രചന : സെഹ്റാൻ ✍
ആരുടെ അതിഥിയായിരുന്നു
ഞാൻ ഇന്നലെ…?
ഇന്നലത്തെ
വീഞ്ഞിൻ ലഹരി.
ഇന്നത് പടം പൊഴിച്ച
പാമ്പിനെപ്പോൽ.
മയക്കത്തിലേക്ക്
പൂണ്ടുപോവാനും,
ഉണർച്ചയിലേക്ക്
കൺമിഴിക്കാനുമാവാത്ത
ആലസ്യതയാർന്ന
നനുത്ത പുലരിയിൽ
കൗതുകം വിടർത്തി
തലയിണയരികിൽ ഒരുപിടി പനിനീർപ്പൂക്കൾ!
ആർക്ക് സമ്മാനിക്കാമതെന്ന
ആശയക്കുഴപ്പത്തിൽ
ക്രമരഹിതം വളഞ്ഞുപുളയുന്ന
പുലർനടത്തിൻ പാത.
പാതയോരത്ത്
ഒന്നാമത്തെ
രണ്ടാമത്തെ
മൂന്നാമത്തെ
നാലാമത്തെ
കാമുകിയുടെ വീടുകൾ.
ഒന്നാമത്തെ കാമുകിയുടെ
വീടിനുമുന്നിൽ
സൂഫീനൃത്തമാടുന്നൊരു
ചിലന്തിയെക്കണ്ടു.
രണ്ടാമത്തെ കാമുകിയുടെ
വീടിനുമുന്നിൽ
ശിശിരകാലനിദ്രയിൽ
ആണ്ടുപോയൊരു
കരടിയെക്കണ്ടു.
മൂന്നാമത്തെ കാമുകിയുടെ
വീടിനുമുന്നിൽ
നക്ഷത്രത്തിന്റെ
രൂപഘടനകളൊന്നുമില്ലാത്തൊരു
നക്ഷത്രം കണ്ടു.
നാലാമത്തെ കാമുകിയുടെ
വീടിനുമുന്നിൽ
പകൽവെളിച്ചത്തിൽ
ദിക്കുതെറ്റിയൊരു
മിന്നാമിനുങ്ങും.
ഒന്നാമത്തെ
രണ്ടാമത്തെ
മൂന്നാമത്തെ
നാലാമത്തെ
കാമുകിയുടെ
വീടുകൾ പിന്നിടുമ്പോൾ
നാലുപേരിലാർക്ക്
സമ്മാനിക്കാമാ പൂക്കൾ…?
ആർക്കുമില്ല!
നാലുദിവസം നീണ്ട
നടത്തത്തിനൊടുവിൽ
ഞാനതെന്റെ
കല്ലറയ്ക്ക് മുകളിൽ
നിക്ഷേപിക്കുന്നു.
കല്ലറയ്ക്കുള്ളിൽ
ഒന്നാമത്തെ
രണ്ടാമത്തെ
മൂന്നാമത്തെ
നാലാമത്തെ
കാമുകിയുടെ
കാമക്കിതപ്പുകൾ
സംഭോഗശീൽക്കാരങ്ങൾ!
ആസക്തിയുടെ
ശീലചുറ്റിയ കാറ്റ്!
ഉയർന്ന ഗോപുരം പോൽ
ഉദ്ധരിച്ചു നിൽക്കുന്ന
നനവാർന്ന ഏകാന്തത!
കല്ലറമുകളിലെ
കുരിശിൽ ചാരിയിരുന്നൊരു
സ്വയംഭോഗ സ്വപ്നമായ്
വഴുതുന്ന ഞാൻ.
രതിമൂർച്ഛയുടെ
മുളന്തണ്ടിൽ
പരാഗണോത്സുകരായ്
പാറുന്ന
നാലു ശലഭങ്ങളുടെ
ചിറകടി.
ചാരത്തെ
പനിനീർപ്പൂക്കളിലേക്ക്
മഞ്ഞുകണങ്ങളെന്ന പോൽ
ചിതറിത്തെറിക്കുന്ന
ശുക്ലബിന്ദുക്കൾ!
ആരുടെ അതിഥിയാണ്
ഞാനിന്ന്…?
🔴