ഞങ്ങൾ മക്കളൊക്കെ സ്കൂളിൽ പോയിത്തുടങ്ങി ഒന്ന് ഫ്രീയായപ്പോൾ “തയ്യലറിഞ്ഞാൽ ഒന്നുല്ലേലും കീറിയതൊക്കെ അടിക്കാലോ… ” “ഇവറ്റോൾക്ക് ഷിമ്മീസെങ്കിലും അടിക്കാൻ പഠിച്ചാൽ ആ കാശ് പൊറത്തൊരാൾക്ക് കൊടുക്കണ്ടല്ലോ… ” തുടങ്ങിയ അമ്മമാരുടെ പതിവ് ക്ളീഷേ ഡയലോഗുകൾ എടുത്തു വീശി എന്റമ്മേം തയ്യല് പഠിക്കാൻ പുറപ്പെട്ടു.


അച്ഛൻ ജോലിക്കും ഞങ്ങൾ പഠിക്കാനും പോയാൽ പിറകേ അമ്മയും പുറപ്പെടും. അമ്മയുടെ വീടിനടുത്തുള്ള കന്യാസ്ത്രീമഠത്തിലാണ് അമ്മയുടെ തയ്യൽപഠനം. അങ്കവും കാണാം താളിയും ഒടിക്കാം എന്ന പഴഞ്ചൊല്ല് പോലെ അമ്മ തയ്യൽ ക്ലാസ്സിലും അപ്പൂപ്പന്റെ വീട്ടിലും സ്ഥിരമായി പോയിവരാൻ തുടങ്ങി.
ആദ്യമായി അമ്മ പഠിച്ചത് തുണി മടക്കി തയ്ക്കാൻ ആയിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള തുണിക്കഷ്ണങ്ങൾ അമ്മയുടെ കരവിരുതിൽ നാലരികും തയ്ച്ചു ഭംഗിയാക്കി സ്കൂളിൽ പോകുന്ന ഞങ്ങളുടെ മുഖം തുടയ്ക്കാനും ചോറ് പൊതിയാനുമുള്ള തൂവാലകളായി.

വ്യത്യസ്ത നിറങ്ങളിൽ ഡിസൈനുകളിൽ രൂപം കൊണ്ട ആ തൂവാലകളുമായി ഞങ്ങൾ വിലസിനടന്നു. കുറച്ചു നാളുകൾക്കുള്ളിൽ അമ്മയുടെ തയ്യൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അമ്മ ജട്ടി തയ്ക്കാൻ ആരംഭിക്കുകയും ചെയ്തു. അമ്മയുടെ പരീക്ഷണവസ്തുക്കളായ കാല് കേറാത്തതും, ഇറുകിപ്പിടിച്ചതും, ഇടയ്ക്കിടെ വലിച്ചു കേറ്റേണ്ട വിധത്തിൽ ഊരിപ്പോകുന്നതുമായ കള്ളിയും പുള്ളിയും ഉള്ള പലവിധം ജട്ടികൾ വീട്ടിൽ ഫാഷൻ പരേഡ് തന്നെ നടത്തി. ഒടുവിൽ ഇളം റോസ് നിറമുള്ള ഫ്രില്ലുകൾ തയ്ച്ചു ഭംഗിയാക്കിയ ഒരു ജട്ടി അമ്മ തയ്ച്ചുണ്ടാക്കി അതായിരുന്നു അമ്മ തയ്ച്ചതിൽ ഏറ്റവും പെർഫെക്ട് ജട്ടി.

അമ്മ അതെടുത്തു ഇളയ അനുജത്തിക്ക് ഇട്ട് കൊടുത്തു. അവൾ താറാവമ്മയുടെ പിറകേ പോകുന്ന താറാക്കുഞ്ഞിനെ പോലെ ഫ്രില്ലും കുലുക്കി അമ്മയുടെ പിറകേ കുണുങ്ങി നടന്നു. ഞങ്ങൾ ചേച്ചിമാർ രണ്ടും അസൂയാലുക്കളായി ആ നടത്തം നോക്കിനിന്നു. മുൻപൊരിക്കൽ സർക്കസ് കാണാൻ പോയപ്പോൾ കണ്ട സർക്കസ്‌കാരികളെ ഓർമ്മിപ്പിക്കുന്ന ആ ജട്ടിക്ക് ഞങ്ങൾ സർക്കസ് ജട്ടിയെന്ന് പേരിട്ടു. ആ ജട്ടിക്ക് പിന്നെ വിശ്രമമില്ലാ ദിനങ്ങളായിരുന്നു എന്നുവേണം പറയാൻ. കാരണം ഒരാൾ അതൂരി ഇട്ടാൽ അടുത്ത നിമിഷം അടുത്ത ആൾ അത് പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചിഎടുക്കും പോലെ എടുത്തിടുകയും അതിന്റെ പേരിൽ സ്ഥിരമായി കോലാഹലങ്ങളും സർക്കസ് ജട്ടിയ്ക്കായുള്ള പിടിവലികളും വീട്ടിൽ നടന്നു വരികയും ചെയ്തു.

