രചന : സതി സുധാകരൻ പൊന്നുരുന്നി .✍
പാതയോരത്തുള്ള ശീമക്കൊന്ന
പറയാതെ അറിയാതെ പൂത്തു നിന്നു.
ചില്ലകൾ തോറും പൂത്തുലഞ്ഞു
വെള്ളക്കല്ലുവച്ച കുഞ്ഞു പൂക്കൾ.
വർണ്ണശലഭങ്ങൾ വിരുന്നു വന്നു
ആമോദമോടെ കിളികളെത്തി.
ഇണയോടു പ്രണയം പങ്കുവച്ച്
ചിറകുകൾ മെല്ലെ കോതി നിന്നു.
പൂക്കളെ താരാട്ടു പാടുവാനായ്
പുഴയോരക്കാറ്റു പതുങ്ങി വന്നു.
കുഞ്ഞിളം കാറ്റെന്റെ കാതിലോതി
ഇത്തിരിപ്പോന്നൊരു കുഞ്ഞുപൂവേ,
ചന്ദത്തിൽ നീയെന്നും സുന്ദരിയാ…
നീയെന്റെ പ്രണയിനിപ്പൂവല്ലയോ
പാറിപ്പറന്നിടാം പാരിടത്തിൽ
വഴിയോരമെല്ലാം പൂവിതറി
തൂവെള്ളച്ചേല വിരിച്ച പോലെ.
വഴിയെ പോകുന്നവർ നോക്കി നിന്നു
എന്നെ,
കൊതിയോടെ കാണുവാൻ വേണ്ടി മാത്രം.
വാരിയെടുത്തെന്നെ ഉമ്മവച്ച്,
മാറോടു ചേർക്കുമെന്നോർത്തു ഞാനും
എന്റെ മോഹങ്ങൾ വെറുതെയായി
കാട്ടു പൂവായതാണെന്റെ കുറ്റം.
മണമില്ല ഗുണമില്ലയെങ്കിലും ഞാൻ
കാണാനഴകുള്ള പൂവല്ലയോ ?
……………………..