നരവംശമൊന്നായ് മുടിക്കുവാനായ്
നരനവൻതന്നെ വഴിയൊരുക്കും
ഒടുവിലാ വഴിയിൽ പകച്ചുനിൽക്കും
അർത്ഥമില്ലാതെ കരഞ്ഞുതീർക്കും.
ഒരുമയാണേറ്റം മികച്ചതെന്നും
മനമാണ് മഹിയിൽ മഹത്വമെന്നും
ഒരുവേളപോലും നിനച്ചിടാതെ
മാനുഷൻ നരകം ചമച്ചിടുന്നു.
ജനനമുണ്ടാകുകിൽ നമ്മളെല്ലാം
മൃതിയുടെ കൈകളിൽ ചെന്നുചേരും
എങ്കിലും നാം സ്വയം ചത്തൊടുങ്ങാൻ
നമ്മൾക്കൊരു കുഴി തീർത്തിടുന്നു.
വിശ്വം വെട്ടിപ്പിടിക്കുവാനായ്
അശ്വവേഗത്തിൽ കുതിച്ചുപായ്കേ
നശ്വരനാണെന്നും മർത്യനെന്ന
സത്യം മറന്നു നാം അന്നുമിന്നും.
നാമെത്ര കൊമ്പുകുലുക്കിയാലും
കാലത്തിനൊരുകർമ്മനീതിയുണ്ട്
നാമതിൻ മുമ്പിൽ ജയിക്കുകില്ല
നിയതിയെ വെല്ലാൻ കഴിയുകില്ല.
വെല്ലുവാനുള്ള ത്വരയിൽ നാം നമ്മുടെ
നിഴലിനെപ്പോലും വിഷംകൊടുത്തു
കലിപൂണ്ട മർത്യനെ നോക്കി കാലം
വേണ്ടെന്നിടയ്ക്കിടെ വാക്കുതിർത്തു.
നിപ്പ, ഭൂകമ്പം, കൊടുങ്കാറ്റ്, പേമാരി
കാട്ടുതീ, പ്രളയം, സുനാമിതൊട്ട്
വൈറസ്സിൻ വേഷത്തിലൊടുവിലെത്തി
നിത്യസത്യംപോലെ കാലനീതി.
വെട്ടിപ്പിടിക്കാൻ കുതിച്ചുപായും
നമ്മൾക്കുമുമ്പിൽ മതിലു തീർത്ത്
നെഞ്ചും വിരിച്ചു കൊറോണ നിന്നു
നിസ്സഹായരായി നാം നോക്കിനിന്നു