രചന : അസ്ക്കർ അരീച്ചോല✍
“പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്
ജൊ മേരി സുലഗ്തി ഹുയി ആംഖ് മെ
ഠണ്ടക് ഭർ ദേ
മൊഹബത് കാ ഇക് പുർതപാക് ലംഹാ
ജൊ മേരി ബേചൈൻ റൂഹ് കൊ
പുർസുകൂൻ കർ ദേ
ബസ് ഇൻഹി ഏക് ദോ ചീസോം കി
മൈനെ ഖരീദാർ ഥി
ഔർ വക്ത് കി ദുകാൻ
ഇൻ ചീസോം സെ ഖാലി ഹൈ”
(“തീയാളും മിഴികളെ തണുപ്പിക്കുന്ന
പ്രണയത്തിന്റെ ഒരു മധുരസ്വപ്നം
ആത്മാവിന്റെ അശാന്തിയെ ശമിപ്പിക്കുന്ന
അടുപ്പത്തിന്റെ ഒരു കറയറ്റ നിമിഷം
ഇങ്ങനെ ഒന്നോ രണ്ടോ വസ്തുക്കൾ
വാങ്ങാനാണ് ഞാൻ വന്നത്
കാലത്തിന്റെ കടയിൽ പക്ഷേ
അവ രണ്ടും ഉണ്ടായിരുന്നില്ല”)
🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
ഓർമ്മയുണ്ടോ…. “!?.
അങ്ങിങ്ങ് തുരുമ്പ് കയറി തുടങ്ങിയ ഒരു പഴയ ക്യൂട്ടിക്യൂറ പൗഡറിന്റെ കുപ്പിയെടുത്ത് കാണിച്ചു തന്നുകൊണ്ട് അവളെന്നെ നോക്കി…”!
ഓ… ഇതോ… ഇതൊക്കെ നീ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ….””!?.
………. അന്ന്.!”
“വാക്ക്” ഏറ്റവും വലിയ സത്യമാണെന്നവൾ എന്നോട് പറഞ്ഞ നിമിഷം… “!
അതായത്….”!
ഇരവഴഞ്ഞിപ്പുഴയും, മെയ്തീനും,കാഞ്ചനമാലയും അനശ്വര പ്രേമത്തിന്റെ അഭൗമമായ തിരക്കഥയാൽ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളായി വെള്ളിത്തിരയിലെ അഭ്രപാളികളിൽ ഇത്രമേൽ മനോഹരമാകുന്നതിനും എത്രയോ മുൻപ്…”!
തോട്ടിലേക്കിറങ്ങി, പാടവും പിന്നിട്ട് മഹാകവിയുടെ ഗേഹത്തിനപ്പുറമുള്ള കുന്നിന്റെ നെറുകിലെ പാറയിലേക്ക് ഇടവഴി കയറി രണ്ട് സ്വപ്നങ്ങൾ ചിറകടിച്ചു പറന്നു…”!
നീയെന്റെ മനസ്സ് കാണുന്നുണ്ടോ…?
പെൺപ്പൂമ്പാറ്റ ആൺപ്പൂമ്പാറ്റയോട് ചോദിച്ചു…”!
തോട്ടിലെ തെളിഞ്ഞ വെള്ളത്തിൽ നീന്തുന്ന കണ്ണാംമ്പൂച്ചുട്ടി….”!
ഞാൻ അവളെ ഒന്ന് നോക്കി…”!
ഹൃദയം പ്രണയസാന്ദ്രം…”!
ഞാൻ എന്നും ഇവിടെയുണ്ടാവും….”!
അവളെന്റെ ഇടതുനെഞ്ചിൽ കൈതലം അമർത്തി വെച്ചു…”!
നീ എന്നുമിങ്ങനെ ചേർന്നിരിക്കില്ലേ എന്റെ കൂടെ….”!
അവൾ സന്ദേഹിയായോ…”!?
ങും….”!
ഞാനവളെ ചേർത്ത് പിടിച്ചു…..”!
വൃന്ദാവനങ്ങൾ പിന്നെയും ഞങ്ങൾക്കായി മാത്രം പൂത്തുലഞ്ഞു…,.”!
കാലമെന്ന മഹാസാഗരത്തിലെ ഈ പ്രണയ നൗകയിൽ ഞാനും,അവളും തനിയെ….”!
വരൂ… പോകാം…”!
