ഈ മടിത്തട്ടിൽ കിടത്തി മുലയൂട്ടി
ഓമനേ, നിന്നെയുറക്കിടുമ്പോൾ,
ഓർമ്മയിലമ്മയ്ക്കു മുന്നിൽ തെളിയുന്നു
കാർമുകിൽ മൂടിയ ഭൂതകാലം.
ചേരിയിലെങ്ങോ ചെളിയിൽ കളഞ്ഞുപോയ്
താരാട്ടു കേൾക്കാത്തൊരെന്റെ ബാല്യം.
പിന്നീടു, കുഞ്ഞേ, പുനർജ്ജനിക്കുന്നിതാ
നിന്നിലൂടെന്റെ ദുരിതപർവ്വം.
കാലിത്തൊഴുത്തു പോലുള്ളോരു കേവലം
നാലുകാലോലപ്പുരയ്ക്കകത്ത്,
എന്നുമമാവാസി പോലൊരു ജീവിതം
മിന്നാമിനുങ്ങിനെ കാത്തിരുന്നു.
എന്നും പകലുകൾ കൂലിപ്പണിക്കായി
വന്നീ വഴികൾ ഞാൻ താണ്ടിടുമ്പോൾ,
കൂട്ടിരിക്കാറുള്ള മുത്തശ്ശി കാവലായ്
വീട്ടിൽ നിൻചാരത്തിരുന്നിടുമ്പോൾ,
കൂറത്തുണിത്തൊട്ടിലിന്നുള്ളിൽ നിൻ ദു:ഖ-
മാറിത്തണുക്കുമെന്നാശിച്ചു ഞാൻ.
താരാട്ടുപാട്ടിന്റെ ഈണം തലോടാത്ത
വേറിട്ട ജന്മമാണിന്നു നീയും.
താരാട്ടു പാടാൻ കഴിയാത്തൊരമ്മ ഞാൻ
പോരാട്ടമാകുമീ ജീവിതത്തിൽ!

മംഗളാനന്ദൻ

By ivayana