രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
പ്രണയത്തേൻമലരേ,നിന്നധരത്തിൽ ഞാനൊരു
മണിമുത്തം നൽകാനങ്ങെത്തിടട്ടേ
മനതാരിലൊരുനൂറുമോഹവുമായ് പറ-
ന്നനുരാഗലോലനായെത്തിടട്ടേ
ഒരുചെറുചാറ്റൽമഴയും നനഞ്ഞുഞാൻ
പരിമളേ,സാമോദമെത്തിടട്ടേ
പുലരിതൻ പൂന്തോപ്പിൽ പുളകിതഗാത്രനായ്
നലമെഴുമോമൽ കിനാക്കളുമായ്
പരിമൃദുരാഗപരാഗരേണുക്കളാർ-
ന്നരിയൊരാ പൂമേനിയൊന്നുപുൽകാൻ
സുരുചിരോൻമാദത്തിൽ മുങ്ങിമുങ്ങിപ്രേമ-
മുരളിയുമൂതി ഞാനെത്തിടട്ടേ
കുളിർമഞ്ഞുതുള്ളിപോലെന്നാത്മ ശിഖരത്തിൻ
തളിരിലത്തുമ്പിൽ നീയിറ്റിനിൽപ്പൂ !
നിരുപമേ,നിൻകരസ്പർശമേറ്റല്ലയോ,
പരിചൊടീലോകം പുലർന്നിടുന്നു!
പ്രണയത്തിനെന്തിത്ര മധുരമെന്നൊരുവേള
പ്രണയിച്ച മാത്രയിലോർത്തുപോയേൻ!
ഹൃദയം ഹൃദയത്തോടിഴുകിച്ചേരുമ്പോഴേ
ഹൃദയത്തിൽ പ്രണയം പ്രതിസ്ഫുരിക്കൂ
പ്രണയിച്ചിടാത്ത മനസ്സുകൾക്കാവുമോ,
പ്രണയത്തിൻ മാധുര്യമോരുവാനായ്!
പ്രണയമേ നീയൊരു പൊന്നുഷസ്സന്ധ്യപോ-
ലുണരുകയല്ലി,യെന്നുള്ളിലെന്നും!