അടീം ഇടീം കരച്ചിലും അതിന്റെ പാരമ്യത്തിലെത്തുമ്പോ അടുത്ത വീട്ടിലെ ചേച്ചിമാരോ റോഡിൽ കൂടി പോകുന്ന പരിചയക്കാരോ ”ന്തൂട്ടീനാ…. ഈ കുട്ട്യോളിങ്ങനെ കരയണേ… ” എന്ന് വിളിച്ചു ചോദിക്കും അപ്പൊ അമ്മ “അതാ ജട്ടിക്ക് വേണ്ടീട്ടാ…”എന്ന് കൂളായി പറഞ്ഞുകളയും. പതിയേപതിയെ ഞങ്ങളുടെ കരച്ചിൽ കേട്ടാൽ “അതാ ജട്ടിക്ക് വേണ്ടീട്ടാ…” എന്ന് നാട്ടുകാരും പറഞ്ഞു തുടങ്ങി. അങ്ങനെ ഞങ്ങളും സർക്കസ് ജട്ടിയും നാട്ടിൽ പ്രസിദ്ധരായി വിലസി.


അതിനിടയിൽ കുന്നത്തങ്ങാടിയിൽ വെച്ച് ഒരുത്സവകാലത്ത് അലക്കുന്നതിനിടയിൽ തന്റെ നിരന്തരമായ ജോലിഭാരം സഹിക്കാൻ വയ്യാതെ എന്നോണം വെള്ളത്തിലെടുത്തുചാടി ഒഴുകിപ്പോകാൻ നോക്കിയ സർക്കസ് ജട്ടിയോടുള്ള ആത്മാർത്ഥത മൂലം കൂടെ വെള്ളത്തിലേക്കെടുത്തുചാടി വെള്ളം കുടിച്ച് കയ്യുംകാലുമിട്ടടിച്ചു മുങ്ങിചാവാൻ ഒരുങ്ങിയ എന്റെയനിയത്തിയെ കോർമ്പലിൽ കോർത്തെടുത്ത വരാലിനെ എന്നോണം മുടിയിൽ പിടിച്ചു തൂക്കിയെടുത്ത് വല്യമ്മ കരയ്ക്കിട്ടത് കൊണ്ട് മാത്രം ജീവൻ രക്ഷപെട്ടു. ഒത്തിരി ദൂരം നീന്തിച്ചെന്നു സർക്കസ് ജട്ടിയെ തിരികേ എടുത്തുകൊണ്ടു തന്ന് അപ്പേട്ടൻ സഹോദരസ്നേഹത്തിന്റെ മാറ്റ് വീണ്ടും തെളിയിച്ചു.


അങ്ങനെയിരിക്കേ ഒരു ദിവസം ഞങ്ങളുടെ സർക്കസ് ജട്ടിയെ കാണാതായി. ഞങ്ങൾ ഒരുപാട് തിരഞ്ഞിട്ടും അതിനെ കണ്ടുകിട്ടുകയുണ്ടായില്ല. പാട്ട പെറുക്കാൻ എത്തുന്ന തമിഴത്തികളെയും കൂട്ടുകാരെയും നാട്ടുകാരെയും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ഞങ്ങളാ ജട്ടിയെ വല്ലാതെ മിസ് ചെയ്തു. പതിയെപതിയെ സർക്കസ് ജട്ടിയെ ഞങ്ങളും മറന്നുതുടങ്ങിയിരുന്നു. കുറേകാലങ്ങൾക്ക് ശേഷം ഞങ്ങളുടെ ഓടിട്ട വീടിന്റെ മൂലയിൽ നിന്നും അച്ഛൻ കുത്തിയിട്ട എലിക്കൂടിനൊപ്പം എന്റെ ചുവന്ന റിബണുകളും, ഏതാനും തുണിക്കഷണങ്ങളും കൂടെ സർക്കസ് ജട്ടിയും പുറത്ത് ചാടി. ആ കണ്ണീച്ചോരയില്ലാത്ത എലി ചറപറാ വെട്ടിയിയിട്ട സർക്കസ് ജട്ടി കണ്ട് ഞങ്ങളുടെ ഹൃദയം തകർന്നുപോയി. എല്ലാം അടിച്ചുവാരിയെടുത്ത് അമ്മ പറമ്പിൽ കൊണ്ടുപോയി തീയിട്ടു.വല്ലാത്ത ഹൃദയവേദനയോടെ ആറുകണ്ണുകൾ ആ രംഗം നോക്കിനിന്നു നെടുവീർപ്പിട്ടു.

ബിന്ദു ബാലകൃഷ്ണൻ

By ivayana