രചന : ജയശങ്കരൻ ഓ ടി ✍
മറന്നുവോ സഖീ,
യൊരിക്കൽ നീ തിങ്ങും
കദനവും പേറി
യൊരു പ്രദോഷത്തിൻ
മുഖാവരണത്തിൽ
നിറഞ്ഞകണ്ണുമാ-
യിവൻ്റെ പോക്കുവെയ്ൽ
കടന്നു ചെല്ലാത്ത
മുറിയിൽ വേനലിൽ
വിടർന്ന താമര
യിതളു പോലിളം
ചുവപ്പു വീശിയ
മുഖവുമായ് മെല്ലെ
ക്കടന്നു വന്നതു
മിരുണ്ട നാഴിക
മ ണി യിലെ സൂചി
യിടക്കിടെച്ചത്തും
പിടഞ്ഞുമോടിയും
വിമൂകമായെൻ്റെ
മിഴികളിൽ വന്നു
തറച്ചു നിന്നതും
ഒടുവിൽ നിൻ പദ
ചലനമെൻ ഹൃത്തിൽ
മറവി നൂലുകൾ
കൊരുത്തു മാറാല
പണിയുവാൻ പോലും
മറക്കുമെൻ ഹൃത്തിൽ
പതിച്ചതും പിന്നെ
കിനാവിൽ സുസ്മേര
വദനയായ് നിന്നെ
യിടക്കിടെക്കാണാൻ
വരം കൊതിച്ചതും
തകർന്ന സൂര്യനു
ത്രിസന്ധ്യയിൽ നിണം
പടർന്ന ഗദ്ഗദ
സ്വരങ്ങളായ് വന്നു
നിറഞ്ഞ നീ നാളം
മറഞ്ഞ ദീപമായ്
ഇരുളിലെന്നെയെൻ
ക്ഷണിക മോഹത്തിൻ
തടവിലാക്കുവാൻ
ഒരു വിരഹത്തിൻ
വ്യഥയൊരുക്കുവാ-
നണഞ്ഞതും വിട
പറഞ്ഞു നിൻ നിഴ
ലകന്നതും വീണ്ടും
ദുരന്തഭൂമിയിൽ
പ്രണയത്തിൻ ജന്മ
ദിവസമേ, യാത്ര
പറയുവാൻ മാത്രം
തിരിച്ചു വന്നതും?