ആഴങ്ങളിലേക്ക്
ഓടിക്കിതച്ച് ചുവട് തെറ്റി
വഴുതി വീഴേക്കാവുന്ന
ഇത്തിരി സ്ഥലത്ത്
ചവിട്ടി നിന്ന്
ലോക ഭൂപടം വരയുന്ന
കഴുകൻ കണ്ണുകൾ
കാലം നിവർത്തിയിട്ട
ആകാശത്തിന്റെ
അതിരുകളിലേക്ക്
പോലും
ചിറകടിച്ചുയർന്ന്
ഗർജ്ജിക്കുന്ന
മഴമേഘങ്ങൾക്കിടയിലൂടെ
ചിറകിനടിയിലൊതുക്കാൻ
വെമ്പുന്ന തല തെറിച്ച
ചിന്തകൾ
നിലച്ചു പോയേക്കാവുന്ന
ചെറു ശ്വാസത്തിനിടയിലൂടെ
പിടഞ്ഞ് കൂവുന്നു .
അളന്ന് തീരാത്തത്ര ഗ്രഹങ്ങൾ
ചുരുളുകൾക്കുള്ളിൽ നിന്നും
നിവരുന്നു .
കൊടുങ്കാറ്റൊന്ന്
ആഞ്ഞു വീശിയാൽ
മഴയൊന്ന് നിലതെറ്റി
പെയ്താൽ
കടലൊന്ന് കരയെ
ആഞ്ഞ് പുണർന്നാൽ
പിടിച്ചു കെട്ടാനാവാത്ത
മഹാമാരികൾക്കിടയിൽ
നമ്മൾ വട്ടപൂജ്യമാവുമ്പോൾ
കറങ്ങി കൊണ്ടിരിക്കുന്ന
ഭൂമി ഇത്തിരിയൊന്ന്
വിറച്ചാൽ മാത്രമേയുള്ളൂവെന്ന്
ഇടയ്ക്കിടെ ബോധമണ്ഡലത്തെ
ചുട്ടുപൊള്ളിക്കാറുണ്ടെങ്കിലും
പ്രപഞ്ചത്തിന് വില പറഞ്ഞ്
ഏകാധിപത്യം പ്രഖ്യാപിച്ച്
നമ്മൾക്കിടയിലേക്ക്
നുഴഞ്ഞ് കയറി
കാലത്തിന്റെ
നെഞ്ച് മാന്തിപൊളിക്കുന്നു
ചില കണ്ണുകൾ …….
” ഇരകൾ “
വെടിമരുന്ന് മലയിറങ്ങി
ചോര പൊതിഞ്ഞ
കറൻസിയുമായ്
അവൻ ഇരുള് തുരന്ന് വരും
കിനാവുകളിൽ മയങ്ങും
വീടും ഉരുകിയൊലിക്കും
അമ്മയും അവന്റെ
ചവിട്ടടികളിലമരും
പെറ്റമ്മയുടെ നെഞ്ച്
പിളർന്ന് രാഷ്ട്രപതാക
ചുരുട്ടി തിരയിലെറിഞ്ഞ്
ചുവന്ന കണ്ണും
കഴുകൻ ചിന്തകളുമായ്
നിലാവെട്ടത്തിൽ
അവനിരിക്കും
അടുത്ത ഇരയെയും കാത്ത്……
” വയൽ “
ഫ്ലാറ്റിന് മുകളിൽ
ഒറ്റക്കാലിൽ തപസ്സ് ചെയ്യും
കൊറ്റി
ആകാശക്കീറുകളിൽ
മഴത്തുള്ളി തിരഞ്ഞു
കൊറ്റിയുടെ കണ്ണിൽ നിന്നും
ഉതിർന്ന തുള്ളികൾ
താഴെ ഇംഗ്ലീഷ് മീഡിയം
വിദ്യാർത്ഥി വരച്ചുകൊണ്ടിരുന്ന
നെൽക്കതിർ ചിത്രത്തിൽ
വീണ് പരന്നു……..

By ivayana