ഏതോ സായംസന്ധ്യയിൽ
മഴത്തുള്ളികൾ
നൃത്തം ചവിട്ടവേ
സ്നേഹത്തിൻ പൂക്കൂട
നീട്ടീയണഞ്ഞു നീ.

വാകമരത്തിൻ
തണല്‍പ്പായയില്‍
വാരി വിതറിയ
പരിഭവ പുഷ്പങ്ങൾ
നെഞ്ചോട് ചേർത്തൂപുണരവേ,
സാന്ത്വനത്തെന്നലായ്
നീ തന്ന സൗഹൃദം.

മധുരമൊഴികളാല്‍
തേന്മഴ പെയ്യിച്ച്
മരുഭൂ കുളുർപ്പിക്കും
തെന്നലായ് മാറവേ
വസന്തം നൽകിയ
തളിർനാമ്പുകളാലെൻറെ
കരളിൽ കവിത കുറിച്ചു
നിൻ പുഞ്ചിരി.

ഓര്‍മ്മതന്‍ താരാട്ടിന്നീണമായ്
സ്മൃതി മണ്ഡപങ്ങളിൽ നാളമായ്
മായാതെ നില്‍ക്കുമെൻ
ഹൃദയദളങ്ങളിൽ
തോരാതെ വർഷിച്ച
സൗഹൃദത്തേൻ മഴ

By ivayana