രചന : രാഗേഷ് ചേറ്റുവ✍
അത്രയും ഒടുവിലായ്
അവൾ എന്നിൽനിന്നും പടിയിറങ്ങിപ്പോവുന്നു
‘തിരി കെടുത്തണോ’ എന്ന
കാറ്റിന്റെ ആരായലിനു
‘അവൾ പടിക്കെട്ട് കടന്നു മായും വരെ
ക്ഷമിക്കൂ’ എന്ന് എന്റെ മൗനം.
‘എന്തെങ്കിലും മറന്നോ?’എന്ന നെൽക്കതിരുകളുടെ
തലയാട്ടലിനു എന്റെ ചാരുകസേരയിലേക്ക്
ഓല തുമ്പു നീട്ടുന്നു.
ഞാൻ ഇവിടെ ബാക്കിയാകുന്നു
നിന്റെയൊടുവിലെ മൗനവും
കിണറ്റിൻ കരയിലെ അലക്കുകല്ലിൽ
ചത്തു കിടക്കുന്നു.
വെയിൽ ഒരു കീറു മാത്രം
നാളെയീ പടിക്കെട്ട് കടന്നു വന്നേക്കാം
നിൻ ഗന്ധമുള്ള കാറ്റും
നിന്റെ പുഞ്ചിരി കടമായി നേടിയ
മുല്ലമൊട്ടുകളും ഈ രാത്രിയോടെ
പടിക്കെട്ടിനിപ്പുറത്തെക്ക് അന്യമാവുന്നു.
ഞാൻ ഈ ചാരുകസേരയിൽ
തുണിയാൽ പൊതിഞ്ഞ
മനസ്സു മാത്രമായി
നീ പോയ വഴിയിലെ
തുമ്പപ്പൂവിനെ മിഴിനിറച്ചിരിക്കും.