അന്നത്തെ ദിവസം അമ്മിണിക്കുട്ടിയുടെ ഓർമ്മകളിൽ നിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതായിരുന്നില്ല. അവളന്ന് നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസ്സ് സമയത്തിന് മുൻപ് തന്നെ എന്നും സ്കൂളിലെത്തുന്ന അമ്മിണിക്കുട്ടി അല്പസ്വല്പം വികൃതിയൊക്കെ കാട്ടുമായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആർക്കും ഉപദ്രവമൊന്നും ചെയ്യാത്ത ഒരു കുട്ടിയായിരുന്നു.
അല്പം തടിമിടുക്ക് കൂടുതലുള്ള അവൾക്ക് ബെഞ്ചിൽ നിരന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അവൾ ബെഞ്ചിന്റെ ഒരറ്റത്തിരുന്നിട്ട് അവരെ ബലമായി ഒന്ന് തള്ളിയതും ഓരോരുത്തരായി താഴെ വീണു. അതിലൊരു കുട്ടി താഴെ വെച്ചിരുന്ന ഒരു സ്ലേറ്റിന്റെ പുറത്താണ് ചെന്ന് വീണത്. തമാശയിലും ചിരിയിലും തുടങ്ങിയ കളിയുടെ അന്തരീക്ഷം പെട്ടെന്ന് കാർമേഘം വന്ന് മൂടിയത് പോലെയായി.
അമ്മിണിക്കുട്ടിയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടു. വീണത് ആശാലത എന്ന കുട്ടി ആയിരുന്നെങ്കിലും’
‘അമ്മിണിക്കുട്ടി ചന്ദ്രൻപിള്ളയുടെ സ്റ്റേറ്റ് പൊട്ടിച്ചു ‘
എന്ന പേരുദോഷം അവൾക്കാണു ണ്ടായത്. കാരണക്കാരി അവളാണല്ലോ?.
പരാതിയുമായി ക്ലാസ് ടീച്ചറിന്റെ അടുത്തെത്തിയ ചന്ദ്രൻപിള്ളയോട്, മുജ്ജന്മ വൈരാഗ്യമുള്ളതുപോലെ അമ്മിണിക്കുട്ടിയെ കാര്യത്തിനും അല്ലാതെയും എപ്പോഴും ചീത്ത പറയുന്ന ടീച്ചർ, അമ്മിണിക്കുട്ടിയുടെ വീട്ടിൽ പോയി സ്റ്റേറ്റ് വാങ്ങിത്തരാൻ പറയണമെന്ന് ചന്ദ്രൻപിള്ളയെ ഉപദേശിച്ചു. ഇതുവരെ കഥയുടെ ഒരു ഭാഗം…
അന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ അമ്മിണിക്കുട്ടി, തേങ്ങയിടാൻ വന്ന ശങ്കരപ്പിള്ള രണ്ട് കരിക്ക് അവൾക്കും അനിയനും വേണ്ടി വെട്ടി വെച്ചിരിക്കുന്നതാണ് കണ്ടത്. ആ സമയം അമ്മയും അനിയനും വീട്ടിൽ ഇല്ലായിരുന്നു. സ്കൂളിലെ കാര്യമോർത്തുള്ള മനസ്സിന്റെ സംഘർഷം കൊണ്ടാവും അവൾ ഒരു കരിക്കിന്റെ വെള്ളം മുഴുവനും കുടിച്ചു,. എന്നിട്ടും തീരാത്ത പരവേശം.
പാവം.. മനസ്സിലെ വിഷമം കൊണ്ടായിരുന്നു കേട്ടോ, അനിയനു വേണ്ടി വെച്ചിരുന്ന കരിക്കിന്റെ പകുതി കൂടി വെള്ളം അവൾ കുടിച്ചു പോയി.
