിലരെങ്കിലും അറിഞ്ഞു കാണും. ഇന്നലെ ഫോർത്ത് പ്രസ്തുത കേസിലെ അതിജീവിതയുമായി നടത്തിയ ഒരു ഇന്റർവ്യൂ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് കണ്ട് കഴിഞ്ഞിട്ട് മണിക്കൂറുകൾ ഇത്രേം ആയിട്ടും “ഇനി ആരും നീതിക്ക് വേണ്ടി പോലീസിന്റേയോ നിയമത്തിന്റെയോ മുന്നിൽ കൈ കൂപ്പി നിൽക്കരുതെന്ന്” അതിജീവിതയും അവരുടെ അമ്മയും പറയുന്ന വാക്കുകൾ മനസ്സിൽ നിന്ന് പോയിട്ടില്ല. എത്രമാത്രം ക്രൂരമായും, പ്രതീക്ഷകൾ ഇല്ലാതാക്കുന്ന തരത്തിലുമാണ് ഇവിടത്തെ നിയമ സംവിധാനം സ്ത്രീകളോട് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ കേസ് എന്ന് തോന്നിപ്പോയി.
അഭിമുഖത്തിൽ അതിജീവിതയുടെ അമ്മ “എനിക്ക് ഈ നിയമ സംവിധാനത്തിലുള്ള മുഴുവൻ പ്രതീക്ഷയും നഷ്ടപ്പെട്ട് കഴിഞ്ഞു, ഞാൻ ഉറങ്ങിയിട്ട് മാസങ്ങളായി, പോലീസും വക്കീലന്മാരും എല്ലാം ബായാസിഡ് ആയിട്ടാണ് പെരുമാറുന്നത്, ഇനി ആരും ഇത്തരം കേസുകളും കൊണ്ട് നടക്കരുത്, പറ്റുമെങ്കിൽ ഉപദ്രവിച്ചവന്മാരേ കൊന്ന് കളയുകയാണ് വേണ്ടത്” എന്നൊക്കെ കരഞ്ഞു കൊണ്ട് പറയുന്നത് കേൾക്കുമ്പോ ശെരിക്കും നമ്മള് ജീവിക്കുന്ന സമൂഹം ഇത്രയും വൃത്തികെട്ടതായി പോയല്ലോ എന്ന് മനസ്സിലാകും. എന്ത് മാത്രം അനുഭവിച്ചിട്ടായിരിക്കും ആ സ്ത്രീകൾ ഒരു മാധ്യമത്തിന് മുന്നിൽ ഇത്രയും പറഞ്ഞവസാനിപ്പിച്ചിരിക്കുക. ഇപ്പോഴും പറയാത്ത, ഇനിയും പറയാൻ സാധിക്കാത്ത എത്രയേറെ കാര്യങ്ങൾ ഉണ്ടാകുമവർക്ക്.
തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തും, സമ്മതമില്ലാതെ പകർത്തിയും പ്രചരിപ്പിച്ച ആലിനെതിരെ കൊടുത്ത ആദ്യ കേസ് വർഷങ്ങളായി നീണ്ട് പോകുന്നത് തടയാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് അറിയാൻ നിയമസഹായത്തിന് ചെന്ന യുവതിയെ ആണ് അറിയപ്പെടുന്നൊരു ഗവണ്മെന്റ് പ്ലീഡറായ പി.ജി മനു ക്രൂരമായി നിരന്തരം പീഡിപ്പിച്ചിരിക്കുന്നത്. അതിജീവിതയുടെ വാക്കുകൾ പ്രകാരം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ അവരെ മനു വിളിപ്പിച്ച ആദ്യ ദിവസം മുതൽ അയാൾ ആ യുവതിയെ ശരീരികമായും മാനസികമായും പീഡിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആണെന്നതടക്കമുള്ള അയാളുടെ പ്രിവിലേജ് കൃത്യമായി ഉപയോഗിച്ചും, നേരത്തെ നൽകിയ കേസ് നിൻ്റെ കുടുംബം കെട്ടിച്ചമച്ചതാണെന്ന് ആക്കി തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് അയാളിത് നിരന്തരം ചെയ്തുകൊണ്ടിരുന്നത്. വക്കീലന്മാരുടെ സംഘടനകൾ ഒരക്ഷരം മിണ്ടിയിട്ടില്ല, ഗവണ്മെന്റ് സംവിധാനങ്ങൾ അനങ്ങിയിട്ടില്ല, എന്തിനധികം മനുവിനെതിരെ പോലീസിൽ പരാതി നൽകിയപ്പോൾ ഇത്രേം വലിയ പൊസിഷനിൽ ഇരിക്കുന്ന ആലിനെതിരെ പെട്ടെന്ന് എങ്ങനെ ആക്ഷൻ എടുക്കുമെന്നാണ് പോലീസ് ആദ്യം പറഞ്ഞത് പോലും. മെഡിക്കൽ എടുക്കാൻ പോയപ്പോൾ ഡോക്ടർക്ക് പറയാനുള്ളതും ഇത്രേം വലിയ പൊസിഷനിൽ ഇരിക്കുന്ന മനുവിന്റെ ജോലി പോകുന്നതിനെ കുറിച്ചും, അയാൾ നാണം കെടുന്നതിനെ കുറിച്ചുമായിരുന്നു എന്ന് അതിജീവിത പറയുന്നു.
