രചന : ബാബുഡാനിയൽ ✍️
(കാലമിന്ന് പിടഞ്ഞോടുകയാണ് എന്തിനാണ് കാലം പിടഞ്ഞോടുന്നത്.?
മാനവരാശിയുടെ ചരിത്രത്തിലെ തീരാകളങ്കം മായ്ച്ചുകളയാനോ..!)
കുതിച്ചങ്ങുപായുന്നൊരശ്വംകണക്കേ
തിരക്കിട്ടുപായുകയാണിന്നു കാലം
ഒടുക്കമാകാലാഗ്നിയില്‍ ചാരമാകാൻ
തിടുക്കത്തിലോടുകയാണിന്നു കാലം
ഇരുട്ടിന്‍യുഗത്തില്‍ ചരിച്ചോരുനേരം
കറുപ്പിന്‍റെ ചിത്രം വരച്ചന്നു മര്‍ത്ത്യന്‍.
വടുക്കളായ്മാറിൽ കിടക്കയാണിന്നും
നെറിവൊട്ടുമില്ലാത്ത നീറുന്നകാലം.
കളിച്ചു വളര്‍ന്നവര്‍ കാടിന്റെയുള്ളിൽ,
ഭുജിച്ചീടുവാനായിനായാടിവന്നോർ
പകുത്തന്നമൊന്നിച്ചു പങ്കിട്ടിരുന്നോർ .!
രചിച്ചു, വസിച്ചീടുവാനായ് പുരങ്ങൾ .
നാടോടിയായവര്‍ കാടുകടന്നവര്‍
നാടുംനഗരവും കൂട്ടായ് ചമച്ചവര്‍
നാടിന്നുവിസ്തൃതി കൂട്ടാന്‍ശ്രമിച്ചവര്‍
നാടിന്നതിരുകള്‍തീര്‍ത്തു രസിച്ചവര്‍.
അര്‍ത്ഥത്തിനര്‍ത്ഥം തിരഞ്ഞോരുകാലത്ത്
അദ്ധ്വാനശീലരടിമകളായതും
അക്ഷരപുണ്യങ്ങള്‍ നേടിയെടുത്തവര്‍
സ്വാര്‍ത്ഥരായിത്തീര്‍ന്ന നീറുംപഴങ്കഥ.
കാലത്തുതൊട്ടവന്‍ മാടിനോടൊപ്പവും
കാലിയെപ്പോലെ മടയ്ക്കുന്നു ചേറ്റിലും
അന്നമൊരുക്കുവാന്‍ വിത്തുവിതച്ചവന്‍
പിന്നീടധ:കൃതനായി വിചിത്രമായ്.
വടക്കേപ്പറമ്പില്‍ കുഴികുത്തിമണ്ണില്‍
കടിക്കുന്നപട്ടിക്കുമന്നം വിളമ്പി
അടുത്തുള്ളകുണ്ടില്‍ മടയ്ക്കും മനുഷ്യന്‍
പിടയ്ക്കും വിശപ്പാലതിന്‍ബാക്കി മോന്തീ
വര്‍ണ്ണവെറിയാലലറുന്നകൂട്ടരും
വര്‍ണ്ണങ്ങള്‍ വറ്റിയോരുള്ളാലപരനും
ചേര്‍ന്നുള്ള ലോകമിന്നെത്രഭയാനകം
ചുട്ടെരിച്ചീടുവാന്‍ പായുന്നുകാലവും