ഷോപ്പിലിരുന്ന് കിഷോർ കുമാറിൻ്റെ പാട്ടുകൾ ആസ്വധിക്കുന്നതിനിടയിലാണ് ഫോൺ ശബ്ദിക്കുന്നതറിഞ്ഞത്, പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്നകോളുകണ്ട് ഞാൻ ഫോണെടുത്തു കാതോടുചേർത്തുവെച്ചു….
“രാജേഷാണോ”…
“അതെ”…
“നാളെ പത്തുമണിയാകുമ്പോൾ നിങ്ങൾ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തണം, നിങ്ങളുടെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്”….
“ശരി സാർ”….
ഞാൻ കോൾകട്ടുചെയ്തു. കേസുകൊടുത്തത് ആരായിരിക്കുമെന്ന് എനിക്ക് മനസിലായി…. രാവിലെ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സഹധർമ്മിണിയുടെ കോൾവന്നത് പിണങ്ങിപ്പോയിട്ട് ഒരാഴ്ച്ചയായി…
“നിങ്ങൾ എവിടെയാണ് “….
“വീട്ടിൽ”…
“പോലീസ് സ്റ്റേഷനിൽ പോകുന്നുണ്ടോ”…
” ഉം”…
“എന്നാൽ ഇതിലേവാ ഞാനും വരുന്നുണ്ട്”….
“എന്തിനാണ്”….
“എനിക്കും പോലീസ് സ്റ്റേഷൻവരെ പോകണം ഒരുപരാതി കൊടുക്കാനുണ്ട് “….
“നിനക്കവിടെനിന്ന് ഒരോട്ടോ വിളിച്ചുപോയാൽ പോരെ”….
“പോര, നിങ്ങളുടെ കൂടെമാത്രമേ ഞാൻ പോവുകയുള്ളൂ”….
വാശിക്കാരിയാണ് പോകാതിരിക്കാൻ പറ്റില്ല, ഞാൻ കറെടുത്തു അവളുടെ വീട്ടിലേക്കുവിട്ടു….
വീടിനുസമീപമെത്തി കോൾചെയതു, രണ്ടു നിമിഷത്തിനകം അവൾവന്ന് ഡോർതുറന്ന് മുന്നിലെസീറ്റിൽ മുഖം വീർപ്പിച്ചിരിന്നു…
ചേവായൂർ സ്റ്റേഷനുമുന്നിൽ വണ്ടിനിർത്തി ഞാനകത്തേക്കുനടന്നു പിന്നാലെ അവളും, അപ്പോഴാണ് ഉള്ളിൽ ഒരു ബഞ്ചിലിരിക്കുന്ന അവളുടെ പിതാശ്രീയേയും മാതാശ്രീയേയും കണ്ടത്….
വില്ലനും നായികയും ഒന്നിച്ചുവന്നതുകണ്ടപ്പോൾ ഇരുവരും ഞെട്ടി അന്തംവിട്ട് കുന്തംവിഴുങ്ങിയ പോലെയിരുന്നു….
“നിൻ്റെ നിർമ്മാതാവും സംവിധായികയുമല്ലേ അവിടെയിരിക്കുന്നത്, നിനക്കവരുടെ കൂടെ വന്നാൽ പോരായിരുന്നോ”…
അവളൊന്നും മിണ്ടാതെ എസ് ഐയുടെ റൂമിലേക്കു നടന്നു, പിന്നാലെ ഞാനുംനടന്നു….
“ഇരിക്കൂ”…
എസ് ഐയുടെ അനുവാധം കിട്ടിയപ്പോൾ ടേബിളിന് സമീപത്തുള്ള കസേരകളിൽ ഞങ്ങളിരുന്നു…
“എന്താണ് വന്നത് “…
“എന്നോട് ഇന്ന് വരാൻ പറഞ്ഞിരുന്നു”…
“നിങ്ങളോടോ, എന്താ പേര് “…
“രാജേഷ് “….
“ഇതാരാണ് “….
എസ് ഐ എൻ്റെ കൂടെയിരിക്കുന്നവളെ നോക്കി…
“ഭാര്യയാണ് “…
“അവരുടെ അച്ഛനും അമ്മയുമല്ലേ പുറത്തിരിക്കുന്നത് “…
“അതെ”…
“ഇവർ നിങ്ങളുടെ കൂടെയാണോ വന്നത് “…
“അതെ “….
“എനിക്കും പരാതിയുണ്ട് സാർ”….
വാദിയും പ്രതിയും ഒന്നിച്ചുവന്നതുകണ്ട് എസ് ഐ അമ്പരന്നു…
“നിങ്ങൾ പുറത്തിരിക്കൂ, ഞാനിവരുടെ പരാതി എന്താണെന്ന് കേൾക്കട്ടെ”…
ഞാനെഴുന്നേറ്റ് റൂമിന് പുറത്തിറങ്ങി ഒരു ബഞ്ചിലിരുന്നു. എന്നെക്കണ്ട് നിർമ്മാതാവും സംവിധായികയും മുഖംതാഴ്ത്തി…..
