പ്രണയദിനം ആഘോഷിക്കുന്നവർ അതിൻറെ ചരിത്രത്തിലേക്കു ഒന്നു പോകുന്നത് നന്നായിരിക്കും.
റോമാക്കാർ ഫെബ്രുവരി 13 ,14 ,15 തീയതികളിൽ ലുപ്പർകാലിയയുടെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളുടെ പേരുകൾ എഴുതി പുരുഷന്മാർ നറുക്കെടുക്കുകയും അതിൽ ചിലതെങ്കിലും പ്രണയത്തിലേക്കും വിവാഹത്തിലേക്കും ഒക്കെ എത്തി ചേർന്നിരുന്നുവെന്നും ഇതിൻറെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഫാദർ വാലന്റൈനുമായി ബന്ധപ്പെട്ടാണ് പ്രണയദിനം രൂപപെട്ടത് .
റോമിലെ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ആണും പെണ്ണും കാണുകയോ പ്രണയിക്കുകയോ ചെയ്താല്‍ യുദ്ധവീര്യം ചോർന്നു പോകുമെന്നും കൂടാതെ വിവാഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടു. ഇക്കാരണത്താൽ പ്രണയവും സ്‌നേഹവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടിയ കാലത്തു അവര്‍ക്ക് സാന്ത്വനമായി എത്തിയ ഫാദർ വാലന്റൈന്‍ എല്ലാ വിലക്കുകളെയും ലംഖിച്ചു പ്രണയിക്കുന്നവര്‍ക്ക് വിവാഹിതരാകാൻ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.
ഭരണ കൂടത്തെ വെല്ലുവിളിച്ചു രഹസ്യമായി നടത്തിവന്ന വിവാഹങ്ങൾ ഒരു ദിവസം ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു.ഫാദർ വാലന്റൈനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടു .തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യാവാക്കളെല്ലാം സ്‌നേഹവാക്കുകളുമായി ജയിലിൽ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ഈ സമയത്തു ജയിൽ സൂപ്രണ്ടിന്റെ മകളും
അദ്ദേഹത്തെ സന്ദർശിച്ചു.
പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു “ലവ് ഫ്രം യുവര്‍ വാലന്റൈന്”‍. ഇതാണ് ചരിത്രം എന്നിരിക്കെ തികച്ചും ഒരു രക്തസാക്ഷി ദിനമായ വാലന്റൈൻസ് ദിനം വളച്ചൊടിച്ചു കോലാഹലങ്ങൾക്കു വഴിമാറിയത് എങ്ങനെ ?
ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ അങ്ങനെ ഫെബ്രുവരി 7 മുതൽ പാശ്ചാത്യർ ആഘോഷം തുടങ്ങുന്നു.ഈ ദിവസങ്ങളുടെ പേരിൽ തന്നെ ചില വൈരുധ്യങ്ങളും സദാചാര വിരുദ്ധതയും ഉണ്ട്. ആഗോളവത്കരണത്തിന്റെയും പുത്തൻ സാമ്പത്തിക നയങ്ങളുടെയും ഭാഗമായി ഇന്ത്യയിലും ഇത്തരം ആഘോഷങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടായി എന്നത് പറയാതെ വയ്യ .ഇതിലേതൊക്കെ