തിരിഞ്ഞും, മറിഞ്ഞും നോക്കാതെ കൂടെ ഇറങ്ങി നടക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല വ്യതിയാനങ്ങളുടെ ബീജഗണിത ശാഖിയിൽ നിന്ന് വന്ന നിയതിയായിരുന്നു എന്നെ വിളിച്ചതെന്ന്….”!
എപ്പോഴോ തിരിഞ്ഞു നോക്കുമ്പോൾ…. “!
ഒരിക്കലും തിരിച്ചു ചെല്ലാനാവാത്ത വിധം ഭൂതകാലത്തിന്റെ കമാനവാതിലുകൾ അടഞ്ഞുപോയിരിക്കുന്നു….”!
ചില്ലുവാതിലിനപ്പുറമെന്നോണം കാണെകാണെ പിന്നിട്ട അനന്തപഥത്തിന്റെ വിദൂരതയിൽ അവളൊരു ശിലാശില്പമായി നിശ്ചലമായിരിക്കുന്നു….”!
മിഥ്യകൾ സത്യത്തെ ചുറ്റുന്ന പ്രവർത്തിപദങ്ങളുടെ അർത്ഥരഹിതങ്ങളായ ആവർത്തനങ്ങളുടെ ഭ്രമണങ്ങൾ മാത്രം…”!
കാലം സാന്ത്വനപ്പെടുത്തിയോ…”!!?.
ഗ്രീഷ്മവീഥികളിലൂടെയുള്ള അലച്ചിലിനൊടുവിൽ ഓർത്തിരിക്കാത്ത സമയത്തിന്റെ ഏതോ ഒരു ബിന്ദുവിൽ നിന്ന് അവൾ വീണ്ടുമൊരു ചെമ്പകമായി പുനർജജനിച്ചു….”!
അനശ്വരമായ പ്രണയത്തിന്റെ പ്രതീകം…”!
എന്റെയുള്ളിൽ നിന്നാരോ മന്ത്രിച്ചു….”!
ഋതുമാറ്റം…”!
മന്ദമാരുതൻ ചെറുപുഞ്ചിരിയോടെ ഞങ്ങൾക്ക് ചുറ്റും കുളിർവട്ടം വീശി..”!
സന്ധ്യയുടെ അന്തരീക്ഷത്തിൽ ചെമ്പകപ്പൂവിന്റെ മദാകഗന്ധം….”!
ഒരു പൂവിറുക്കാനായി കൈകൾ നീട്ടിയപ്പോൾ അവളുടെ കരങ്ങൾ എന്റെ കയ്യിൽ പിടിച്ചു….”!
നോക്കൂ…..”!
അവൾ എന്റെ കണ്ണുകളെ ഭൂതകാലത്തിലേക്ക് ക്ഷണിച്ചു…”!
അങ്ങകലെ……”!
അനന്തതയുടെ അങ്ങേ തലക്കൽ രണ്ട് ശില്പങ്ങൾ നൃത്തം വെക്കുന്നു….”!
ഞാനും.. നീയും…”!
ഞാൻ പറഞ്ഞു….”!
അല്ല… അവളെന്നെ തിരുത്തി….”!
നമ്മുടെ ഭൂതകാലങ്ങൾ…”!
സമയവേഗങ്ങളുടെ ഗർഷണപദങ്ങളിൽ ഉരഞ്ഞുരഞ്ഞ് നരച്ച ചിറകുകളിലേക്ക് കാലം വർണ്ണചെപ്പുകൾ കുടഞ്ഞിട്ടു….. “!
കൈത്തണ്ടയിൽ ഞാൻ സ്വയമൊന്ന് നുള്ളിനോക്കി…”!
വേദനിക്കുന്നുവല്ലേ…”!??
മിഥ്യകൾ സത്യത്തെ ചുറ്റുന്ന പ്രവർത്തിപദങ്ങളുടെ അർത്ഥരഹിതങ്ങളായ ആവർത്തനങ്ങളുടെ ഭ്രമണങ്ങൾ മാത്രം…”!
അവളൊന്നു ചിരിച്ചു….”!
ഞാനും…..”!
തിരിഞ്ഞു നോക്കുമ്പോൾ “കാലം” കുറ്റബോധത്താൽ കുനിഞ്ഞുപോയിരിക്കുന്നു….”!
കുന്നിറങ്ങുമ്പോൾ ഒരു പൂച്ചെടിക്കമ്പൊടിച്ച് ഇടവഴിയിലെ ചൊരിമണലിൽ അവളിങ്ങനെ എഴുതി…”!
When you want me
You just close your eyes.
And i will be with you
Only a heart beat away.
Your own Saaj.
🖋️🌹