കുറച്ചു സമയം കഴിഞ്ഞപ്പോൾ സഹധർമ്മിണി വന്നരികിലിരുന്നു….
“നിങ്ങളോട് ചെല്ലാൻ പറഞ്ഞു “….
ഞാൻ വീണ്ടും എസ് ഐ യുടെ റൂമിലെക്കുകയറി ഒരു കസേരയിലിരുന്നു, ഐസ് ഐ എന്നെ രൂക്ഷമായിനോക്കി…
“നിങ്ങളൊരു ഫ്രോഡാണ് “…
ഞാനൊരു പുഞ്ചിരിയോടെ ആ മുഖത്തേക്ക് നോക്കിയിരുന്നു…
“നിങ്ങളെ പിടിച്ച് അകത്തിടുകയാണ് വേണ്ടത്,അവളെ അടിക്കാറുണ്ടോ”…
”ഉണ്ട്, ടൗണിൽ വളർന്നതുകൊണ്ടാകും അവളുടെ സംസാരം ശരിയല്ല, മകൻ്റെ മുന്നിൽ വെച്ച് തെറിവാക്കുകൾ പറത്താൽ ഞാനടിക്കും”….
“നിൻ്റെ ഫോണെവിടെ”…
ഞാൻ ഫോണെടുത്ത് നീട്ടിയപ്പോൾ എസ് ഐ അതുവാങ്ങി അതിലെന്തോ തിരയാൻ തുടങ്ങി, കോൾ ലിസ്റ്റ് കണ്ടിട്ടാവണം സംശയത്തോടെ എന്നെനോക്കി വീണ്ടും ഫോണിലേക്ക് മിഴിനട്ടു. അതിലുള്ളത് മുഴുവൻ നാഗവല്ലി എന്നെവിളിച്ച കോളുകളായിരുന്നു….
എസ് ഐ എന്തോകണ്ടുപിടിച്ച മുഖഭാവത്തോടെ എന്നെനോക്കി ചിരിച്ചു….
“അപ്പോൾ നിങ്ങളുടെ ഭാര്യ പറഞ്ഞതൊക്കെ സത്യമാണ് അല്ലേ, ആരാണ് ഈ നാഗവല്ലി”…
“എൻ്റെ ഭാര്യ “…
” നിങ്ങൾക്ക് എത്രഭാര്യയുണ്ട് “…
“ഒന്ന് “…
“ഒന്നോ”…
“അതെ..അവളാണ് പുറത്തിരിക്കുന്നത് “…
എസ് ഐ ഒന്നും മനസിലാകാതെ എൻ്റെ മുഖത്തേക്ക് തുറിച്ചുനോക്കി….
“ഞാനവളെ നാഗവല്ലിയെന്നാണ് വിളിക്കാറ് “….
“അവളുടെ ശരിക്കുള്ള പേരെന്താണ് “…
“ബിൽജ”…
എസ് ഐ മേശപ്പുറത്തിരുന്ന ബല്ലിൽ ശക്തിയായി അടിച്ചു,ഒരു പോലീസുകാരൻ വന്നെത്തി നോക്കി…..
“എല്ലാവരോടും വരാൻ പറയൂ”….
നിമിഷങ്ങൾക്കുള്ളിൽ അകത്ത് കാക്കിയുടുപ്പുകൾ നിറഞ്ഞു…
“ഇവൻ ഇവൻ്റെ ഭാര്യയുടെ പേര് എന്താണ് ഇതിൽ സേവ് ചെയ്തിരിക്കുന്നതെന്നറിയാമോ നാഗവല്ലിയെന്നാണ്, നാഗവല്ലി”….
ചുറ്റുമുള്ള മിഴികൾ എന്നെ വലയം ചെയ്തു, ഒരു അന്യഗ്രഹജീവിയെക്കണ്ടതു പോലെ അവരെന്നെ തുറിച്ചുനോക്കി….
ഞാനൊരു മന്ദസ്മിതവും ചുണ്ടിൽ ചാലിച്ച് അങ്ങനെയിരുന്നു…”
സാറിനു മനസിലായത് മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയല്ലേ, അതുതന്നെയാ ഞാനും ഉദ്ധേശിച്ചത്…
ഈ കാണുന്നതൊന്നുമല്ല അവളുടെ സ്വഭാവം, വിശ്വരൂപം കണ്ടാൽ സാറ് പുതിയപേരുകൾ തിരയാൻതുടങ്ങും”…
ചുറ്റുംനിന്നവർ ഓരോന്ന് പിറുപിറുത്ത് പുറത്തേക്കുനടന്നു….
“അവരെ വിളിക്കൂ”…
റൂമിനുള്ളിൽ നിന്നും പുറത്തേക്കു പോകാനൊരുങ്ങിയ ഒരു പോലീസുകാരനോട് എസ് ഐ പറഞ്ഞു….
അവളുടെ മാതാശ്രീയും പിതാശ്രീയും അകത്തുവന്ന് എൻ്റെ സമീപത്തുള്ള കസേരയിലിരുന്നു….
