രചന : ബിനു. ആർ✍
അക്കരെ പാണന്റെതുടി
കൊട്ടിന്നിടയിൽ
ഇക്കരെ രാജാവിന്റെ
പടിഞ്ഞാറിൻനീരാട്ട്!
കറുത്തകരിമ്പടം കൊണ്ടു
മൂടിയമാനത്ത്
പകർന്നുകലർന്നസിന്ദൂരം
ചലിച്ചനേരത്ത്
വെളിച്ചപ്പാടിൻ തുള്ളുന്ന
വാളുപോൽ വെള്ളി
വിളക്കുകൾമിന്നിയ നേരത്ത്
പ്രഭാകരൻ വെളുവെളുത്ത
ചിത്രപടങ്ങൾമാടിയൊതുക്കി
പടിഞ്ഞാറിന്നോരത്തു
മുങ്ങാൻ പോയ്!
ചിന്തകളെല്ലാം കൊടുമ്പിരി
കൊണ്ടിരിക്കും
ചിന്താശൂന്യമാം മനസ്സിൻ
വരണ്ട തിരുമുറ്റത്ത്
നീളംകൂടിയ പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നു
കാർമുകിൽമാലകൾക്കിടയിൽ
നിന്നുമൊരുമിന്നലൊളിപോലെ.
കുങ്കുമച്ഛവിപടർന്നുനിൽക്കും
മേഘച്ഛായയിൽ
കങ്കണംപോൽവന്നു നീളേ
പടർന്നിറങ്ങുന്നൂ
മഴയിൽ കുളിർന്നതാം
വെള്ളിനിറമോലും ഈറൻ നിലാവ്.. !
പകലിന്നറുതിയായപ്പോ-
ളാണെനിക്ക്
പകലിന്റെ ബാക്കിപത്രം
കണ്ടതുപോൽ
എൻ ജീവിതത്തിൻ സായാഹ്നത്തി-
ലെത്തിയതറിയുന്നത്…
ആകാശത്തുനിന്നും വന്നുചേരും
ചെഞ്ചായമീ
ഭൂമികന്യകയെ വലംചുറ്റവേ
നിന്നിലും എന്നിലുമുള്ള
നിറങ്ങളെല്ലാമപ്പോൾ
അവയിൽ വർണ്ണാഞ്ചിതം തൂകുന്നു!
പകലിൽ പൊന്നുരുക്കിയതിൻശേഷം പകലോനസ്തമനക്കടവിൽ
കുളിക്കാനിറങ്ങി
പൊന്നും അംബരങ്ങളും
അഴിച്ചുവച്ചു
പൊന്നാമ്പൽപ്പുഴയിൽ
തിരുജടയഴിച്ചുലച്ചു!
കരമുകിലിൻജാലകൾ പുഴയിലാകെ
വിടർന്നുപരിലസിക്കവേ,
മുങ്ങിയൊന്നുനിവർന്നപ്പോൾ
പുഴയിലെകുഞ്ഞോളങ്ങൾ
അംബരത്തിൻചെഞ്ചായമെല്ലാം പകർന്നെടുത്തു,
അതുകണ്ടിട്ടെന്നവണം
പകലിൻ പക്ഷികളെല്ലാം
കൂടുതേടിപറന്നേ പോയി
പയ്യാരം പറഞ്ഞു കൊണ്ട്!
മീനവെയിലും ചാഞ്ചാടുന്നൂ
മേഘക്കീറുകളിൽ
മിന്നൽപിണരുകൾ വെട്ടിപ്പിളർക്കുന്നൂ
ചെഞ്ചായം പൂശിയ സന്ധ്യയിൽ
വികൃതമാകുന്നുവേനൽമഴ
തുള്ളിയിട്ടു വെന്തുരുകുന്നു,
പക്ഷികളെല്ലാം പക്ഷങ്ങ-
ളൊതുക്കുന്നതു കാൺകെ,
സൂര്യൻ കാണാമറയത്തു
നിന്നൊളിഞ്ഞുനോക്കുന്നു,
വെൺചാമരം വിടർത്തിയതു പോൽ!