ജീവിതത്തില്‍ നിന്നും
വിടപറഞ്ഞു പോയവര്‍ക്കു മാത്രം
ഞാന്‍ ക്ഷണക്കത്തയച്ചു !
അവരെ ഞാനിന്നൊരു വിരുന്നിന് വിളിച്ചു !
മരിയ
1
അവളെന്നൊരാളുണ്ടായിരുന്നോ !
ഇവിടെയവള്‍ ജനിച്ച് ജീവിച്ചിരുന്നുവോ !
എനിക്കുറപ്പില്ല.
എന്നിട്ടും ..
ഒരു മഴവെയില്‍ പകലില്‍
ഞാനവളെ കാണാന്‍ പോയിരുന്നു !
2
നഗരത്തില്‍ വണ്ടിയിറങ്ങി
പലരോടും വഴിചോദിച്ച്, ഞാനവളുടെ വീടിന് മുന്നിലെത്തി ! അവളാദ്യമൊന്നമ്പരന്നെങ്കിലും സന്തോഷം മറച്ചുവെച്ചില്ല. ഞങ്ങളാദ്യമായ് പരസ്പരം കണ്ടു. നേരിട്ട് സംസാരിച്ചു.
അവള്‍ ചിരിക്കുമ്പോള്‍ വിരിഞ്ഞ
നുണക്കുഴികളില്‍ ഞാനെന്തോ തിരഞ്ഞുകൊണ്ടവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു.
വാക്കുകള്‍ എണ്ണിയെടുത്തും അളന്ന് മുറിച്ചുമവള്‍ സംസാരിച്ചു, എന്‍റെ മുഖത്തേക്കധികം നോക്കാതെ. ഞാന്‍ വന്നതറിഞ്ഞ് ഞങ്ങളുടെ മറ്റൊരു കൂട്ടുകാരി മരിയയുടെ വീട്ടിലേക്ക് വന്നു. സംസാരിച്ചിരിക്കുമ്പോള്‍ പാട്ടുകാരിയായ കൂട്ടുകാരിയോട് ഞാന്‍ മരിയയ്ക്കേറ്റവും ഇഷ്ടമുള്ള പാട്ടുപാടിത്തരാന്‍ പറഞ്ഞു.
പാട്ട് തീരും വരെ മരിയ എന്‍റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു.
പിന്നേയും മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നു.
ഒരു മഴ പെയ്ത് തോര്‍ന്ന പിന്‍ യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങവെ..
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മടിയേതുമില്ലാതെ അവളത് എന്‍റെ മുന്നില്‍ തന്നെ തുടച്ചുകളഞ്ഞു.
പിന്നെയെന്നോട് പറഞ്ഞു,
”ഇനി നിനക്ക് വഴിയറിയാലോ, എപ്പൊ വേണേലും വരാം!”
ഞാനിറങ്ങി നടന്നു. അവള്‍ക്കായ് നാലു വരികള്‍ മനസ്സില്‍ കുറിച്ചിട്ടതിങ്ങനെ,
വെറുതെ തിരിഞ്ഞു നോക്കി ഞാന്‍
നിന്നു നീ പൂത്ത മരം പോലെ
ഇടയിലിടറിയ കാറ്റിനോടോതി ഞാന്‍
വീണ്ടും വരാം, കാലം കൊതിച്ചെങ്കില്‍ !
വീണ്ടും മഴ പെയ്തു തുടങ്ങി.
3
‘മരിയയുടെ കല്ല്യാണമാണ്,’ കൂട്ടുകാരിയാണ് വിളിച്ചുപറഞ്ഞത്.
‘നീയവളെ വിളിക്കണം’ കൂട്ടുകാരി പറഞ്ഞു.
കല്യാണത്തിന് ക്ഷണിക്കാന്‍ മരിയ എന്നെയല്ലേ വിളിക്കേണ്ടത് ! എന്തോ, അങ്ങനൊരു സംശയം എനിക്ക് തോന്നിയതേയില്ല.
”മരിയാ, നിനക്ക് സുഖല്ലേ ?”
”കല്യാണം എപ്രില്‍ ഇരുപത്തിയൊന്നിന്. കല്ല്യാണത്തിന് മുമ്പ് നീ വരുമോ അതോ കല്യാണത്തിന് വരുമോ ?”
”കല്യാണത്തിന് വരാം.”
”അത് നിന്‍റെയിഷ്ടം പോലെ.”
അവള്‍ ഫോണ്‍ കട്ട് ചെയ്തു.
4
ഏപ്രില്‍ 21 കഴിഞ്ഞു.