ദിനങ്ങൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയോടും സംസ്കാരത്തോടും
ചേർന്ന് നിൽക്കുന്നുണ്ടെന്നത് പരിശോധിക്കപ്പെടണം.
ഇന്ത്യയിൽ ദീർഘമാംഗല്യവും ഉത്തമദാമ്പത്യവും ലഭിക്കാൻ ഭക്തർ ശിവപാർവ്വതിമാരെ സങ്കൽപ്പിച്ചു തിരുവാതിര ആഘോഷവും പാതിരാപൂ ചൂടലും ഉമാമഹേശ്വരപൂജയും നടത്താറുണ്ട്. അതിനെല്ലാം ഭക്തിയുടെ നിറവും ഉണ്ട്
ഏതായാലും ഒരു പുരോഹിതൻ തന്റെ നാട്ടിൽ നില നിന്നിരുന്ന മോശമായ പ്രവണതകൾക്ക് എതിരെ അതി ശക്തമായ നിലപാടുകളിലൂടെ രക്തസാക്ഷിത്വം വരിച്ച ഈ ദിനം വാലന്റൈൻ രക്തസാക്ഷി ദിനമായി ആചരിക്കാം .
“ദി കാന്റർബറി ടെയ്ൽസ്”‘ എന്ന ലോക പ്രശസ്ത കൃതിയുടെ രചയിതാവ് “ഇംഗ്ലീഷ് കവിതയുടെ പിതാവ് ” എന്നറിയപ്പെടുന്ന ജെഫ്രി
ചോസർ ആണ് സൈന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിച്ചത്.സാധാരണയായി രഹസ്യമായി പറഞ്ഞിരുന്ന പ്രണയം പരസ്യമായി തന്നെ പറയുന്ന രീതിയുടെ തുടക്കം കൂടിയായിരുന്നു അത്.
പ്രണയത്തിന്റെ വിവിധ ഭാവങ്ങളിൽ ദമ്പതികളുടെ ഇടയിലുള്ള വിശുദ്ധ പ്രണയത്തിനു വേണ്ടി ഈ ദിനം മാത്രമല്ല ഒരുമിച്ചുള്ള കാലത്തൊളം എങ്കിലും എല്ലാ ദിവസവും പ്രണയിക്കണം എന്നാണ്‌ എന്റെ പക്ഷം .അതിനു പ്രത്യേകിച്ചു ദിവസം മാറ്റി വെക്കേണ്ടതില്ല .പിന്നെ വിവാഹത്തിലെത്താത്ത പ്രണയിതാക്കൾ അതു മനസ്സിൽ സൂക്ഷിക്കുന്നതല്ലേ നല്ലത്.നഷ്ട പ്രണയത്തിന്റെ തീഷ്ണമായ ഓർമ്മകൾക്ക് മാധുര്യവും ഗൃഹാതുരത്വവും ഏറെയാണ് .അത് അനശ്വരമായി നിലനിൽക്കട്ടെ. പ്രണയത്തിനു പ്രായവും പരിതഃസ്ഥിതിയും ഒന്നും തടസമില്ലെന്നു പറയുമ്പോഴും ജീവിത യാഥാർഥ്യങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും കുടുംബ ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന പ്രണയങ്ങൾ പലപ്പോഴും ദുരന്തങ്ങളായി മാറുന്നത് വർത്തമാന കാലത്തു പതിവാകുന്നു .

“ചക്രവാക ചുഴിയിലകപ്പെട്ടപോലൊരു
പ്രണയത്തിൽ കുടുങ്ങിയെന്നു
മുൻപ് കേട്ടിരുന്നു.
ഇന്ന് വടിവാളെടുക്കാനായി
ഒരു പ്രണയമെന്നാരോ പറഞ്ഞു “

എന്ന എന്റെ വരികളെ ഉദ്ധരിച്ചു
പറയാം, പ്രണയത്തിനൊടുവിൽ രക്ത
സാക്ഷികളായവർക്ക് ഈ ദിനം
സമർപ്പിക്കണം.അതിൽ ശാരീരികമായും മാനസികമായും തകർന്നു ജീവച്ഛവമായവരും ഉണ്ടെന്ന യാഥാർഥ്യവും നമുക്ക് മുന്പിലുണ്ട് .

ഫാദർ വാലന്റൈന്റെ ഓർമ്മകൾക്ക് മുൻപിൽ നൂറു രക്ത പുഷ്പങ്ങൾ ……

അഫ്സൽ ബഷീർ തൃക്കോമല

By ivayana