ഇനി എന്നാണ് നമ്മൾ മുറിവേൽക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുക എന്നാണ് ഞാൻ ഇപ്പോഴും ആലോചിക്കുന്നത്. ഇവിടത്തെ പോലീസ്, നിയമം, കോടതി തുടങ്ങിയ ഒന്നും ഇത്തരം കേസുകളിൽ പ്രത്യേകിച്ചൊന്നും അതിജീവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ചെയ്യില്ലെന്ന കൃത്യമായ വിശ്വാസത്തിൽ നിന്നല്ലേ ബസ്സിൽ മുതൽ ജോലി സ്ഥലത്ത് പോലും സ്ത്രീകൾ അക്രമിക്കപ്പെടുന്നത്. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്ന സ്‌ത്രീ അനുഭവിക്കുന്ന മെന്റൽ ട്രോമ അവിടെ നിൽക്കട്ടെ, ഇൻവെസ്റ്റ് ചെയ്യുന്ന ടൈം, മെന്റൽ ഹെൽത്ത്, ഫിനാഷ്യൽ പ്രശ്നങ്ങൾ എത്രയാണെന്ന് ചിന്തിക്കുന്നൊരു സമൂഹം ഇനി എന്നുണ്ടാകാനാണ്.
എന്നെ ഇന്നയാൽ പീഡിപ്പിച്ചു എന്നൊരു കേസുമായിട്ട് ഞാൻ മുന്നോട്ട് പോയാൽ ആത്യന്തികമായി എന്നെ അയാൾ പീഡിപ്പിച്ചിട്ടുണ്ട് എന്ന് ഇവിടത്തെ കോടതിക്ക് മുന്നിൽ തെളിയിക്കേണ്ട ബാധ്യത എൻറ്റെത് മാത്രമാകുന്ന അവസ്ഥയോളം ദയനീയമായ മറ്റെന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. എന്നെ അയാൾ ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു, ഇത്രേം ക്രൂരമായി കടിച്ചു, അടിച്ചു എന്നൊക്കെ ഞാൻ പറയണം. ആരോട് പറയണം, ആദ്യ ഘട്ടത്തിൽ പരാതി കൊടുക്കുന്ന പൊലീസിന് മുന്നിൽ തുടങ്ങി നിരന്തരം ഈ മോശം അനുഭവം കുറഞ്ഞത് ഒരു പതിനഞ്ചു പേരോട് എങ്കിലും ഞാൻ പറയേണ്ടി വരുന്നു. ഓരോന്നും വിശദീകരിക്കേണ്ടി വരുന്നു. ഈ പറയുന്നത് അത്രയും ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തത്തെ കുറിച്ചാകുമ്പോൾ ഏത് കാലത്താണ് ഒരു സ്ത്രീ അതിനെ അതിജീവിക്കുക. പോട്ടെ, ഇത്രയും ഘട്ടങ്ങളിലൂടെ കടന്ന് പോകാൻ എത്ര മനുഷ്യരാണ് തയ്യാറാവുക, അതും മാനസികമായും ശാരീരികമായും അത്രമേൽ മുറിവേൽക്കപ്പെട്ട സാഹചര്യത്തിൽ. ഇനി തയ്യാറായാൽ തന്നെ പോലീസും കോടതിയും പോലും ഇടപെടുന്ന രീതി ഇതാണെങ്കിൽ കേസ് കൊടുക്കാനുണ്ടായ ആർജവത്തോടെ എത്ര മനുഷ്യർ അവസാനം വരെ പിടിച്ചു നിൽക്കും.
ഈ നാട് ഇപ്പോഴും സ്ത്രീ സൗഹൃദമൊന്നും അല്ല. ഇവിടത്തെ ഒരു സിസ്റ്റവും സ്ത്രീ സൗഹൃദമല്ലെന്ന് മാത്രമല്ല, ഏറെ കുറെ എല്ലാം പുരുഷന്മാർക്ക് വേണ്ടിയുള്ളതാണ്. അതിൽ തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രിവിലേജ് ഉള്ള പുരുഷന്മാർ ആണെങ്കിൽ അവർക്ക് മുന്നിൽ താണ് വണങ്ങി തൊഴുതു നിൽക്കുന്നതാണ്. കുറഞ്ഞ പക്ഷം ഇത്തരം കേസുകളിലെ അന്വേഷണം, കോടതി ഇടപെടലുകൾ തുടങ്ങിയവ കുറെ കൂടി വേഗത്തിലാക്കുക എന്ന മിനിമം നീതി എങ്കിലും ഇന്നാട്ടിലെ അതിജീവിതമാർ അർഹിക്കുന്നുണ്ട് എന്നെ പറയാൻ ഉള്ളൂ. അത് ചെയ്യേണ്ട കാലമൊക്കെ എന്നോ കടന്ന് പോയിട്ടുണ്ടെങ്കിലും അത് ചെയ്യുക വഴി ഇന്നാട്ടിലെ സ്ത്രീകൾക്ക് കിട്ടുന്ന പ്രതീക്ഷയും, മാറ്റവും ചെറുതായിരിക്കില്ല.
പോലീസുകാർ,വക്കീലന്മാർ,ഡോക്ടർമാർ ഉൾപ്പെടെ സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ളവർക്ക് മറ്റൊരു നീതിയും സാധാരണക്കാർക്കും അധഃസ്ഥിരായ ആളുകൾക്കും മറ്റൊരു നീതിയും ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അധികാരവും സ്വാധീനവും പണവും ഉണ്ട് എങ്കിൽ ഏതു നിയമവും വഴിമാറും.
രാഷ്ട്രീയവും മതവും ഇതിൽ കാണേണ്ടതില്ല പണം സ്വാധീനം അധികാരം ഇതാണ് വിഷയം.
(കടപ്പാട് : അഡ്വ നമ്മളിടം നിഷ നായർ)