കല്യാണം മംഗളമായ് നടന്നിട്ടുണ്ടാവണം. അവളുടെ ജീവിതമല്ലേ, അതെന്നും ഏറ്റവും മികച്ചതാകണം. അവളെന്നും സന്തോഷമോടെ ജീവിക്കണം.
കല്യാണത്തിനോ അതിന് മുമ്പോ ചെല്ലാഞ്ഞതിനെ കുറിച്ചു ചോദിക്കാന്‍
മരിയ പിന്നീട് വിളിച്ചില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കൂട്ടുകാരിയുടെ ഫോണ്‍ വന്നു.
”നിങ്ങള്‍ തമ്മിലെന്തായിരുന്നു?” വര്‍ദ്ധിതമായ ആകാംക്ഷയോടെ അവള്‍ ചോദിച്ചു
”ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു.”
”ഒരിക്കല്‍ പോലും ഒരു വാക്കുകൊണ്ടു പോലും ആരുമതറിഞ്ഞില്ലല്ലോ, അവള്‍ക്കൊപ്പമെന്നുമുണ്ടായിരുന്ന ഞാന്‍ പോലും ! ” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.
”പ്രണയം ഹൃദയങ്ങള്‍ തമ്മിലല്ലേ, അത് സംഭവിക്കുകയും അറിയേണ്ടവര്‍ മാത്രം അറിയുകയും ചെയ്യും.”
”എന്നാലും ഒരു ചെറിയ സൂചന പോലും”, അവളാ സങ്കടത്തെ മറച്ചുവെച്ചില്ല.
”ചിലതങ്ങനെയാണ് കൂട്ടുകാരി,
”മരിയ നിന്നെ കാത്തിരുന്നു. നീ വരില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ. കല്യാണത്തിന്‍റെ ദിവസം രാവിലെ വരെ. ഒരുപക്ഷെ നീ വന്ന് അവളെ കൊണ്ടുപോകുമെന്ന് അവള്‍ പ്രതീക്ഷിച്ചിരിക്കാം.”
” ഉവ്വ്, എനിക്കതറിയാമായിരുന്നു. പക്ഷെ അവളുടെ ജീവിതത്തിനുറപ്പും ഭംഗിയുമുണ്ടാകാന്‍ ഞാന്‍ പോരെന്നുമറിയാം. അവളെ ഞാന്‍ എന്നേക്കാള്‍ സ്നേഹിക്കുന്നുണ്ടെന്ന് പറയാന്‍ എനിക്കങ്ങനെ സാധിച്ചു.”
”അവളൊരിക്കലും മനസ്സിലുള്ളത് പുറത്ത് കാട്ടില്ലല്ലോ. ഇപ്പോഴറിയുന്നു നീയുമങ്ങനെയാണെന്ന്. സഹജമായ നിസ്സംഗതയോടെ എല്ലാറ്റിനും നിന്നുകൊടുക്കകയായിരുന്നു അവള്‍. ഒടുവില്‍ പള്ളിയില്‍ നിന്നും കാറില്‍ കയറും മുമ്പേ ഒരിക്കല്‍ക്കൂടിയെന്നോട് ചോദിച്ചു, നീ വിളിച്ചിരുന്നോ ന്ന്. ഇല്ലെന്ന് പറഞ്ഞപ്പോഴും ഒന്നും മിണ്ടിയില്ല.”
5
അഞ്ചു മാസം കഴിഞ്ഞ് ഒരു സന്ധ്യയില്‍ മരിയ വിളിച്ചു. പരിചിതമല്ലാത്ത നമ്പറില്‍ നിന്നും മൂന്നാമത്തെ കോളില്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു.
”നിനക്കെന്താ ഫോണെടുക്കാന്‍ മടി ?”
”നീയോ ! ഇത് പുതിയ നമ്പറാണല്ലോ. ദുബായില്‍ നിന്നും എപ്പോ വന്നു ?”
”രണ്ടാഴ്ചയായി. നിന്നെയൊരു സന്തോഷമറിയിക്കാനാ വിളിച്ചത്”
മരിയയുടെ ശബ്ദമില്ലാത്ത ചിരി ഞാന്‍ വീണ്ടും കേട്ടു. സന്തോഷമെന്നില്‍ നിറയുന്നത് ഞാനറിഞ്ഞു. എന്നിട്ടുമെന്തിനോ എനിക്കപ്പോള്‍ ദേഷ്യമാണു തോന്നിയത്.
”നാട്ടുനടപ്പനുസരിച്ച് അഞ്ചാം മാസത്തിലെ സന്തോഷം എന്നെ അറിയിക്കാന്‍ നീ വിളിച്ചത് പ്രതികാരമല്ലേ,നിനക്കെന്നോട് ചെയ്യാവുന്ന ഏറ്റവും ക്രൂരമായ പ്രതികാരം” ദേഷ്യമൊരു തമാശ പോലെ ഞാന്‍ ചോദിച്ചു.