“എന്താണ് നിങ്ങൾക്കുള്ള പരാതി”…
അവർ എൻ്റെ കുറ്റങ്ങൾ പറയാൻ തുടങ്ങി, ഞാനൊന്നും മിണ്ടാതെ അതെല്ലാം കേട്ടിരുന്നു. വാദം കഴിഞ്ഞപ്പോൾ വിധി കേൾക്കാനായി ഞാൻ എസ് ഐയുടെ മുഖത്തേക്ക് മിഴിനട്ടു…
“ഇനി നിങ്ങൾ പുറത്തു പോയിരിക്കൂ”…
രണ്ടുപേരും എഴുന്നേറ്റ് റൂമിനുള്ളിൽനിന്നും പുറത്തേക്കുനടന്നു… എസ് ഐ എൻ്റെനേരെ നോക്കി….
“എന്തായാലും ഇപ്പോൾ പോയ്ക്കോ, ഇനി അവളെ വിളിക്കാനോ, ആ വീട്ടിലേക്ക് പോകാനോപാടില്ല മനസിലായോ”….
” ഉം”….
“ഇനി നിൻ്റെ പേരിലെന്തെങ്കിലും പരാതി കിട്ടിയാൽ പിടിച്ചു ഞാനകത്താക്കും”….
ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു. ആരുപറഞ്ഞാലും എനിക്കവിടെ പോകാതിരിക്കാൻപറ്റില്ല കാരണം എൻ്റെ മകൻ അവിടെയാണുള്ളത്…..
എന്നെക്കണ്ട് അവളെഴുന്നേറ്റ് അടുത്തുവന്നു…
“എസ് ഐ എന്തുപറഞ്ഞു”…..
“എന്നോട് പോകാൻ പറഞ്ഞു, എൻ്റെ പേരിൽ കള്ളക്കേസുകൊടുത്തതിന് നീയും നിൻ്റെ തന്തയും തള്ളയുമെല്ലാം അകത്താകുമെന്നാ തോന്നുന്നത് “…
പറഞ്ഞുതീർന്നതും ഞാൻ പുറത്തേക്കുനടന്നു….
“നിൽക്ക് ഞാനുംവരുന്നു”….
എൻ്റെ പിന്നാലെ ഓടിവന്ന് അവൾ കാറിനുള്ളിൽ കയറിയിരുന്നു…
അവളെ വീട്ടിലിറക്കി ഷോപ്പ് തുറക്കാനായി യാത്രതുടർന്നു, ഷോപ്പിലെത്തുമ്പോൾ സമയം പന്ത്രണ്ടു മണിയായിരുന്നു…
എനിക്കെന്നും ലോട്ടറിതരുന്ന കേശവേട്ടൻ ഷോപ്പിനുസമീപം എന്നെ കാത്തുനിൽക്കുന്നതുകണ്ടു….
“എന്താ വൈകിയത് “…
“ഒരു പണിക്കരെ കാണാൻ പോയിരുന്നു”….
“എന്തിന് “…
“എനിക്കൊരുകല്യാണവും കൂടിക്കഴിക്കാൻ യോഗമുണ്ടോ എന്നറിയാൻ”….
“എന്നിട്ട് പണിക്കരെന്തു പറഞ്ഞു”….
“തൂങ്ങി മരിക്കാൻ ഒരുകഷ്ണം കയറുപോരേയെന്നു ചോദിച്ചു. അതുമതിയെന്നു പറഞ്ഞ് ഞാനിങ്ങുപോന്നു”….
ഉച്ചത്തിൽ ചിരിച്ചുകൊണ്ട് കേശവേട്ടൻ ബേഗുതുറന്ന് റിസൽട്ടിൻ്റെ പേപ്പറെടുത്തു, ഇന്നലത്തെ ടിക്കറ്റിൽ പ്രൈസുണ്ട് ഒരു ലക്ഷം, നിൻ്റെ ടിക്കറ്റെവിടെ നോക്കട്ടെ”…
ഞാൻ മേശയിൽ നിന്ന് ലോട്ടറിടിക്കറ്റെടുത്ത് കൊടുത്തു, കേശവേട്ടൻ പേപ്പറിൽനോക്കി ടിക്കറ്റ് എൻ്റെ കയ്യിൽത്തന്നെതന്നു….
“ആർ കെ സീരിയലിനാ അടിച്ചത് ഇത് ആർ എസ് ആണ്, പ്രൈസുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ കരുതി നിനക്കായിരിക്കുമെന്ന്,നിൻ്റെസമയം ശരിയല്ലാ”….
കേശവേട്ടൻ നിരാശയോടെ ഇറങ്ങിനടന്നു……
അല്ലെങ്കിൽത്തന്നെ ആരുടെ സമയമാണ് ഇവിടെ ശരിയായത്, എല്ലാം തികഞ്ഞവരെന്ന് നമ്മൾ കരുതുന്നവരും പലതും ശരിയാകാൻവേണ്ടി കാത്തിരിക്കുന്നവരായിരിക്കും, പ്രതീക്ഷയാണെല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്….

രാജേഷ് കൃഷ്ണ

By ivayana