രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
കവിയൊരു പഹയൻ പറയുന്നേവം
കവിതയിലാകെ ക്ലീഷേ ക്ലീഷേ!
എന്തൊരുപകയാണിവനുടെയുള്ളിൽ……
അന്തംകമ്മിക്കപിയുടെയുള്ളിൽ!
കോഴിക്കവിതകൾ പാടിനടക്കും
കോഴിക്കാലൻ കപിയുടെയുള്ളിൽ!
അക്കാദമിയിലിരിക്കും ഡമ്മി-
ക്കിക്കാലത്തിങ്ങെന്തു പ്രസക്തി?
ഫാസിസത്തെയെതിർത്തീടുന്നോൻ,
ഗാസയെ വാഴ്ത്തിപ്പാടീടുന്നോൻ!
കുതികാൽവെട്ടും വഞ്ചനയുംകൊ-
ണ്ടിതിഹാസത്തെ ഹനിച്ചീടുന്നോൻ!
നിളയെന്നുള്ളാരു നദിയുംക്ലീഷേ,
ഇളനീരെന്നൊരു പദവുംക്ലീഷേ!
കോണകമെന്നതു കേട്ടാൽ ക്ലീഷേ!
ചാണകമെന്നതു കേട്ടാൽ ക്ലീഷേ !
വന്ദേമാതരമെന്നുരചെയ്താ-
ലെന്തതുമയ്യോ,ക്ലീഷേ… ക്ലീഷേ!
അക്ഷരശുദ്ധിയൊടൊരുപാട്ടെങ്ങാൻ,
കക്ഷിശ്രവിച്ചാലൊക്കെ ക്ലീഷേ!
അച്ഛനു,മമ്മയുമിവനോ ക്ലീഷേ!
സച്ചരിതങ്ങൾ സമസ്തംക്ലീഷേ!
എച്ചിലുതീനി സച്ചിക്കുണ്ടോ,
പുച്ഛിച്ചീടുകി,ലല്ലലൊരൽപ്പം?
കവിയല്ലിവനൊരു കപിയാണെന്നേ,
കവിയായുള്ളവർ ചൊല്ലീടുള്ളൂ!
കൊടിയടയാളം നോക്കിക്കവിതയെ-
യടിമുടിയൊട്ടുപഴിച്ചാലോർപ്പൂ
ചുടുചുടുവാക്കുകൾ കൊണ്ടതിനുത്തര-
മുടനടിയങ്ങു ലഭിച്ചീടില്ലേ!
കപടത മുഖമുദ്രകളാക്കുന്നോ-
രപകടമൊന്നതു മുന്നെനിനയ്പ്പൂ.