”ഞാനെന്ത് ചെയ്താലും പറഞ്ഞാലും
എന്നോട് ദേഷ്യപ്പെടാനും പിണങ്ങാനും എന്‍റെ ഫോണ്‍ കട് ചെയ്യാനുമൊന്നും നിനക്ക് കഴിയില്ല. നീ പിടയ്ക്കാണ്ട് സന്തോഷമുള്ള കാര്യം എന്താ ന്ന് ചോദിക്ക് ”
”ഉം പറയ് ‘
”എനിക്കൊരു ചെറിയ അസുഖം വന്നിട്ടുണ്ട്, ഒരാഴ്ചയേ ആയുള്ളു കണ്‍ഫേമായിട്ട്. ഉടനെ ട്രീറ്റ്മെന്‍റും തുടങ്ങി. നിന്നോട് പറയേണ്ടാ ന്നാ കരുതിയേ,’
”നീയിപ്പോ എവിടെയാ ? അയാള്‍ടെ വീട്ടിലല്ലേ ?”
”അല്ല, ഹോസ്പിറ്റലിലായിരുന്നു. ഇന്ന് ഡിസ്ചാര്‍ജായപ്പോ അങ്ങോട്ട് ചെല്ലേണ്ടെന്ന് അവര്‍ പറയാതെ പറഞ്ഞു. ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നു. വിഷമം തോന്നിയെങ്കിലുും അവര്‍ ചെയ്യുന്നത് ശരിയാണെന്നെനിക്കറിയാം.”
സ്തംഭിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍.
”വീട്ടിലേക്ക് വരുന്നേരം നിന്നെ മാത്രമോര്‍ത്തു. ഇനിയെനിക്ക് മിണ്ടാന്‍.” അവള്‍ പറഞ്ഞു നിര്‍ത്തി.
”എന്തൊക്കെയാ നീ പറേന്നത്, എന്താണസുഖം,? ” ഇടിമിന്നലാകാശം പോലെ മനസ്സ് പ്രകമ്പനം കൊള്ളുന്നു.
അവള്‍ മിണ്ടിയില്ല.
”മരിയാ …
ഞാന്‍ വരട്ടെ നിന്നെ കാണാന്‍ ”
”വേണ്ട. ഞാനിപ്പോ ആണ്‍കുട്ടിയാ,”
അവള്‍ ചിരിച്ചു.
”ഇടയ്ക്ക് ഞാന്‍ നിന്നെ വിളിക്കും. ഞാന്‍ ഫോണ്‍ വെയ്ക്കുംവരെ നീ മിണ്ടണം. അടുത്താഴ്ച ആര്‍സിസിയിലേക്ക് പോകും. ഉള്ള സ്ഥലം വിറ്റിട്ടാണേലും ചികിത്സിക്കും. ഭേദമായാല്‍ നീ വരണം. എനിക്ക് നിന്‍റടുത്തിരിക്കണം.”
രണ്ടു തവണ പിന്നേയും മരിയ എന്നെ വിളിച്ചു. മണിക്കൂറുകളോളം സംസാരിച്ചു, അവള്‍ക്കിഷ്ടമുള്ളതൊക്കേയും.
6
ക്ഷണം സ്വീകരിച്ചവരെല്ലാരും ഇന്നിവിടെ എത്തിയിട്ടുണ്ട്. എന്‍റെ ജീവിതത്തില്‍ നിന്നും മരിച്ചുപോയവരെല്ലാം.
ഞാനവരോട് ഇങ്ങനെ പറഞ്ഞു,
”പ്രീയപ്പെട്ടവരേ, എല്ലാരും വന്നുചേര്‍ന്നതില്‍ അത്യധികം സന്തോഷം, ഒപ്പം നന്ദിയും. ഇപ്പോഴിവിടെയുള്ളവരില്‍ ഞാനൊഴികെയെല്ലാവരും മരിച്ചുപോയവരാണ്.
കടപ്പാടും കണക്കും സൂക്ഷിക്കാത്തവരായ നിങ്ങളെ ഞാന്‍ ക്ഷണിച്ചുവരുത്തിയതിന് കൃത്യമായ കാരണമുണ്ട്.”
മരിച്ചുപോയവര്‍ നിശബ്ദരായ് കാതോര്‍ത്തു.
”ഇവള്‍ മരിയ, എന്‍റെ പെണ്ണ്. ഈ മിന്ന് കെട്ടിന് നിങ്ങളാണ് സാക്ഷികള്‍ !”