ഇന്നലെയായിരുന്നു തമിഴ് സിനിമാസൂപ്പർ താരം ധനുഷിന്‍റെ ജന്മദിനം. അദ്ദേഹത്തിന്‍റെ രൂപഭംഗിയും അഭിനയവും ഏറെ ഇഷ്ടം.
ഏറ്റവും അവസാനം കണ്ട അദ്ദേഹത്തിന്‍റെ സിനിമ അസുരൻ ആണ്. ഒരു ദളിത് കർഷക കുടുംബത്തിന്‍റെ കഥ പറയുന്ന അസുരൻ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരൻ ആണ്. കൊടിയ ജാതി വിവേചനം മൂലം ജീവിതത്തിൽ ഉണ്ടാകുന്ന അതിഭീകരമായ പ്രശ്നങ്ങളെ നേരിടുന്ന ദളിത് കുടുംബം,
ജീവിക്കുന്നതിനും തലമുറകൾക്കുവേണ്ടി കരുതി വയ്ക്കുന്നതിനും നടത്തുന്ന പോരാട്ടങ്ങളാണ് അസുരൻ സിനിമ പറയുന്നത്.
ഇതുവരെയുള്ള ഒരു സിനിമയിലും കാണാത്ത ജാതിവിവേചനത്തിന്‍റെ പല തീക്ഷ്ണ സ്വഭാവങ്ങളും ആ സിനിമ പറയുന്നു. അതിനെതിരെയുള്ള അതിജീവനത്തിന്‍റെ അസുരഭാവങ്ങളാണ് അഭിനയത്തിന്‍റെ ആഴങ്ങളിൽ കൂടി ധനുഷ് ആവിഷ്‌ക്കരിക്കുന്നത്. കൊലപാതകത്തിന്‍റെയും വേട്ടയാടലിന്‍റെയും അപമാനത്തിന്‍റെയും ഭയത്തിന്‍റെയും ശ്വാസമടക്കിപ്പിടിച്ചുള്ള രംഗങ്ങളാണ് സിനിമയിലുടനീളം കാണുന്നത്. മരണത്തിന്‍റെയും ജീവിതത്തിന്‍റെയും ഇടയിലൂടെ അതിജീവനത്തിനായി ഒരു ജനത നടത്തുന്ന പോരാട്ടങ്ങളുടെ എഴുതപ്പെടാത്ത അനേകകഥകളിലേക്ക് ഓരോ ഷോട്ടുകളും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. സിനിമ എന്ന കലാരൂപത്തിനുള്ളിൽ നടത്തുന്ന കലാപം തന്നെയാണ് അസുരൻ. അതിന്‍റെ മുഴുവൻ അസുരഭാവങ്ങളും ശരീരഭാഷയിലേക്ക് കൊണ്ടുവരുന്നു ധനുഷ്. മക്കൾക്കും ഭൂമിക്കും വേണ്ടി അയാൾ നടത്തുന്ന വിട്ടുവീഴ്ചകളുടെ സങ്കടപ്പെടുത്തുന്ന കാഴ്ചകൾ ! മകന്‍റെ ജീവനുവേണ്ടി ഓരോ വീടുകളിലും പോയി കൈകൂപ്പിക്ഷമ ചോദിക്കുന്ന അച്ഛനെ ധനുഷ് അവിസ്മരണീയമാക്കുന്നു. വിട്ടുവീഴ്ചകളും അപമാനങ്ങളും അതിജീവനത്തിനായി ഏറ്റെടുക്കുന്ന മനുഷ്യരെ ഇത് ഓർമിപ്പിക്കുന്നു.
ചെരുപ്പിട്ട് സ്കൂളിൽ പോയതിന് അപമാനിക്കപ്പെട്ട് മർദ്ദനം ഏറ്റുവാങ്ങി സഹപാഠികൾക്കൊപ്പം റോഡിലൂടെ ചെരുപ്പ് തലയിൽ വെച്ച് നടന്നുവരുന്ന പെൺകുട്ടിയുടെ മുഖം മറക്കാനാവാത്ത മറ്റൊരു സീനാണ്.
പുതിയ വസ്ത്രങ്ങളൊക്കെ ഇട്ട് ക്ലാസ്സിൽ ചെല്ലുന്ന ദളിത് കുട്ടികളെ കാണുമ്പോൾ ഒരുങ്ങിക്കെട്ടി വന്നിട്ടുണ്ടല്ലോ എന്ന മട്ടിൽ ചില ടീച്ചർമാരുടെ നോട്ടം ഇപ്പോഴും സാധാരണമാണല്ലോ. എത്ര അപമാനിക്കപ്പെട്ടാണ് വിദ്യാഭ്യാസം ചെയ്യുന്ന ഓരോ ദളിത് കുട്ടിയും കടന്നു പോകുന്നത് എന്ന ഭീകരമായ സത്യത്തിലേക്ക് അത് വിരൽ ചൂണ്ടുന്നു. മകനെ രക്ഷിക്കാൻ ലാസ്റ്റ് സീനിൽ ആയുധമെടുത്ത് ഒരു അസുരനെപ്പോലെ വരുന്ന ധനുഷ് അസാമാന്യ പെർഫോമൻസ് ആണ് അതിൽ കാഴ്ചവെച്ചത്. വൈകാരിക പ്രക്ഷുബ്ധതയോടെയല്ലാതെ ഒരു സീനും കടന്നുപോകുന്നില്ല. പച്ചൈയമ്മ എന്ന ധൈര്യശാലിയായ ദളിത് സ്ത്രീയെ മഞ്ജു വാര്യർ അവതരിപ്പിക്കുന്നു.
അച്ഛനെയോ മകനെയൊ കൊന്നവരോട് പ്രതികാരം ചോദിക്കുന്നതു പോലെയുള്ള ആക്ഷൻ സിനിമകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. ഇത് അത്തരം ഒരു പ്രതികാര സിനിമയല്ല.പകരം മറ്റൊരു രാഷ്ട്രീയം പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്.അത് വയലൻസിന്‍റെ രാഷ്ട്രീയമല്ല.
” നമ്മുടെ പണവും ഭൂമിയും അവർ തട്ടിയെടുക്കും; പക്ഷെ വിദ്യാഭ്യാസം തട്ടിയെടുക്കാൻ ആർക്കും സാധ്യമല്ല”എന്നു പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്. പണത്തേക്കാളും ഭൂമിയേക്കാളും വലുത് വിദ്യാഭ്യാസമാണെന്ന് സിനിമയിൽ പ്രഖ്യാപിക്കുമ്പോഴും ഇന്ന്,
വിദ്യാഭ്യാസം ചെയ്യുന്ന ദളിത് കുട്ടികൾ ആത്മഹത്യ ചെയ്യുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ആണുള്ളത്.വിദ്യാസമ്പന്നരായിട്ടും അർഹമായ ജോലി ഇല്ലാതെ പകച്ചു നിൽക്കുന്ന ദളിത് യൗവനങ്ങൾ സിനിമയ്ക്ക് പുറത്തെ സമകാലീന കാഴ്ചയാണ്.
കാണേണ്ട സിനിമ തന്നെയാണ് അസുരൻ.. ❤️
Mohanan Pc Payyappilly)