( കരിക്കിൻ വെള്ളത്തിന്റെ രുചി കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു ചില കുബുദ്ധികളുടെ പ്രചരണം )
പക്ഷേ അനിയന് മുഴുവൻ കരിക്കിന്റെ വെള്ളവും കൊടുക്കണമല്ലോ. അവളുടെ ബുദ്ധി പ്രവർത്തിച്ചു. പകുതി പച്ചവെള്ളം നിറച്ചുവച്ചു. അല്പം മധുരം കുറയുമെന്നേ പാവം അമ്മിണിക്കുട്ടി ചിന്തിച്ചിട്ടുള്ളായിരുന്നു.
പക്ഷേ കഥ മാറിയത് കുറച്ചു കഴിഞ്ഞ് അവളുടെ അനിയൻ കരിക്കിൻ വെള്ളം എടുത്തു കുടിച്ചപ്പോഴാണ്.
” അമ്മേ ചേച്ചി എന്റെ കരിക്കിന്റെ വെള്ളം കുടിച്ചിട്ട് പച്ചവെള്ളം ഒഴിച്ചു വച്ചിരിക്കുന്നു “
എന്നും പറഞ്ഞു വലിയ വായിൽ അവൻ കരയാൻ തുടങ്ങി. വളരെ കൃത്യമായിട്ട് അമ്മിണിക്കുട്ടിയെ മനസ്സിലാക്കിയിരുന്ന അമ്മയ്ക്ക് കാര്യങ്ങളെല്ലാം പെട്ടെന്ന് വ്യക്തമായി. പിന്നെ പറയേണ്ടല്ലോ ചൂരൽ കൊണ്ട് അമ്മിണിയുടെ ദേഹത്ത് ചെണ്ടമേളം നടത്തി അവളുടെ അമ്മ. നന്നാവാൻ വേണ്ടിയായിരുന്നു കേട്ടോ..?
അടിപ്പൂരം കഴിഞ്ഞ് അമ്മിണിക്കുട്ടി വിശ്രമിച്ചിരിക്കുമ്പോഴാണ്, ഗുരു പറഞ്ഞത് ശിരസാ വഹിച്ച ചന്ദ്രൻപിള്ള സ്ലൈറ്റിന്റെ ഫ്രെയിമിനുള്ളിലൂടെ കയ്യും കടത്തി അവന്റെ അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ചുള്ള വരവ് അവൾ കണ്ടത്. എല്ലാം പെട്ടെന്നായിരുന്നു.. കാര്യങ്ങളെല്ലാം അവൾക്ക് പെട്ടെന്ന് വ്യക്തമായി.
കുറ്റവിചാരണയോ സാക്ഷിവിസ്താരമോ ഒന്നുമില്ലാതെ തന്നെ ചന്ദ്രൻപിള്ളയുടെയും അമ്മയുടെയും വാക്കുകൾ മാത്രം കേട്ട് അവളുടെ അമ്മ അമ്മിണിക്കുട്ടിയെ കുറ്റവാളിയായി മുദ്രകുത്തി. ശിക്ഷയും കൊടുത്തു വാദിയുടെ മുന്നിൽ വച്ചുതന്നെ.
” നീ പിള്ളേരുടെ സ്റ്റേറ്റ് പൊട്ടിക്കും അല്ലേടി? “
എന്ന് ചോദിച്ചിട്ട് ആയിരുന്നു അടി.. ദോഷം പറയരുത് ഇപ്രാവശ്യം എണ്ണം കുറവായിരുന്നു.
അമ്മിണിക്കുട്ടി എന്നും ന്യായത്തിന്റെ ഭാഗത്ത്‌ നിൽക്കുന്നവളായതുകൊണ്ട് തന്നെ സന്തോഷത്തോടെ ആ ശിക്ഷയും സ്വീകരിച്ചു. എങ്കിലും ഒന്നോർത്തുപോയി,
“ഏതെല്ലാം വഴികളിലൂടെയാണ് തന്നെ തേടി അടി എത്തുന്നത് “എന്ന്. 🤔🤔🤔

By ivayana