രചന : എംപി ശ്രീകുമാർ✍
ഗുരുവായൂർ ഭഗവാൻ്റെ
തിരുനട തുറക്കുന്നു
പൊൻദീപമാലകൾ
പൊൻപ്രഭ തൂകുന്നു
ചന്ദനപരിമളം
ചന്തത്തിലൊഴുകുന്നു
ചന്ദ്രിക ഭഗവാൻ്റെ
ചുണ്ടത്തു തെളിയുന്നു
ചന്ദനഗോപിയ –
ണിഞ്ഞ തിരുനെറ്റി
യമ്പിളി പോലവെ
ശോഭ ചൊരിയുന്നു
പീലിത്തിരുമുടി
ചാഞ്ചക്കമാടുന്നു
പിച്ചക മാലകൾ
പുണ്യം വിതറുന്നു
തുളസിക്കതിർമണം
തീർത്ഥം തളിക്കുന്നു.
കനിവാർന്ന ദേവൻ്റെ
തിരുമുഖം വിളങ്ങുന്നു
കാരുണ്യം തൂകുന്ന
സുസ്മിതം കാണുന്നു
വിശ്വമറിയുന്ന
മിഴികൾ തുറക്കുന്നു
ഗീത പകർന്നയാ
ചൊടികൾ വിടരുന്നു
ചന്തത്തിലാമോദം
തുള്ളിക്കളിക്കുന്നു
കവിത പോലുള്ളത്തിൽ
കതിർമഴ പെയ്യുന്നു
പാലാഴിത്തിര പോലെ
നാമങ്ങളുയരുന്നു
പാർവ്വണത്തിങ്കളായ്
ഭഗവാൻ വിളങ്ങുന്നു !
പ്രണവമുതിരുന്ന
ശംഖൊലി കേൾക്കുന്നു
പ്രണമിക്കും കൈയ്യുകൾ
നെഞ്ചത്തമരുന്നു
പേലവമാരുതൻ
പ്രദക്ഷിണം വയ്ക്കുന്നു
ഓങ്കാരനാദങ്ങൾ
മണികൾ മുഴക്കുന്നു
ഓമനപ്പൈതങ്ങ-
ളോടിക്കളിക്കുന്നു
ചേലുള്ള മേളങ്ങൾ
താളത്തിലുയരുന്നു
ചേതോഹരമായ
കാഴ്ചകൾ തിങ്ങുന്നു
ചേലാർന്ന ദേവൻ്റെ
ചൈതന്യം നിറയുന്നു
ചന്തത്തിലാനകൾ
എഴുന്നള്ളിയെത്തുന്നു
ചാരുനാദസ്വര
നാദമുയരുന്നു
ഭൂലോകവൈകുണ്ഠ
നാഥനെഴുന്നള്ളി
ഭൂതി പകരുന്നു
ഗുരുവായൂരമ്പലം !