രചന : മോഹനൻ താഴത്തേതിൻ അകത്തേത്തറ✍
പാടം ഉഴുതു മറിക്കുന്നതിൻമുമ്പ്
മനസ്സാകെ ഉഴുതു മറിക്കുന്നവൻ
മാനത്തു കാർമേഘമുരുണ്ടു കൂടുവേ
മേലോട്ടുനോക്കി ഇരിക്കുന്നവൻ
പാടത്തു വിത്തുവിതക്കുന്നതിൻ മുമ്പ്
സ്വപ്നങ്ങൾ വാരി വിതക്കുന്നവൻ
പാടം കൊയ്യുന്നതിനുമുമ്പേ കൺമുന്നിൽ
പതിരായ മോഹങ്ങൾ കൊയ്യുന്നവൻ
ജീവിതംമുഴുവനും അരവയർ നിറക്കാതെ
കണ്ണുനീർത്തോണി തുഴയുന്നു കർഷകൻ
എത്രയോ ദുരന്തങ്ങൾ വന്നു ഭവിച്ചീട്ടും
വിത്തമായ് പാടത്തെത്തുമെൻ കർഷകൻ
വയറു നിറക്കുന്നതിനെത്രയോ മുന്നിലായ്
ഒരുപാടുവയറുകൾ നിറയ്ക്കുന്നു കർഷകൻ
കർഷകൻ കണ്ണുനീർ തുള്ളികൾ വീഴ്ത്തുകിൽ
ഈ മണ്ണു പൊറുക്കില്ലെന്നോർക്കുക മാനവാ…